കോഴിക്കോട് ∙ റെയിൽവേ സ്റ്റേഷൻ നിർമാണം അനിശ്ചിതമായി വൈകുന്നതിനെതിരെ നിർമാണ കമ്പനിയായ ‘റാങ്കി’ന് ദക്ഷിണ റെയിൽവേ അഡീഷനൽ ജനറൽ മാനേജർ വിപിൻകുമാറിന്റെ അന്ത്യശാസനം. കമ്പനിക്കു നോട്ടിസ് അയക്കുമെന്നും ഫലമുണ്ടായില്ലെങ്കിൽ കരാർ റദ്ദാക്കുമെന്നും ഇന്നലെ നിർമാണ പുരോഗതി വിലയിരുത്തിയ ശേഷം അദ്ദേഹം പറഞ്ഞു.
‘നിർമാണം 36 മാസത്തിനകം പൂർത്തിയാക്കണ്ടേതാണ്.
ഈ നിലയിൽ അതു നടക്കുമെന്നു തോന്നുന്നില്ല. കരാർ കമ്പനിക്കു നോട്ടിസ് നൽകും’ – അദ്ദേഹം പറഞ്ഞു.
ഒരു മണിക്കൂർ നീണ്ട പരിശോധനയ്ക്കിടെ അദ്ദേഹം ഒട്ടേറെത്തവണ, റാങ്ക് കമ്പനി ഉദ്യോഗസ്ഥരോടു വിശദീകരണം തേടുകയും നിർമാണ പുരോഗതിയിൽ അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
20% നിർമാണം പൂർത്തിയായതായും അടുത്ത ജൂലൈയ്ക്കകം നിർമാണം പൂർത്തിയാക്കുമെന്നും ‘റാങ്കിന്റെ’ ഉദ്യോഗസ്ഥർ എജിഎമ്മിനോടു പറഞ്ഞെങ്കിലും അത് അദ്ദേഹം മുഖവിലയ്ക്കെടുത്തില്ല.
200 തൊഴിലാളികളെങ്കിലും വേണ്ടിടത്തു നിലവിൽ 60–70 തൊഴിലാളികൾ മാത്രമാണു ജോലി ചെയ്യുന്നത്. ജനുവരിയിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി നിർമാണ പുരോഗതി അവലോകനം ചെയ്യാനെത്തുമ്പോൾ 100 തൊഴിലാളികളുണ്ടായിരുന്നു.
മഴക്കാലം അടുത്തിട്ടും നിർമാണം ഇഴയുന്നതു മലയാള മനോരമ തുടർച്ചയായി റിപ്പോർട്ട് ചെയ്തിരുന്നു.
പൈലിങ് പ്രവൃത്തി പൂർണമായും നിലച്ചു. ടെർമിനൽ കെട്ടിടത്തിന്റെ പ്രധാനപ്പെട്ട
8 തൂണുകളുടെ പൈലിങ് ഇപ്പോഴും തുടങ്ങിയിട്ടില്ല. സ്റ്റേഷന്റെ മുൻഭാഗത്ത് നിലവിലുള്ള റോഡിന്റെ കിഴക്കു ഭാഗത്തായി വരേണ്ട
7 തൂണുകളുടെ പൈലിങ്ങും ആരംഭിച്ചിട്ടില്ല. പ്രധാന ടെർമിനൽ കെട്ടിടത്തിന്റെ രൂപരേഖയും തയാറായിട്ടില്ല.
നിർമാണ കരാറുകാർക്കു തന്നെയാണ്, രൂപരേഖ തയാറാക്കാനുള്ള കരാറും. ഡിവിഷനൽ റെയിൽവേ മാനേജർ മധുകർ റൗട്, സീനിയർ ഡിവിഷനൽ കമേഴ്സ്യൽ മാനേജർ ഡോ.അരുൺ തോമസ്, കോഴിക്കോട് സ്റ്റേഷൻ മാനേജർ സി.കെ.ഹരീഷ്, ഡിവിഷനൽ എൻജിനീയർ അഭിഷേക് വർമ എന്നിവരും ഒപ്പമുണ്ടായിരുന്നു.
ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ.എൻ.സിങ് കഴിഞ്ഞദിവസം കോഴിക്കോട് റെയിൽവേ സ്റ്റേഷൻ സന്ദർശിക്കുകയും എം.കെ.രാഘവൻ എംപി ഉൾപ്പെടെയുള്ളവരുമായി ചർച്ച നടത്തുകയും ചെയ്തിരുന്നു.
കോടിയുടെ നിർമാണ കരാർ
450 കോടി രൂപയുടെ നിർമാണ കരാർ റാങ്കിനു നൽകിയത് 2024 ജൂണിലാണ്.
3 വർഷത്തിനകം പൂർത്തിയാക്കണമെന്നാണു കരാർ. 20% പൂർത്തിയാക്കിയതായി കമ്പനി പറയുന്നുണ്ടെങ്കിലും 80 കോടിയോളം രൂപയാണ് ഇതുവരെ കമ്പനി ബില്ലിനത്തിൽ പറ്റിയിരിക്കുന്നത്.
ഇത്, കരാർ തുകയുടെ 18% വരും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

