തിരുവനന്തപുരം: യുഡിഎഫ് മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട ചർച്ചകൾ അന്തിമഘട്ടത്തിലേക്ക്.
മുസ്ലിം ലീഗ് യുഡിഎഫിന്റെ ശക്തി സ്രോതസാണെന്നും ലീഗിന്റേത് ഉറച്ച മതേതര നിലപാടാണെന്നും നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, മന്ത്രിസ്ഥാനവുമായി ബന്ധപ്പെട്ട് ഒരു തർക്കവുമില്ലെന്ന് പാണക്കാട് സാദിക്കലി തങ്ങൾ വ്യക്തമാക്കി. “ചില വകുപ്പുകളിൽ മാറ്റം വരും.
ചർച്ചകൾ തുടരുകയാണ്. വിദ്യാഭ്യാസം വിട്ടു നൽകണമെന ആവശ്യം തൻ്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും പാണക്കാട് സാദിക്കലി തങ്ങൾ കൂട്ടിച്ചേര്ത്തു.” വി.ഡി.
സതീശൻ നേതൃത്വം നൽകുന്ന മന്ത്രിസഭയിലെ അംഗങ്ങളെ സംബന്ധിച്ച അനിശ്ചിതത്വം ഉടൻ അവസാനിക്കും. തിരുവനന്തപുരത്ത് ഘടകകക്ഷി നേതാക്കളുമായി കോൺഗ്രസ് നേതൃത്വം നടത്തുന്ന ഉഭയകക്ഷി ചർച്ചകൾ പുരോഗമിക്കുകയാണ്.
ലീഗ് മുന്നോട്ടുവെച്ച അഞ്ച് മന്ത്രിസ്ഥാനങ്ങൾ എന്ന ആവശ്യം പരിഗണിക്കുന്നതിനിടയിലും, നാല് മന്ത്രിസ്ഥാനങ്ങളും ഭരണ പരിഷ്കാര കമ്മീഷൻ അധ്യക്ഷ പദവിയും എന്ന ഫോർമുലയാണ് കോൺഗ്രസ് നേതൃത്വം നിർദ്ദേശിക്കുന്നത്. എന്നാൽ ഈ വിഷയത്തിൽ ലീഗ് നേതൃത്വം കടുപ്പിച്ച നിലപാടിലാണെന്നാണ് സൂചന.
രണ്ട് മന്ത്രിസ്ഥാനങ്ങൾ വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുന്ന കേരള കോൺഗ്രസ് (ജോസഫ്) വിഭാഗത്തെ അനുനയിപ്പിക്കുക എന്നതും കോൺഗ്രസ് നേതൃത്വത്തിന് മുന്നിലുള്ള വെല്ലുവിളിയാണ്. കോൺഗ്രസ് പ്രതിനിധികൾ ആരൊക്കെയായിരിക്കും, രമേശ് ചെന്നിത്തല ആഭ്യന്തര വകുപ്പിലേക്ക് എത്തുമോ തുടങ്ങിയ കാര്യങ്ങളിൽ വരും മണിക്കൂറുകളിൽ വ്യക്തതയുണ്ടാകും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

