പാലക്കാട്ടെ നിർമാണ മേഖല കടുത്ത പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നു. വോട്ടർപട്ടിക പരിഷ്കരണവും വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് സാഹചര്യങ്ങളും മൂലം അതിഥിത്തൊഴിലാളികൾ കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങിയതാണ് മേഖലയിൽ തിരിച്ചടിയായത്.
ഇഷ്ടിക, സിമന്റ് കട്ട നിർമാണ യൂണിറ്റുകളെയാണ് ഈ പ്രതിസന്ധി രൂക്ഷമായി ബാധിച്ചിരിക്കുന്നത്.
അസം, ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ വോട്ട് രേഖപ്പെടുത്തുന്നതിനായി വലിയൊരു വിഭാഗം തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങിയിരുന്നു. വോട്ടർപട്ടികയിൽ നിന്ന് പേര് നീക്കം ചെയ്യപ്പെടുമെന്ന ആശങ്ക നിലനിന്നതോടെ മാർച്ച് മാസത്തോടെ മിക്കവരും ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങി.
ഡിസംബർ മുതൽ ഏപ്രിൽ വരെ നീളുന്ന നിർമാണ സീസണിൽ തൊഴിലാളികളുടെ അഭാവം ഉൽപ്പാദനത്തെ ഗണ്യമായി കുറച്ചു. മുൻകാലങ്ങളിൽ വർഷം 12 ലക്ഷം വരെ ഇഷ്ടിക നിർമിച്ചിരുന്ന പല യൂണിറ്റുകളിലും ഇത്തവണ ഉൽപ്പാദനം 3– 4 ലക്ഷമായി ചുരുങ്ങി.
തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും വളരെ കുറച്ചുപേർ മാത്രമാണ് തിരികെ ജോലിയിൽ പ്രവേശിക്കാൻ സന്നദ്ധത അറിയിച്ചിട്ടുള്ളത്. കൊല്ലങ്കോട്ട് 30 പേർ വരെ ജോലി ചെയ്തിരുന്ന യൂണിറ്റുകളിൽ ഇപ്പോൾ പണിക്കാർ ആരും ഇല്ലാത്ത സാഹചര്യമാണുള്ളത്.
ഇതുമൂലം നിർമാണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കേണ്ടി വന്നതായി 30 വർഷമായി ഈ രംഗത്തുള്ള കെ.സുരേഷ് വ്യക്തമാക്കി. പാലക്കാട് ജില്ലയിൽ നിന്നു മാത്രം ആയിരത്തോളം തൊഴിലാളികൾ സ്വന്തം നാടുകളിലേക്ക് മടങ്ങിയതായാണ് റിപ്പോർട്ട്.
ഇതിനൊപ്പം വാണിജ്യ ഗ്യാസ് സിലിണ്ടറുകളുടെ ക്ഷാമം വിറകിന്റെ വിലവർധനയ്ക്കും വഴിവെച്ചു. ടണ്ണിന് ആയിരം രൂപയുടെ വർധനയുണ്ടായതോടെ വിറകിന്റെ വില 4000 രൂപയായി ഉയർന്നു.
പലയിടത്തും ആവശ്യത്തിന് വിറക് ലഭ്യമല്ലാത്തതും പ്രതിസന്ധി വർധിപ്പിക്കുന്നു. നിർമാണച്ചെലവ് ക്രമാതീതമായി ഉയർന്നതോടെ, മുൻകൂട്ടി കരാർ ഉറപ്പിച്ച നിർമാണ പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിയില്ലെന്ന ആശങ്കയിലാണ് കരാറുകാർ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

