മലപ്പുറം വഴിക്കടവ് സ്വദേശിയായ പതിനൊന്നുകാരൻ അമൽ ഷാൻ കാണിച്ച അസാമാന്യ ധീരത തുണയായത് രണ്ട് ജീവനുകൾക്ക്. പുന്നപ്പുഴയിലെ അത്തിക്കുണ്ട് കടവിൽ കുളിക്കാനെത്തിയപ്പോഴാണ് അപകടം സംഭവിച്ചത്.
ബന്ധുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ എട്ടു വയസ്സുകാരൻ ഷെബിൻ ഷാൻ അപ്രതീക്ഷിതമായി പുഴയിലെ കയത്തിൽ അകപ്പെടുകയായിരുന്നു. ഷെബിൻ മുങ്ങിത്താഴുന്നത് കണ്ട് രക്ഷപ്പെടുത്താൻ ശ്രമിച്ച വല്യുപ്പ അബൂബക്കറും ചുഴിയിൽപ്പെട്ട് അപകടാവസ്ഥയിലായി.
ഈ നിർണ്ണായക നിമിഷത്തിൽ ഒട്ടും പതറാതെ പുഴയിലേക്ക് എടുത്തുചാടിയ അമൽ ഷാൻ, ആദ്യം ഷെബിനെയും തുടർന്ന് അബൂബക്കറിനെയും അതിസാഹസികമായി കരക്കെത്തിച്ചു. കരയിലെത്തിച്ച ഉടൻ തന്നെ ഷെബിന്‍ പ്രഥമശുശ്രൂഷ നൽകാനും അമൽ ശ്രദ്ധിച്ചു.
അഞ്ചാം ക്ലാസിലെ പാഠഭാഗത്ത് നിന്ന് പഠിച്ച പ്രഥമശുശ്രൂഷാ രീതികളാണ് ഈ നിര്‍ണ്ണായക ഘട്ടത്തില്‍ തനിക്ക് തുണയായതെന്ന് അമല്‍ ഷാന്‍ പ്രതികരിച്ചു. ജലസേചനത്തിനായി പമ്പ് ഹൗസ് സ്ഥാപിച്ചിരിക്കുന്ന ഈ ഭാഗത്ത് രണ്ടാൾ താഴ്ചയിൽ വെള്ളമുണ്ടായിരുന്നു.
പുന്നപ്പുഴയുടെ ആഴങ്ങളിൽ നിന്ന് കൂട്ടുകാരനെയും വല്യുപ്പയെയും ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന അമലിന്റെ ഇടപെടൽ പ്രദേശവാസികൾക്കിടയിൽ വലിയ പ്രശംസ പിടിച്ചുപറ്റിയിരിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

