ചാലക്കുടി ദേശീയപാതയിൽ ചാലക്കുടിപ്പുഴയ്ക്കു കുറുകെ തൃശൂർ ദിശയിലേയ്ക്കുള്ള പാലത്തിൽ നടത്തുന്ന അറ്റകുറ്റപ്പണികൾ വേഗത്തിൽ പുരോഗമിക്കുന്നു. ഒൻപതാം തീയതി ആരംഭിച്ച നിർമ്മാണ പ്രവർത്തനങ്ങൾ മൂന്ന് ദിവസം പിന്നിടുമ്പോൾ 15 ബെയറിങ്ങുകൾ ഇതിനകം മാറ്റിസ്ഥാപിച്ചു കഴിഞ്ഞു.
രണ്ടാഴ്ചയ്ക്കകം പണികൾ പൂർത്തിയാക്കാവുന്ന രീതിയിലാണ് പ്രവർത്തനങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. ഗുരുവായൂർ ഇൻഫ്രാ സ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡിനാണ് ബെയറിങ് മാറ്റുന്ന ജോലികളുടെ ചുമതല.
ഇവർക്ക് സഹായമായി മഹാരാഷ്ട്ര ആസ്ഥാനമായുള്ള സ്ഥാപനത്തിലെ വിദഗ്ധ തൊഴിലാളികളും സ്ഥലത്തുണ്ട്. പാലത്തിനു മുകളിലെ സ്പാനുകൾക്കിടയിലുള്ള ഭാഗത്തെ ടാറിങ് മുറിച്ചുനീക്കി എക്സ്പാൻഷൻ ജോയിന്റുകൾ ഇളക്കി മാറ്റിയാണ് ബെയറിങ് മാറ്റുന്നത്.
അര നൂറ്റാണ്ടു പഴക്കമുള്ള പാലത്തിന്റെ തൂണുകൾക്കും സ്പാനുകൾക്കും ഇടയിലുള്ള റബറും ലോഹവും ചേർത്തു നിർമിച്ച ബെയറിങ്ങുകൾക്ക് തേയ്മാനം സംഭവിച്ചതിനെത്തുടർന്ന് 25 വർഷത്തിനു ശേഷമാണ് ഇവ മാറ്റുന്നത്. പാലത്തിലെ 7 സ്പാനുകളിലായി ആകെ 42 ബെയറിങ്ങുകളാണുള്ളത്.
ഇതിൽ ബാക്കിയുള്ള 27 എണ്ണം കൂടി മാറ്റിയ ശേഷം എക്സ്പാൻഷൻ ജോയിന്റുകൾ ഘടിപ്പിക്കുകയും, ടാറിങ് നടത്തിയ ഭാഗം പുനസ്ഥാപിക്കുകയും, നടപ്പാതയിലെ സ്ലാബുകൾ തിരികെ ഘടിപ്പിക്കുകയും ചെയ്യും. ജൂൺ മാസമാദ്യം സ്കൂളുകൾ തുറക്കും മുൻപേ പണികൾ പൂർത്തിയാക്കാൻ നിർദേശമുണ്ട്.
മഴ പെയ്താലും ബെയറിങ് മാറ്റുന്ന ജോലികൾക്കു കാര്യമായ തടസ്സമുണ്ടാകില്ലെങ്കിലും, മഴക്കാലം ശക്തമാകും മുൻപേ നിർമ്മാണം പൂർത്തിയാക്കാനാണ് അധികൃതരുടെ ശ്രമം. നിലവിൽ ഈ പാലം അടച്ചിട്ടിരിക്കുന്നതിനാൽ ഇരു ദിശകളിലേക്കുമുള്ള വാഹനങ്ങൾ എറണാകുളം ഭാഗത്തേക്കുള്ള പാലത്തിലൂടെയാണ് കടത്തിവിടുന്നത്.
ഇത് ഗതാഗതക്കുരുക്കിന് കാരണമാകുന്നുണ്ട്. ഇന്നലെ രാവിലെ എറണാകുളം ദിശയിലേക്കുള്ള വാഹനങ്ങൾ ചാലക്കുടി മേൽപാലവും കടന്ന് ഒരു കിലോമീറ്ററോളം നീണ്ടപ്പോൾ, വൈകിട്ട് തൃശൂർ ദിശയിലേക്കുള്ള വാഹനങ്ങൾ മുരിങ്ങൂർ ഡിവൈൻ നഗർ മേൽപാതയും കടന്ന് നീളുന്ന അവസ്ഥയുണ്ടായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

