അന്താരാഷ്ട്ര ചലച്ചിത്ര വിപണിയായ മാർഷേ ദു ഫിലിമിൽ (Marché du Film) ആദ്യമായി സാന്നിധ്യം അറിയിച്ച് ന്യൂട്ടൻ സിനിമ. ന്യൂട്ടൻ സിനിമ നിർമ്മിച്ച് സെമ്മലർ അന്നം സംവിധാനം ചെയ്ത ‘മയിലാ’യുടെ പ്രത്യേക സ്ക്രീനിംഗ് മെയ് 12ന് കാനിലെ ലെറിന് സിനിമ ക്ലബ്ബിൽ (LérinsCinéma Club) നടക്കും.
മലയാളം, തമിഴ്, ഹിന്ദി, ഇംഗ്ലീഷ്, ഫ്രഞ്ച്, ജർമ്മൻ ഭാഷകളിലായി സ്വതന്ത്ര ചലച്ചിത്ര ശൈലിയും കലാത്മക ധൈര്യവും ആഗോള പ്രസക്തിയും കൈവരിക്കുന്ന സിനിമകളിലൂടെ ന്യൂട്ടൻ സിനിമ അന്താരാഷ്ട്ര ശ്രദ്ധ നേടുകയാണ്. സംവിധായകരുടെ വ്യക്തിമുദ്ര പതിഞ്ഞ സിനിമകളുടെ ശക്തമായ നിരയുമായി കാൻ മാർഷേ ദു ഫിലിമിൽ അരങ്ങേറ്റം കുറിക്കുന്ന ന്യൂട്ടൻ സിനിമയുടെ ബൂത്ത് പലേ (Palais) -1, 27.03 ലാണ് സജ്ജീകരിച്ചിരിക്കുന്നത്.
ഇതോടൊപ്പം, സലിം അഹമ്മദിന്റെ അഞ്ചാമത്തെ സംവിധാന ചിത്രമായ ‘ലെഫ്റ്റോവർ’ ന്യൂട്ടൻ സിനിമ പ്രഖ്യാപിച്ചു. അർജുൻ രാധാകൃഷ്ണൻ, സറിൻ ഷിഹാബ്, തൻമയ് ധനനിയ, ശ്വേത ബസു പ്രസാദ്, റോഷൻ മാത്യു എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
സലിം അഹമ്മദും പി.വി. ഷാജികുമാറും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്.
ശരൺ വേലായുധൻ ഛായാഗ്രഹണവും എ.ശ്രീകർ പ്രസാദ് എഡിറ്റിംഗും നിർവഹിക്കുന്നു. ക്രിസ്റ്റോ സേവ്യർ സംഗീതം നൽകുന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈൻ ആഷിക് എസ്, സൗണ്ട് ഡിസൈൻ വിഷ്ണു ഗോവിന്ദ്, കോസ്റ്റ്യൂം ഡിസൈൻ ഗായത്രി കിഷോർ, മേക്കപ്പ് സലാം എന്നിവരാണ്.
ചിത്രത്തെക്കുറിച്ച് സംവിധായകൻ സലിം അഹമ്മദ് പറഞ്ഞത് ഇങ്ങനെ: “ലെഫ്റ്റോവർ നിശബ്ദത, ഓർമ്മ, ധാർമികമായ പ്രാധാന്യം എന്നിവയിൽ നിന്നുമാണ് രൂപം കൊണ്ടത്. അതിശയോക്തികളില്ലാതെ വേദനയെ അവതരിപ്പിക്കുന്ന, വിശദീകരണം ആവശ്യമില്ലാത്ത മാന്യതയെ നിലനിർത്തുന്നതുമായ ഈ ചിത്രം അതിർത്തികൾക്കപ്പുറം മനുഷ്യരെ ബന്ധിപ്പിക്കുന്ന ഒരു പൊതുവായ അനുഭവത്തെക്കുറിച്ചാണ് സംസാരിക്കുന്നത്.
ന്യൂട്ടൻ സിനിമയിലൂടെ ഈ ചിത്രം അന്താരാഷ്ട്ര ചലച്ചിത്രലോകത്തിന് മുന്നിലെത്തിക്കാൻ കഴിയുന്നതിൽ ഞാൻ അതിയായ സന്തോഷവാനാണ്.” റോട്ടർഡാം, ടൗളൂസ് ചലച്ചിത്രമേളകളിൽ പ്രദർശിപ്പിക്കുകയും ടൗളൂസിൽ ഓഡിയൻസ് അവാർഡ് കരസ്ഥമാക്കുകയും ചെയ്ത ‘മയിലാ’ ഉൾപ്പെടെയുള്ള ചിത്രങ്ങളുടെ ലോക പ്രീമിയർ പ്ലാനുകൾ വരും ആഴ്ചകളിൽ പ്രഖ്യാപിക്കും. പ്രസന്ന വിത്താനഗെ സംവിധാനം ചെയ്യുന്ന ‘ദി ഗാംബ്ലർ’, സലിം അഹമ്മദ് സംവിധാനം ചെയ്യുന്ന ‘ദ സോർബോൺ കോൺസ്പിറസി’, നിതിൻ ലൂക്കോസിന്റെ ‘ദ വൈൽഡ് ഹണ്ട്’ എന്നിവയും ന്യൂട്ടൻ സിനിമയുടെ കാൻ മാർക്കറ്റ് പട്ടികയിലുണ്ട്.
ചിത്രങ്ങളുടെ വിതരണത്തിനായി അന്താരാഷ്ട്ര വിൽപ്പന പ്രതിനിധികളുമായും ഇന്ത്യൻ വിതരണ പങ്കാളികളുമായും അന്തിമ ചർച്ചകൾ പുരോഗമിക്കുകയാണ്. ന്യൂട്ടൻ സിനിമയുടെ സ്ഥാപകനും സിഇഒയുമായ ആന്റോ ചിറ്റിലപ്പിള്ളി വ്യക്തമാക്കിയത് ഇങ്ങനെ: “സ്വന്തമായൊരു ചലച്ചിത്രഭാഷയും സാമൂഹിക ബോധവുമുള്ള സംവിധായകർക്ക് ഒരിടമൊരുക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം.
ലെഫ്റ്റോവർ, മയിലാ, കൂടാതെ വരാനിരിക്കുന്ന സിനിമകളിലൂടെ സ്വതന്ത്ര സിനിമാ പ്രവർത്തകരോടൊപ്പം നിൽക്കാനും, ബുദ്ധിമുട്ടുള്ള എന്നാൽ പറയേണ്ടതുമായ വിഷയങ്ങളുള്ള കഥകൾ സംരക്ഷിക്കാനും, കേൾക്കാതെ പോകുന്ന ശബ്ദങ്ങളെ ലോക സിനിമയുടെ വേദിയിലേക്ക് കൊണ്ടുവരാനും ഞങ്ങൾ ആഗ്രഹിക്കുന്നു.” ലോസ് ഏഞ്ചൽസ്, സാൻ ഫ്രാൻസിസ്കോ, ബോസ്റ്റൺ, കൊളംബോ, കൊച്ചി എന്നിവിടങ്ങളിൽ ഓഫീസുകളുള്ള ന്യൂട്ടൻ സിനിമ, സ്വതന്ത്ര ചലച്ചിത്ര നിർമ്മാതാക്കൾക്കും പ്രാതിനിധ്യം കുറഞ്ഞ ശബ്ദങ്ങൾക്കും ആഗോള വേദി ഒരുക്കുന്നതിൽ ശ്രദ്ധേയമായി മാറുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

