കണ്ണൂർ ജില്ലയിൽ ചെങ്കല്ലിന് നിശ്ചയിച്ചതിലും അധികം വില ഈടാക്കുന്നതായി വ്യാപക പരാതി. ചെങ്കല്ലിന്റെ വിലയിൽ അടുത്തിടെ മൂന്നര രൂപയുടെ വർധനവാണ് സർക്കാർ അംഗീകരിച്ചിരുന്നത്.
എന്നാൽ, നിലവിൽ ഉപഭോക്താക്കൾക്ക് പഴയ വിലയെക്കാൾ 10 രൂപ വരെ അധികം നൽകേണ്ടി വരുന്നതായാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ മാസം തുടക്കത്തിൽ ചെങ്കൽ ക്വാറിയിൽ ഒരു കല്ലിന് എട്ടു രൂപ വീതം വർധിപ്പിച്ചിരുന്നു.
ഇത് നിർമാണ മേഖലയിൽ വലിയ പ്രതിസന്ധി സൃഷ്ടിച്ചതോടെ പ്രതിഷേധങ്ങൾ ഉയർന്നു. തുടർന്ന് തൊഴിൽ വകുപ്പിന്റെയും വിവിധ യുവജന സംഘടനകളുടെയും നേതൃത്വത്തിൽ ക്വാറി ഉടമകളുമായി നടത്തിയ ചർച്ചയിൽ വില വർധന മൂന്നര രൂപയായി കുറയ്ക്കാൻ ധാരണയായി.
ഇതിൽ 2.50 രൂപ ചെങ്കല്ലിനും ഒരു രൂപ ലോഡിങ് കൂലിയുമായിട്ടാണ് നിശ്ചയിച്ചിരുന്നത്. ഈ തീരുമാനപ്രകാരം മൂന്നര രൂപയുടെ അധികഭാരം മാത്രമേ ഉപഭോക്താക്കൾക്ക് ഉണ്ടാകുകയുള്ളൂവെന്ന് കരുതിയിരുന്നെങ്കിലും, വിപണിയിൽ സ്ഥിതി മറിച്ചാണ്.
എന്നാൽ, ഈ ആരോപണം ചെങ്കൽ ഓണേഴ്സ് അസോസിയേഷൻ പൂർണ്ണമായും നിഷേധിച്ചു. ക്വാറിയിലെ വിലയിൽ 3.50 രൂപ മാത്രമാണ് വർധിപ്പിച്ചതെന്നും, ഏഴ് കിലോമീറ്റർ ചുറ്റളവിൽ വിതരണം ചെയ്യുമ്പോൾ ഈ നിരക്ക് മാത്രമേ ഈടാക്കുന്നുള്ളൂവെന്നും അസോസിയേഷൻ ഭാരവാഹികൾ വ്യക്തമാക്കി.
കിലോമീറ്റർ വർധിക്കുന്നതനുസരിച്ച് ഗതാഗതച്ചെലവിലും വ്യത്യാസം വരുന്നുണ്ടെന്നും, അമിത വില ഈടാക്കുന്നതായി പരാതിയുണ്ടെങ്കിൽ പരിശോധിക്കുമെന്നും അവർ അറിയിച്ചു. അതേസമയം, ഇതര സംസ്ഥാന തൊഴിലാളികളുടെ അസാന്നിധ്യം ചെങ്കൽ മേഖലയെ വലിയ തോതിൽ ബാധിച്ചിട്ടുണ്ട്.
അസം, ബിഹാർ, ബംഗാൾ, ജാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികൾ നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താനായി നാട്ടിലേക്ക് മടങ്ങിയത് ഖനന പ്രവർത്തനങ്ങളെ സ്തംഭിപ്പിച്ചു. ഏകദേശം 90 ശതമാനത്തോളം തൊഴിലാളികൾ ഇനിയും തിരിച്ചെത്തിയിട്ടില്ല.
വേനൽ മഴ കൂടി എത്തിയതോടെ ഖനനം പൂർണ്ണമായും തടസ്സപ്പെട്ട അവസ്ഥയിലാണ്.
സീസൺ അവസാനിക്കാറായിട്ടും നിർമാണ സാമഗ്രികൾ ലഭിക്കാത്തത് നിർമാണ മേഖലയെ ആശങ്കയിലാക്കുന്നുണ്ട്. ഈ സാഹചര്യം മുതലെടുത്ത് ഇടനിലക്കാർ കൃത്രിമമായി വില വർധിപ്പിക്കുന്നുണ്ടോ എന്ന സംശയവും ശക്തമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

