തിരുവനന്തപുരത്തെ ഇന്ദിരാഭവനിൽ ഇന്നലെ വൈകിട്ട് പ്രവർത്തകരുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. മുഖ്യമന്ത്രിയെ സംബന്ധിച്ച നിർണായക പ്രഖ്യാപനം ഏതു നിമിഷവും ഉണ്ടാകുമെന്ന സൂചനകളെത്തുടർന്ന് പാർട്ടി ആസ്ഥാനത്തേക്ക് പ്രവർത്തകർ ഒഴുകിയെത്തുകയായിരുന്നു.
എന്നാൽ, പ്രഖ്യാപനം ഇന്നത്തേക്ക് നീട്ടിക്കൊണ്ടുള്ള ഹൈക്കമാൻഡ് നിർദ്ദേശം പുറത്തുവന്നതോടെ പ്രവർത്തകർ നിരാശയോടെ മടങ്ങി. ഇന്ന് മുഖ്യമന്ത്രിയെ നിശ്ചയിക്കുമെന്ന ഹൈക്കമാൻഡിന്റെ ഉറപ്പിലാണ് പ്രവർത്തകർ ഇപ്പോൾ പ്രതീക്ഷയർപ്പിച്ചിരിക്കുന്നത്.
മുഖ്യമന്ത്രി പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ പ്രതികരണം രാവിലെ മുതൽ തന്നെ പാർട്ടി കേന്ദ്രങ്ങളിൽ വലിയ ചർച്ചയായിരുന്നു. രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖർഗെയും ഡൽഹിയിൽ കൂടിക്കാഴ്ച നിശ്ചയിച്ചതോടെ കാര്യങ്ങൾ അന്തിമഘട്ടത്തിലാണെന്ന അഭ്യൂഹങ്ങൾ ശക്തമായി.
എന്നാൽ, മണിക്കൂറുകളോളം കാത്തിരുന്നിട്ടും അന്തിമ പ്രഖ്യാപനം ഉണ്ടായില്ല. പാർട്ടി ആസ്ഥാനത്ത് ഇന്നലെ ഉന്നത നേതാക്കളുടെ സാന്നിധ്യം കുറവായിരുന്നു എന്നത് ശ്രദ്ധേയമാണ്.
ഉച്ചയോടെ എംഎൽഎ ഹോസ്റ്റലിലേക്ക് മടങ്ങിയ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് വൈകിട്ട് ഓഫിസിൽ മടങ്ങിയെത്തിയില്ല. കൂടാതെ, പാർട്ടിയിലെ 63 എംഎൽഎമാരിൽ ആരും തന്നെ ഇന്നലെ പാർട്ടി ആസ്ഥാനത്തുണ്ടായിരുന്നില്ല.
കേരളത്തിലെ മുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കുമെന്ന് ഹൈക്കമാൻഡ് അറിയിച്ചിട്ടുണ്ട്. സംഘടനാ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ, മുതിർന്ന നേതാവ് രമേശ് ചെന്നിത്തല എന്നിവരെ ഹൈക്കമാൻഡിന്റെ ഫോർമുല ബോധ്യപ്പെടുത്തുന്ന നടപടികൾ രാവിലെ പൂർത്തിയാകും.
തുടർന്ന് ഇന്ന് ഉച്ചയ്ക്ക് ഒന്നിന് തിരുവനന്തപുരം ഇന്ദിരാഭവനിൽ കോൺഗ്രസ് നിയമസഭാകക്ഷിയോഗം ചേരും. കഴിഞ്ഞ പത്ത് ദിവസമായി ഡൽഹി കേന്ദ്രീകരിച്ച് നടന്നുവരുന്ന ചർച്ചകളുടെ തുടർച്ചയായിരുന്നു ഇന്നലത്തെ സംഭവവികാസങ്ങളും.
രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖർഗെയുമായി നടത്തിയ മൂന്നാമത്തെ കൂടിക്കാഴ്ചയ്ക്ക് ശേഷം, പാർട്ടി മാധ്യമവിഭാഗത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ജയറാം രമേശിനെ ഖർഗെ വസതിയിലേക്ക് വിളിച്ചുവരുത്തിയത് പ്രഖ്യാപനം ഉടനുണ്ടാകുമെന്ന സൂചന നൽകിയിരുന്നു. എന്നാൽ, ചർച്ചകൾ പൂർത്തിയായെന്നും തീരുമാനം ഇന്നു പ്രഖ്യാപിക്കുമെന്നും ജയറാം രമേശ് പിന്നീട് വ്യക്തമാക്കി.
സോണിയ ഗാന്ധിയുടെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണ് രാഹുലും ഖർഗെയും അന്തിമ തീരുമാനമെടുത്തതെന്നാണ് സൂചന. പ്രിയങ്ക ഗാന്ധിയുടെയും മുതിർന്ന നേതാവ് എ.കെ.ആന്റണിയുടെയും നിലപാടുകളും ഇക്കാര്യത്തിൽ നിർണായകമായി.
കൂടിക്കാഴ്ചയ്ക്ക് മുൻപായി മുൻ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനുമായും യുഡിഎഫ് കൺവീനർ അടൂർ പ്രകാശുമായും രാഹുൽ ഗാന്ധി ഫോണിൽ സംസാരിച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

