ഛത്തീസ്ഗഡിലെ അംബികാപുർ ഗാന്ധി ചൗക്കിൽ സ്ഥിതി ചെയ്യുന്ന രാജീവ് ഭവൻ എന്ന കോൺഗ്രസ് ജില്ലാ ഓഫീസിൽ തുടർച്ചയായുണ്ടാകുന്ന മോഷണം ഭരണകൂടത്തിന് തലവേദനയാകുന്നു. ഓഫീസിലെ ശുചിമുറികളിൽ നിന്ന് ഏകദേശം ഒരു ലക്ഷം രൂപ വിലമതിക്കുന്ന 72 ടാപ്പുകളാണ് മോഷ്ടാക്കൾ കവർന്നത്.
ഓഫീസിൽ നടക്കുന്ന മൂന്നാമത്തെ മോഷണ സംഭവമാണിതെന്ന് പാർട്ടി നേതൃത്വം അറിയിച്ചു. പ്രവർത്തകർ രാവിലെ ഓഫീസിലെത്തിയപ്പോഴാണ് മോഷണ വിവരം പുറത്തറിയുന്നത്.
അങ്ങേയറ്റം സുരക്ഷാ പരിശോധനകൾ നടക്കാറുള്ള നഗരത്തിലെ വിഐപി മേഖലയിലാണ് ഈ സംഭവം നടന്നതെന്നത് ആശങ്ക വർദ്ധിപ്പിക്കുന്നു. മോഷ്ടാക്കൾ ഓഫീസിനുള്ളിലെ തറയിൽ ‘ഐ ലവ് യു’ എന്ന് എഴുതിവെച്ച ശേഷമാണ് സ്ഥലം വിട്ടത്.
സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ബാലകൃഷ്ണ പഥക്ക് ഓഫീസിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
“ഓഫീസിൽ നടക്കുന്ന മൂന്നാമത്തെ മോഷണ സംഭവമാണിതെന്നും ക്രമസമാധാന നില വഷളായെന്നാണ് മോഷ്ടാക്കളുടെ ആത്മവിശ്വാസം വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പൊലീസിനെയും ഭരണകൂടത്തെയും പരിഹസിക്കുന്ന തരത്തിലാണ് മോഷ്ടാക്കൾ നിലത്ത് എഴുതിവെച്ചതെന്നും ബാലകൃഷ്ണ പഥക്ക് കൂട്ടിച്ചേർത്തു.” മയക്കുമരുന്നിന് അടിമപ്പെട്ടവരോ സാമൂഹ്യവിരുദ്ധരോ ആകാം ഇതിന് പിന്നിലെന്നും അദ്ദേഹം സംശയം പ്രകടിപ്പിച്ചു.
നേതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കോട്വാലി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഓഫീസിൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ചതായും അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

