ചെന്നൈ: തമിഴ്നാട്ടിലെ പ്രശസ്ത ജ്യോതിഷിയും തമിഴക വെട്രി കഴകം (ടിവികെ) വക്താവുമായ റിക്കി രാധൻ പണ്ഡിറ്റിനെ മുഖ്യമന്ത്രിയുടെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി (OSD) ആയി നിയമിച്ചുകൊണ്ട് സർക്കാർ ഉത്തരവ് പുറത്തിറങ്ങി. പ്രിൻസിപ്പൽ സെക്രട്ടറി റീത്ത ഹരീഷ് തക്കർ ഒപ്പിട്ട
ഉത്തരവിലൂടെയാണ് നിയമനം സ്ഥിരീകരിച്ചത്. ചുമതലയേൽക്കുന്ന തീയതി മുതൽ നിയമനം പ്രാബല്യത്തിൽ വരും.
ഇതുസംബന്ധിച്ച നിബന്ധനകളും വ്യവസ്ഥകളും പ്രത്യേകം പുറപ്പെടുവിക്കുമെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. നടൻ വിജയുടെ പേഴ്സണൽ ജ്യോതിഷിയാണ് റിക്കി രാധൻ പണ്ഡിറ്റ്.
2026-ലെ തെരഞ്ഞെടുപ്പിൽ വിജയ്ക്കും ടിവികെക്കും മികച്ച വിജയം ഉണ്ടാകുമെന്ന് റിക്കി രാധൻ പണ്ഡിറ്റ് നേരത്തെ പ്രവചിച്ചിരുന്നു. വിജയത്തിന് പിന്നാലെ റിക്കി രാധൻ പണ്ഡിറ്റ് വീട്ടിലെത്തി വിജയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
മുമ്പ് ടിവികെ വക്താക്കൾ മാധ്യമങ്ങളെ കാണുമ്പോഴെല്ലാം റിക്കി രാധൻ പണ്ഡിറ്റും കൂടെ ഉണ്ടാവാറുണ്ടായിരുന്നു. ജ്യോതിഷവും രാഷ്ട്രീയവും ഇടകലർത്തിയുള്ള രാധൻ പണ്ഡിറ്റിന്റെ പ്രസ്താവനകളും പ്രവചനങ്ങളും വലിയ മാധ്യമ ശ്രദ്ധ നേടിയിരുന്നു.
**ആരാണ് റിക്കി രാധൻ പണ്ഡിറ്റ്?** വേദ ജ്യോതിഷം, സംഖ്യാശാസ്ത്രം, ധ്യാനം അടിസ്ഥാനമാക്കിയുള്ള മാർഗ്ഗനിർദ്ദേശം എന്നിവയിൽ ഏകദേശം നാല് പതിറ്റാണ്ടിന്റെ പരിചയമുള്ള വ്യക്തിയാണ് ഇദ്ദേഹം. ബിജെപി, കോൺഗ്രസ്, ഡിഎംകെ, എഐഎഡിഎംകെ എന്നിങ്ങനെ നിരവധി ഇന്ത്യൻ രാഷ്ട്രീയ പാർട്ടികളുടെ ഭാവി പ്രവചിച്ചിട്ടുള്ള രാധൻ പണ്ഡിറ്റിന് തമിഴ്നാട് മുൻ മുഖ്യമന്ത്രി ജെ.
ജയലളിതയുമായും അടുത്ത ബന്ധമുണ്ടായിരുന്നു. പണ്ഡിറ്റ് വെട്രിവേൽ എന്നറിയപ്പെട്ടിരുന്ന ഇദ്ദേഹം 2008ൽ ഡൽഹിയിലേക്ക് താമസം മാറിയതിന് ശേഷമാണ് രാധൻ പണ്ഡിറ്റ് എന്ന് പേര് മാറ്റുന്നത്.
വിജയ് രാഷ്ട്രീയത്തിലേക്കെത്തും മുമ്പ് തന്നെ പണ്ഡിറ്റുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. തെരഞ്ഞെടുപ്പിന് വളരെ മുമ്പുതന്നെ രാഷ്ട്രീയ വിജയം രാധൻ പണ്ഡിറ്റ് പ്രവചിച്ചിരുന്നു.
വിജയുടെ ജാതകം അസാധാരണമായ “സുനാമി പോലുള്ള” ശക്തിയുള്ളതാണെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചിരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

