മലയാള സിനിമാ താരങ്ങളുടെ സംഘടനയായ ‘അമ്മ’യുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്നും ജോയിന്റ് സെക്രട്ടറി അൻസിബ ഹസൻ രാജിവെച്ചു. അൻസിബയുടെ രാജി സംഘടനയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗീകരിച്ചതായി പ്രസിഡന്റ് ശ്വേത മേനോൻ അറിയിച്ചു.
താരത്തിന്റെ രാജി സംബന്ധിച്ച വിവരങ്ങൾ ശ്വേത മേനോൻ മാധ്യമങ്ങളോട് വിശദീകരിച്ചു: “വ്യക്തിപരമായും തൊഴിൽ പരമായും തിരക്കുകൾ ഉള്ളതിനാൽ ആണ് ‘അമ്മ’യുടെ എക്സിക്യൂട്ടീവ് കമ്മറ്റിയിൽ നിന്ന് അൻസിബ ഹസൻ രാജി വച്ചത്. ഫെബ്രുവരി 21-ന് തന്നെ അൻസിബ രാജി സന്നദ്ധത അറിയിച്ചിരുന്നു.
ഇതൊരു നിസ്വാർത്ഥ സേവനമാണ്. സംഘടനയുടെ മീറ്റിങ്ങുകളിൽ കൃത്യമായി പങ്കെടുക്കാനോ സജീവമായി പ്രവർത്തിക്കാനോ സാധിക്കാത്ത സാഹചര്യത്തിൽ മെമ്പറായി തുടരുന്നത് ശരിയല്ലെന്ന നിലപാടിലായിരുന്നു അൻസിബ.
എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ വച്ച് ഞങ്ങൾ അൻസിബയെ വിളിച്ചു സംസാരിച്ചിരുന്നു. രാജി അംഗീകരിക്കണമെന്ന് അൻസിബ ആവശ്യപ്പെട്ടതോടെ എല്ലാവരും ചേർന്ന് അത് പാസാക്കി.” അതേസമയം, സംഘടനയുടെ ട്രഷറർ ഉണ്ണി ശിവപാലിനെതിരെ ഓഫീസ് ജീവനക്കാരി ഉന്നയിച്ച തൊഴിൽ പീഡന പരാതിയുമായി ബന്ധപ്പെട്ട
വിവാദങ്ങൾക്കിടെയാണ് ഈ രാജി എന്നതും ശ്രദ്ധേയമാണ്. ഉണ്ണി ശിവപാലിന്റെ പെരുമാറ്റത്തെക്കുറിച്ച് പരാതിക്കാരി നേരത്തെ പ്രതികരിച്ചിരുന്നു.
ഈ വിഷയത്തിൽ, പരാതിക്കാരിയെ പിരിച്ചുവിട്ട നടപടി റദ്ദാക്കാനും ഉണ്ണി ശിവപാലിനോട് അവധിയിൽ പോകാൻ നിർദേശിക്കാനും സംഘടന തീരുമാനിച്ചിരുന്നു.
ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ ഉണ്ണി ശിവപാലിനെ പിന്തുണച്ച് സ്വീകരിച്ച നിലപാടിനെതിരെയും പരാതിക്കാരി പരസ്യമായി രംഗത്തെത്തിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

