കേരളത്തിലെ സമകാലിക രാഷ്ട്രീയ സാഹചര്യം വലിയ തോതിൽ അധഃപതിച്ചിട്ടുണ്ടെന്നും, നേതാക്കൾ പൊതുവേദിയിൽ പ്രയോഗിക്കുന്ന ഭാഷയിൽ കൂടുതൽ മാന്യത പുലർത്തേണ്ടതുണ്ടെന്നും മുതിർന്ന സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ അഭിപ്രായപ്പെട്ടു. കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയ നേതാക്കളും അവർ പ്രതിനിധാനം ചെയ്യുന്ന പാർട്ടികളും തമ്മിലുള്ള ബന്ധത്തിൽ വലിയ അകലം വന്നിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. “എങ്ങനെ പെരുമാറണം എന്ന് നേതാക്കൻമാരെ പഠിപ്പിക്കേണ്ട
സമയമായി.” താൻ ഇതുവരെ ഒരു നേതാവിനെതിരെയും മോശമായ വാക്കുപയോഗിച്ചിട്ടില്ലെന്നും ജനാധിപത്യ രീതിയിൽ ഇത്തരം സംസാര ശൈലികൾ ഒട്ടും ഭൂഷണമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. “എന്നാൽ നീ പോടാ, ചെറ്റ, എന്തെടാ എന്നൊക്കെയാണ് ഉയർന്ന നേതാക്കൾ പറയുന്നത്.
ജനങ്ങൾ ഇതെല്ലാം കാണുന്നുണ്ട്” എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. കേരള രാഷ്ട്രീയത്തിലെ ജീർണതകൾ പരിഹരിക്കാൻ ഗൗരവതരമായ ഇടപെടലുകൾ അനിവാര്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
കേരള മുഖ്യമന്ത്രിയെക്കുറിച്ച് പുറത്തുനിന്നുള്ളവർ നടത്തിയ പരാമർശങ്ങൾക്കും അതിനുണ്ടായ മറുപടികൾക്കും അദ്ദേഹം മറുപടി നൽകി. രാഷ്ട്രീയ പ്രവർത്തനം കേവലം ലാഭത്തിന് വേണ്ടിയുള്ളതല്ലെന്നും, സ്ഥാനലബ്ധിക്ക് വേണ്ടി മാത്രം രാഷ്ട്രീയത്തെ കാണുന്നത് അപകടകരമായ പ്രവണതയാണെന്നും പന്ന്യൻ രവീന്ദ്രൻ വ്യക്തമാക്കി.
നിലവിൽ ഏത് പാർട്ടിയിലേക്ക് ചേക്കേറുന്നതിനും മടിയില്ലാത്ത അവസ്ഥയാണുള്ളത്. കഴിഞ്ഞ തിരഞ്ഞെടുപ്പുഫലം വലിയ ഞെട്ടലുണ്ടാക്കിയെന്ന് വ്യക്തമാക്കിയ അദ്ദേഹം, പരാജയത്തിന് വെള്ളാപ്പള്ളി നടേശൻ മാത്രമല്ല, പലരും കാരണക്കാരായിട്ടുണ്ടാകാമെന്നും കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

