തിരുവനന്തപുരം: കേരളത്തിലെ കോൺഗ്രസ് മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട ചർച്ചകളിൽ പങ്കെടുക്കുന്നതിനായി സംസ്ഥാനത്തെത്തിയ എഐസിസി സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ മാധ്യമങ്ങളോട് പ്രതികരിച്ചു.
തനിക്കെതിരെ ഉയരുന്ന വിമർശനങ്ങളോടും പാർട്ടിയിലെ ഗ്രൂപ്പ് സമവാക്യങ്ങളോടുമുള്ള ചോദ്യങ്ങളോട് വൈകാരികമായാണ് അദ്ദേഹം പ്രതികരിച്ചത്. ‘ഒരുപാട് പിച്ചിച്ചീന്തിയില്ലേ, മതിയായില്ലേ, ഇനിയും വേണോ.
ഇനി ബാക്കിയൊന്നും ഇല്ലല്ലോ…’ – വിമാനത്താവളത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു. പാർട്ടി അച്ചടക്കം ഊന്നിപ്പറഞ്ഞ വേണുഗോപാൽ, ഹൈക്കമാൻഡ് തീരുമാനങ്ങൾക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു.
‘ഹൈക്കമാൻഡ് എടുക്കുന്ന തീരുമാനങ്ങൾ ശിരസ്സാവഹിക്കുന്ന പാർട്ടി പ്രവർത്തകനാണു ഞാൻ. കെ.സി പക്ഷം എന്നൊന്നില്ല.
സണ്ണി ജോസഫ് കെപിസിസി പ്രസിഡന്റാണ്, കെ.സി പക്ഷക്കാരനല്ല. രമേശ് ചെന്നിത്തല മന്ത്രിസഭയിലുണ്ടാകുമോ എന്നതടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്തു തീരുമാനിക്കാനുള്ള നല്ല ടീം കേരളത്തിലുണ്ട്.
രമേശുമായി ഫോണിൽ സംസാരിച്ചു. പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കും.
കോൺഗ്രസിന്റെ ഏറ്റവും മികച്ച എംഎൽഎമാരാണു ജയിച്ചുവന്നിരിക്കുന്നത്. മികവും അർഹതയും മാനദണ്ഡങ്ങളും നോക്കി നല്ല മന്ത്രിമാരുണ്ടാകും’– അദ്ദേഹം വ്യക്തമാക്കി.
തിരുവനന്തപുരം വിമാനത്താവളത്തിൽ സണ്ണി ജോസഫ്, കെപിസിസി വർക്കിങ് പ്രസിഡന്റ് പി.സി.വിഷ്ണുനാഥ്, വി.എസ്.ശിവകുമാർ എന്നിവർക്ക് പുറമെ ടി.സിദ്ദിഖ്, എം.ലിജു തുടങ്ങിയ നിയുക്ത എംഎൽഎമാരും പ്രവർത്തകരും ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു. മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളിൽ നടക്കുന്ന ഉന്നതതല ചർച്ചകളിൽ കെ.സി.വേണുഗോപാൽ നേരിട്ട് പങ്കെടുക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

