പഞ്ചാബിലെ ഖൽചിയാനിൽ മകൾ പിതാവിന് നേരെ വെടിയുതിർത്ത സംഭവത്തിൽ ഇരുപത്തിയൊന്നുകാരിയെ പോലീസ് അറസ്റ്റ് ചെയ്തു. സ്നേഹ്ദീപ് കൗർ എന്ന യുവതിയാണ് പിതാവ് പർമിന്ദർ സിങ്ങിന് നേരെ നിറയൊഴിച്ചത്.
മെയ് 14-ന് രാവിലെയാണ് അക്രമം അരങ്ങേറിയത്. ഗുരുതരമായി പരിക്കേറ്റ പർമിന്ദർ സിങ്ങിനെ ഗുരു നാനാക് ദേവ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നിലവിൽ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. അമൃത്സർ റൂറൽ എസ്എസ്പി സുഹൈൽ ഖാസിം മിർ ആണ് സംഭവം സ്ഥിരീകരിച്ചത്.
സംഭവത്തെക്കുറിച്ച് പോലീസ് നൽകുന്ന വിവരങ്ങൾ ഇങ്ങനെ: പിതാവും മകളും തമ്മിൽ നിലനിന്നിരുന്ന വ്യക്തിപരമായ അഭിപ്രായവ്യത്യാസങ്ങളും തർക്കങ്ങളുമാണ് വെടിവെപ്പിൽ കലാശിച്ചത്. യുവതി ജീൻസും ടോപ്പും ധരിക്കുന്നതിനെയും ഉപരിപഠനത്തിനായി വിദേശത്തേക്ക് പോകാനുള്ള തീരുമാനത്തെയും പിതാവ് എതിർത്തിരുന്നു.
ഇതിനെത്തുടർന്നുണ്ടായ തർക്കത്തിനിടെ പ്രകോപിതയായ മകൾ തോക്കെടുത്ത് പിതാവിന് നേരെ വെടിയുതിർക്കുകയായിരുന്നു. പർമിന്ദർ സിങ്ങിന്റെ പുറത്തും തോളിലുമാണ് വെടിയേറ്റത്.
സംഭവസ്ഥലത്ത് നിന്ന് പ്രതി ഉപയോഗിച്ച ലൈസൻസുള്ള റിവോൾവറും നാല് വെടിയുണ്ടകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. വിദേശത്ത് പോകാനുള്ള യുവതിയുടെ തീരുമാനത്തെ ചൊല്ലി വീട്ടിൽ തർക്കങ്ങൾ നടന്നിരുന്നതായി റിപ്പോർട്ടുകൾ ഉണ്ടെങ്കിലും, കുടുംബാംഗങ്ങൾ ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്.
അറസ്റ്റിലായ യുവതിയെ കോടതിയിൽ ഹാജരാക്കുകയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യുകയും ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

