സൂപ്പർമാർക്കറ്റിന്റെ ഉടമസ്ഥാവകാശം നൽകാമെന്ന് വിശ്വസിപ്പിച്ച് വിവിധ വ്യക്തികളിൽ നിന്ന് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത യുവാവിനെ എലത്തൂർ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം ഏറനാട് വാഴൂർ ഈസ്റ്റിൽ അമ്പലപ്പുറത്ത് വീട്ടിൽ അശ്വിൻ ദേവ് (34) ആണ് പിടിയിലായത്.
ഇടുക്കിയിൽ നിന്നാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്. അണ്ടിക്കോട് കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന ‘എസ്.ഡി’ എന്ന സൂപ്പർമാർക്കറ്റിന്റെ ഉടമസ്ഥാവകാശം കൈമാറാമെന്ന് വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയത്.
തലക്കുളത്തൂർ മേഖലയിൽ നിന്ന് മാത്രം ഇരുപത് ലക്ഷത്തോളം രൂപ ഇയാൾ പിരിച്ചെടുത്തതായി പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് മൂന്ന് പരാതികളാണ് പോലീസ് സ്റ്റേഷനിൽ ലഭിച്ചിട്ടുള്ളത്.
സൂപ്പർമാർക്കറ്റ് പ്രവർത്തനമാരംഭിച്ച് അധികം വൈകാതെ സ്ഥാപനം പൂട്ടി ഇയാൾ ഒളിവിൽ പോവുകയായിരുന്നു. സമാനമായ രീതിയിൽ അശ്വിൻ മറ്റ് പലയിടങ്ങളിലും തട്ടിപ്പുകൾ നടത്തിയിട്ടുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
എലത്തൂർ ഇൻസ്പെക്ടർ രഞ്ജിത്ത്, എസ്ഐ എൻ.കെ സഹദ്, എഎസ്ഐമാരായ പി.കെ സജിത്ത്, ബൈജു, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ പ്രശാന്ത്, മധുസൂദനൻ എന്നിവരടങ്ങിയ സംഘമാണ് ഇടുക്കിയിൽ എത്തി പ്രതിയെ പിടികൂടിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

