തിരുവനന്തപുരം: സംസ്ഥാന പോലീസ് സേനയുടെ പ്രവർത്തന ശൈലിയിൽ സമഗ്രമായ മാറ്റങ്ങൾ വരുത്തുന്നതിന്റെ ഭാഗമായി പോലീസ് സ്റ്റേഷനുകളുടെ ഭരണഘടനയിൽ സർക്കാർ അഴിച്ചുപണി നടത്തുന്നു. നിലവിൽ നടപ്പിലുള്ള സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്.എച്ച്.ഒ) സംവിധാനത്തിൽ മാറ്റം വരുത്തി, ഭൂരിഭാഗം സ്റ്റേഷനുകളുടെയും ചുമതല സബ് ഇൻസ്പെക്ടർമാർക്ക് (എസ്.ഐ) നൽകാനാണ് തീരുമാനം.
ഇതിനായി പഴയ സർക്കിൾ സംവിധാനം പുനഃസ്ഥാപിക്കും. സംസ്ഥാന പോലീസ് മേധാവി റാവാഡ ചന്ദ്രശേഖർ തയ്യാറാക്കിയ പദ്ധതി റിപ്പോർട്ടിൽ, പ്രതിവർഷം 3000-ലധികം എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്യുന്ന പ്രധാന സ്റ്റേഷനുകളിൽ മാത്രം ഇൻസ്പെക്ടർ റാങ്കിലുള്ള ഉദ്യോഗസ്ഥർ എസ്.എച്ച്.ഒ ആയി തുടരുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ബി, സി ക്ലാസ് സ്റ്റേഷനുകളുടെ ചുമതല എസ്.ഐമാർക്കായിരിക്കും. ഈ പരിഷ്കാരം നടപ്പിലാകുന്നതോടെ പ്രധാന സ്റ്റേഷനുകൾ ഒഴികെയുള്ള മറ്റിടങ്ങളിൽ രണ്ട് സ്റ്റേഷനുകൾക്ക് ഒരു ഇൻസ്പെക്ടർ എന്ന നിലയിലേക്ക് പ്രവർത്തനം മാറും.
ഇതിലൂടെ സേവനത്തിൽ നിന്ന് ഒഴിവാക്കപ്പെടുന്ന ഇൻസ്പെക്ടർമാരെ സൈബർ, പോക്സോ വിഭാഗങ്ങളിൽ നിയമിക്കാനാണ് ആലോചന. നേരത്തെ പിണറായി സർക്കാരിന്റെ കാലത്താണ് 480 സ്റ്റേഷനുകളിൽ എസ്.എച്ച്.ഒ സംവിധാനം നടപ്പിലാക്കിയത്.
പുതിയ സർക്കാർ അധികാരമേറ്റതിന് ശേഷമുള്ള ആഭ്യന്തരവകുപ്പിന്റെ സുപ്രധാന പരിഷ്കാരമാണിത്. പദ്ധതി സംബന്ധിച്ച് ഡിജിപി ഇന്ന് നിയുക്ത ആഭ്യന്തരമന്ത്രിയുമായി ചർച്ച നടത്തും.
കൂടാതെ, ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിനായി 20 കർമ്മ പദ്ധതികൾ അടങ്ങിയ നിർദ്ദേശങ്ങളും റിപ്പോർട്ടിലുണ്ട്. ഇവ സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

