എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന്റെ കിഴക്കേ കവാടത്തിലുള്ള ജിസിഡിഎ പേ ആൻഡ് പാർക്കിങ് കേന്ദ്രത്തിലെ നിരക്കുകളിൽ വൻ വർധനവ് വരുത്തി. മേയ് ഒന്നു മുതൽ പ്രാബല്യത്തിൽ വന്ന പുതിയ നിരക്കുകൾ യാത്രക്കാർക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്.
നേരത്തെ ഒരു ദിവസത്തേക്ക് 30 രൂപയായിരുന്ന ഇരുചക്ര വാഹനങ്ങളുടെ പാർക്കിങ് ഫീസ് ഇപ്പോൾ 120 രൂപയായാണ് വർധിപ്പിച്ചത്. കാറുകൾക്ക് 90 രൂപയിൽ നിന്ന് 480 രൂപയായും നിരക്ക് ഉയർത്തി.
പുതുക്കിയ നിരക്ക് പ്രകാരം ഇരുചക്ര വാഹനങ്ങൾക്ക് ആദ്യ രണ്ട് മണിക്കൂറിന് 10 രൂപയും തുടർന്നുള്ള ഓരോ മണിക്കൂറിനും 5 രൂപ വീതവുമാണ് ഈടാക്കുന്നത്. കാറുകൾക്ക് ആദ്യ രണ്ട് മണിക്കൂറിന് 40 രൂപയും പിന്നീടുള്ള ഓരോ മണിക്കൂറിന് 20 രൂപ വീതവും നൽകണം.
പാർക്കിങ് കേന്ദ്രത്തിലെ കരാറുകാരെ മാറ്റിയതിന് പിന്നാലെയാണ് നിരക്ക് വർധന നടപ്പിലാക്കിയത്. വാഹനം പാർക്ക് ചെയ്ത് തിരിച്ചെടുക്കുമ്പോഴാണ് പല യാത്രക്കാരും നിരക്കിലെ ഈ കുത്തനെ ഉള്ള മാറ്റം അറിയുന്നത്.
ഇത് ജീവനക്കാരും യാത്രക്കാരും തമ്മിലുള്ള തർക്കങ്ങൾക്ക് ഇടയാക്കുന്നുണ്ട്. ദിവസവും ട്രെയിൻ യാത്ര ചെയ്യുന്നവർക്ക് ഈ തുക താങ്ങാനാവുന്നതിലും അപ്പുറമാണ്.
രാവിലെ മുതൽ വൈകിട്ട് വരെ വാഹനം പാർക്ക് ചെയ്യുന്ന ഒരാൾക്ക് ശരാശരി 70 മുതൽ 80 രൂപ വരെ ദിവസേന നൽകേണ്ടി വരുന്നു. പ്രതിമാസം 20 ദിവസം യാത്ര ചെയ്യുന്നവർക്ക് ഏകദേശം 1400 മുതൽ 1600 രൂപ വരെ പാർക്കിങ് ഇനത്തിൽ മാത്രം ചെലവാക്കേണ്ട
അവസ്ഥയാണുള്ളത്. “ഇത്രയും ഉയർന്ന തുക കൊടുത്തു സ്കൂട്ടർ പാർക്ക് ചെയ്തു ട്രെയിനിനു പോകുന്നതു പ്രായോഗികമല്ലെന്നാണു സ്ഥിരം യാത്രക്കാരിലൊരാൾ പറഞ്ഞത്.” ഉയർന്ന ഫീസ് കാരണം പലരും വാഹനങ്ങൾ ഇവിടെ പാർക്ക് ചെയ്യുന്നത് ഒഴിവാക്കിത്തുടങ്ങി.
ഇതിന്റെ ഫലമായി എസ്എ റോഡിനെയും റെയിൽവേ സ്റ്റേഷനെയും ബന്ധിപ്പിക്കുന്ന കർഷക റോഡിന്റെ ഇരുവശങ്ങളിലും ഇപ്പോൾ ഇരുചക്ര വാഹനങ്ങളുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. നഗരത്തിലെ മറ്റ് വാണിജ്യ പാർക്കിങ് കേന്ദ്രങ്ങളുമായി റെയിൽവേ സ്റ്റേഷൻ പരിസരത്തെ പാർക്കിങ്ങിനെ താരതമ്യം ചെയ്യരുതെന്നും, യാത്രക്കാരുടെ സൗകര്യം കണക്കിലെടുത്ത് അധികൃതർ നടപടി സ്വീകരിക്കണമെന്നുമാണ് യാത്രക്കാരുടെ ആവശ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

