ബെംഗളൂരു സർജാപൂരിന് സമീപമുള്ള മുഗളൂരു തടാകപരിസരത്ത് സ്ത്രീയുടെതെന്ന് സംശയിക്കുന്ന അസ്ഥികൂട ഭാഗങ്ങൾ കണ്ടെത്തി.
കന്നുകാലികളെ മേയ്ക്കുന്നതിനിടെ പ്രദേശവാസികളാണ് അസ്ഥികൂട ഭാഗങ്ങൾ ആദ്യം കണ്ടത്.
തുടർന്ന് ഇവർ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ പൊലീസ് സംഘം തടാകത്തിലും പരിസരത്തുമായി നടത്തിയ തിരച്ചിലിൽ ചിതറിയ നിലയിൽ എല്ലുകളും തലയോട്ടിയും കണ്ടെടുത്തു.
താടിയെല്ല്, മേൽ അവയവങ്ങളുടെ അസ്ഥികൾ, കീറിയ സാരിയുടെ ഭാഗം, ഒരു ചെരുപ്പ് എന്നിവയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. താടിയെല്ല് തലയോട്ടിയിൽ നിന്ന് വേർപെട്ട
നിലയിലാണെന്നും, മുൻനിരയിലെ അഞ്ച് പല്ലുകൾ കാണാനില്ലെന്നും പരിശോധനയിൽ വ്യക്തമായി. ഈ അസ്ഥികൂട
ഭാഗങ്ങൾക്ക് കുറഞ്ഞത് മൂന്നുമാസത്തെ പഴക്കമുണ്ടെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു. വേനൽക്കാലത്ത് ജലനിരപ്പ് താഴ്ന്നതോടെ തടാകത്തിൽ മുൻപ് മുങ്ങിമരിച്ചതാകാമെന്ന് സംശയിക്കുന്ന വ്യക്തിയുടെ അവശിഷ്ടങ്ങൾ പുറത്തുവന്നതാകാമെന്നാണ് പ്രാഥമിക നിഗമനം.
അസ്ഥികൂട ഭാഗങ്ങൾ തെരുവുനായ്ക്കൾ സമീപപ്രദേശങ്ങളിലേക്ക് വലിച്ചിഴച്ചതാകാനും സാധ്യതയുണ്ടെന്ന് പൊലീസ് കരുതുന്നു.
സ്ഥലത്തുനിന്ന് ലഭിച്ച സാരിയുടെ കഷ്ണം അടിസ്ഥാനമാക്കിയാണ് മൃതദേഹം സ്ത്രീയുടേതാണെന്ന നിഗമനത്തിൽ പൊലീസ് എത്തിയത്. ഇവർക്ക് 25നും 35നും ഇടയിൽ പ്രായമുണ്ടാകാമെന്നും ഉദ്യോഗസ്ഥർ വിലയിരുത്തുന്നു.
സംഭവസ്ഥലത്ത് പരിശോധന നടത്തിയ ഫൊറൻസിക് വിദഗ്ധർ അസ്ഥികൂട ഭാഗങ്ങൾ ശേഖരിച്ച് കൂടുതൽ ശാസ്ത്രീയ പരിശോധനകൾക്കായി ഫൊറൻസിക് സയൻസ് ലബോറട്ടറിയിലേക്ക് അയച്ചു.
നിലവിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മരിച്ചയാളെ തിരിച്ചറിയാൻ സാധിച്ചിട്ടില്ലെന്നും മരണകാരണം സംബന്ധിച്ച് വ്യക്തത വന്നിട്ടില്ലെന്നും പൊലീസ് അറിയിച്ചു.
കർണാടകത്തിന് പുറമെ അയൽസംസ്ഥാനങ്ങളായ തമിഴ്നാട്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ നിന്നും കാണാതായ സ്ത്രീകളുടെ വിവരങ്ങൾ പൊലീസ് ശേഖരിച്ചുവരികയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

