വിദേശയാത്രകൾ നിയന്ത്രിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവന ടൂറിസം മേഖലയിൽ പ്രതിസന്ധികൾക്കൊപ്പം പുതിയ അവസരങ്ങളും സൃഷ്ടിക്കുമെന്ന വിലയിരുത്തലിൽ ടൂറിസം രംഗം. വിദേശ ടൂർ പാക്കേജുകൾ റദ്ദാക്കി കൂടുതൽ പേർ ഇന്ത്യയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് തിരിയുമെന്നാണ് കരുതപ്പെടുന്നത്.
ഇത് കേരളം പോലുള്ള സംസ്ഥാനങ്ങളിലേക്ക് ആഭ്യന്തര സഞ്ചാരികളുടെ ഒഴുക്ക് വർധിപ്പിക്കാൻ കാരണമാകും. യുഎസ് – ഇറാൻ യുദ്ധത്തോടെ ടൂറിസം മേഖല നേരിട്ട
പ്രതിസന്ധികളെ മറികടക്കാൻ ഈ തീരുമാനം സഹായിക്കുമെന്നാണ് മേഖലയിലെ വിദഗ്ധരുടെ അഭിപ്രായം. യുഎസ് – ഇറാൻ യുദ്ധത്തെ തുടർന്ന് ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളറിന് മുകളിലേക്ക് ഉയർന്നതോടെ വിമാന ടിക്കറ്റ് നിരക്ക് കുത്തനെ വർധിച്ചിരുന്നു.
ഇത് കേരള ടൂറിസത്തിന്റെ നട്ടെല്ലായ വിദേശ വിനോദസഞ്ചാരികളുടെ വരവിനെ കാര്യമായി ബാധിച്ചു. സംസ്ഥാനത്തെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ വിദേശികളുടെ വരവിൽ 60-70 ശതമാനം വരെ കുറവുണ്ടായിട്ടുണ്ട്.
ആയുർവേദ കേന്ദ്രങ്ങളിലും റിസോർട്ടുകളിലും ബുക്കിങ് 25 ശതമാനം ഇടിഞ്ഞു. എന്നിരുന്നാലും, പ്രാദേശിക ടൂറിസം ഭേദപ്പെട്ട
രീതിയിൽ മുന്നോട്ടുപോകുന്നുണ്ട്. പ്രധാനമന്ത്രിയുടെ ആഹ്വാനം പ്രാദേശിക ടൂറിസത്തിന് കൂടുതൽ കരുത്ത് പകരുമെന്നാണ് കണക്കുകൂട്ടൽ.
**കേരള ടൂറിസത്തിന് നേട്ടം** പ്രധാനമന്ത്രിയുടെ ആഹ്വാനം കേരള ടൂറിസത്തിന് ഗുണം ചെയ്യുമെന്ന് കേരള ട്രാവൽ മാർട്ട് പ്രസിഡന്റ് ജോസ് പ്രദീപ് പറഞ്ഞു. “കേരളത്തിലെ ആഭ്യന്തര ടൂറിസം വർധിക്കും.
മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് കൂടുതൽ സഞ്ചാരികൾ എത്തും. മലയാളികൾ കേരളത്തിനകത്ത് നടത്തുന്ന യാത്രകളും കൂടും.
വർക്ക് ഫ്രം ഹോം പ്രോൽസാഹിപ്പിക്കണമെന്ന ആഹ്വാനവും ഗുണം ചെയ്യും. കോവിഡ് സമയത്ത് കോർപറേറ്റ് കമ്പനികളിൽ ജോലി ചെയ്യുന്നവർ റിമോട്ട് വർക്കിനായി വയനാട്ടിലും മറ്റും മാസങ്ങളോളം താമസിച്ചിട്ടുണ്ട്.
ഇത് ഇത്തവണയും ആവർത്തിക്കുെമന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.” എന്നാൽ, ചില നിയന്ത്രണങ്ങൾ ‘മൈസ്’ (മീറ്റിങ്സ്, ഇൻസെന്റീവ്സ്, കോൺഫറൻസസ്, എക്സിബിഷൻസ്) ടൂറിസത്തിന് തിരിച്ചടിയായേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. **വരുമാന നഷ്ടം 30 ശതമാനം വരെ** പശ്ചിമേഷ്യയിലെ പ്രതിസന്ധി രൂക്ഷമായതോടെ ടൂറിസം കമ്പനികൾക്ക് മുൻവർഷത്തേക്കാൾ 25-30 ശതമാനം വരെ വരുമാന നഷ്ടമുണ്ടായിട്ടുണ്ടെന്ന് ടൂർ ഓപറേറ്ററിഗ് കമ്പനിയായ ഡെസ്റ്റിനേഷൻ ക്യാപ്ചേഴ്സ് മാേനജിങ് പാർട്ണർ എം.സുജിത് കുമാർ പറഞ്ഞു.
“ഫോറിൻ ട്രിപ്പുകൾ ബുക്ക് ചെയ്ത 13 ഗ്രൂപ്പുകൾ ഇതിനോടകം യാത്ര റദ്ദാക്കി. പ്രതിസന്ധി എന്നുതീരുമെന്നത് അറിയാത്തതു മൂലം ഓണം, ക്രിസ്മസ് ട്രിപ്പുകൾ ആസൂത്രണം ചെയ്യാനും തടസമുണ്ട്.
എന്നാൽ മലേഷ്യ, തായ്ലൻഡ്, സിംഗപ്പൂർ തുടങ്ങിയ കേന്ദ്രങ്ങളിലേക്ക് ബുക്കിങ് കൂടിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ പ്രസ്താവന വിദേശയാത്രകളുടെ ബുക്കിങ് കുറയ്ക്കുമെങ്കിലും പ്രാദേശിക ടൂറിസം വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇത് കണക്കിലെടുത്ത് വിദേശ ടൂർ പാക്കേജുകൾ റീബ്രാൻഡ് ചെയ്ത് ആൻഡമാൻ, ലക്ഷദ്വീപ് പോലുള്ള ‘അൺഎക്സ്പ്ലോർഡ്’ കേന്ദ്രങ്ങളിലേക്ക് കൂടുതൽ തിരിച്ചുവിടാനുള്ള തയാറെടുപ്പിലാണ് ടൂറിസം മേഖലയെന്നും അദ്ദേഹം പറഞ്ഞു.”
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

