കൊറിയൻ സാങ്കേതിക ഭീമനായ സാംസങ്ങിന്റെ വരാനിരിക്കുന്ന ട്രൈ-ഫോൾഡ് സ്മാർട്ട്ഫോണായ സാംസങ് ഗാലക്സി ഇസഡ് ട്രൈഫോൾഡ് 2-നെക്കുറിച്ചുള്ള നിർണ്ണായക വിവരങ്ങൾ ടെക് ലോകത്ത് ചർച്ചയാകുന്നു. ഈ സ്മാർട്ട്ഫോണിൽ എസ്-പെൻ (S-Pen) സ്റ്റൈലസിനായി പ്രത്യേക സ്ലോട്ട് ഉൾപ്പെടുത്താൻ സാംസങ് പദ്ധതിയിടുന്നതായാണ് പുതിയ പേറ്റന്റ് രേഖകൾ വ്യക്തമാക്കുന്നത്.
ഫോണിന്റെ ഹിഞ്ചിനുള്ളിൽ തന്നെ സ്റ്റൈലസ് സൂക്ഷിക്കാൻ സാധിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത. ഇത് ഉപയോക്താക്കൾക്ക് എസ്-പെൻ കൈവശം വയ്ക്കുന്നത് കൂടുതൽ സൗകര്യപ്രദമാക്കും.
പേറ്റന്റ് രേഖകൾ പ്രകാരം, സ്റ്റൈലസിനായുള്ള സ്ലോട്ട് ഫോണിന്റെ വലതുഭാഗത്തെ ഹിഞ്ചിന്റെ മധ്യഭാഗത്തായിട്ടാണ് ക്രമീകരിച്ചിരിക്കുന്നത്. ഫോൺ പൂർണ്ണമായി തുറക്കുമ്പോൾ മധ്യഭാഗത്തെയും വലതുഭാഗത്തെയും ഫ്ലാപ്പുകൾക്കിടയിൽ സ്റ്റൈലസ് കാണാൻ സാധിക്കും.
ഈ ഡിസൈൻ അടിസ്ഥാനമാക്കി തയ്യാറാക്കിയ റെൻഡറുകളിൽ പർപ്പിൾ നിറത്തിലുള്ള ഫോൺ ഡിസൈനാണ് കാണാനാകുന്നത്. കൂടാതെ, ഫോൾഡബിൾ സ്ക്രീനിന്റെ വലതുഭാഗത്ത് സെന്റർ ഹോൾ-പഞ്ച് ക്യാമറ ഡിസൈനും ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
അതേസമയം, സാംസങ് ഗാലക്സി ഇസഡ് ട്രൈഫോൾഡ് വിപണിയിൽ നിന്ന് പിൻവലിച്ചുവെന്ന വാർത്തകളും ശ്രദ്ധനേടുകയാണ്. 2025 ഡിസംബറിൽ പുറത്തിറങ്ങിയ ഈ മോഡൽ ദക്ഷിണ കൊറിയ, ചൈന, തായ്വാൻ, സിംഗപ്പൂർ, യുഎഇ, അമേരിക്ക എന്നീ രാജ്യങ്ങളിലാണ് ആദ്യം ലഭ്യമായിരുന്നത്.
വിപണിയിൽ എത്തി മൂന്ന് മാസം പിന്നിടുമ്പോഴാണ് ഈ മോഡലിന്റെ വിൽപ്പന നിർത്തിയതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഗാലക്സി ഇസഡ് ട്രൈഫോൾഡിന്റെ പ്രധാന സവിശേഷതകളിൽ 10 ഇഞ്ച് വലുപ്പമുള്ള QXGA+ ഡൈനാമിക് അമോലെഡ് 2X ഇന്നർ ഡിസ്പ്ലേ ഉൾപ്പെടുന്നു.
120 ഹെർട്സ് അഡാപ്റ്റീവ് റിഫ്രഷ് റേറ്റ്, 1600 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ് എന്നിവയും ഇതിന്റെ പ്രത്യേകതയാണ്. 6.5 ഇഞ്ച് ഫുൾ-HD+ കവർ ഡിസ്പ്ലേ, സ്നാപ്പ് ഡ്രാഗൺ 8 എലൈറ്റ് ഫോർ ഗ്യാലക്സി പ്രോസസർ, 16 ജിബി റാം, 1 ടിബി വരെ സ്റ്റോറേജ്, 5600 എംഎഎച്ച് ബാറ്ററി, 45 വാട്സ് വയർഡ് ഫാസ്റ്റ് ചാർജിംഗ് എന്നിവയാണ് ഈ ഡിവൈസിന്റെ മറ്റ് സവിശേഷതകൾ.
സാംസങ്ങിന്റെ അടുത്ത തലമുറ ട്രൈ-ഫോൾഡ് ഫോണിൽ എസ്-പെൻ ഹിഞ്ചിനകത്ത് ഉൾപ്പെടുത്തുന്ന ആശയം യാഥാർഥ്യമായാൽ, ഫോൾഡബിൾ സ്മാർട്ട്ഫോൺ വിപണിയിൽ വലിയ മാറ്റങ്ങൾക്ക് അത് വഴിയൊരുക്കുമെന്നാണ് ടെക് വിദഗ്ധരുടെ വിലയിരുത്തൽ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

