ഡൽഹി കൽക്കാജിയിലെ ‘സുമിത് അക്കാദമി’ എന്ന ട്യൂഷൻ സെന്ററിൽ നിന്ന് പുറത്തുവന്ന ഒരു വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വലിയ പ്രതിഷേധത്തിന് വഴിവെച്ചിരിക്കുകയാണ്. സുമിത് സെഗാൾ എന്ന അധ്യാപകൻ വിദ്യാർത്ഥിയെ തറയിലിരുത്തി മർദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.
സംഭവത്തിന്റെ വീഡിയോ വൈറലായതോടെ അധ്യാപകനെതിരെ രൂക്ഷമായ വിമർശനം ഉയർന്നു. തുടർന്ന്, അധ്യാപകനും മർദ്ദനമേറ്റ വിദ്യാർത്ഥിയും സംഭവത്തിൽ വിശദീകരണവുമായി രംഗത്തെത്തി.
പ്രചരിക്കുന്ന വീഡിയോ കേവലം അഭിനയം മാത്രമാണെന്നും, പഴയകാലത്തെ അധ്യാപന രീതികൾ എങ്ങനെയായിരുന്നുവെന്ന് കാണിക്കാൻ വേണ്ടി ചിത്രീകരിച്ചതാണെന്നുമാണ് ഇവരുടെ വാദം. “സുമിത് സാർ വളരെ നല്ല വ്യക്തിയാണ്.
പഴയകാലത്തെ അധ്യാപകരുടെ പെരുമാറ്റം അഭിനയിച്ചു കാണിക്കുകയായിരുന്നു ഞങ്ങൾ. ഇത് വ്യാജ വീഡിയോയാണ്, ആരും വിശ്വസിക്കരുത്” എന്ന് വിദ്യാർത്ഥി വ്യക്തമാക്കി.
“കുട്ടിക്ക് ഒരു പരിക്കും പറ്റിയിട്ടില്ല. എന്റെ വിദ്യാർത്ഥികളെ ഉപദ്രവിക്കാൻ എനിക്ക് കഴിയില്ല.
അവരെല്ലാം സന്തോഷത്തോടെയാണ് ഇവിടെ പഠിക്കുന്നത്” എന്ന് സുമിത് സെഗാൾ കൂട്ടിച്ചേർത്തു. അധ്യാപകനെ പിന്തുണച്ച് കുട്ടിയുടെ പിതാവും വീഡിയോയിൽ സംസാരിക്കുന്നുണ്ട്.
എങ്കിലും, ഈ വിശദീകരണം മുഖവിലയ്ക്കെടുക്കാൻ സോഷ്യൽ മീഡിയ തയ്യാറായിട്ടില്ല. വിദ്യാർത്ഥിയെയും കുടുംബത്തെയും സമ്മർദ്ദത്തിലാക്കിയോ ഭീഷണിപ്പെടുത്തിയോ ആയിരിക്കാം ഇത്തരമൊരു പ്രതികരണം നൽകിപ്പിച്ചതെന്നാണ് ഉയരുന്ന പ്രധാന ആരോപണം.
ഇങ്ങനെയൊരു ദൃശ്യം ചിത്രീകരിച്ചത് വിദ്യാർത്ഥികൾക്കിടയിൽ മാനസികാഘാതം ഉണ്ടാക്കുമെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു. സംഭവത്തിൽ ഡൽഹി പൊലീസിന്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് നിരവധി പേർ സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

