നീലേശ്വരം ∙ ചായ്യോം കണിയാട റെഡ്മൂൺ ദ്വീപിലേക്കു പോകുകയായിരുന്ന യാത്രാ ചങ്ങാടം മറിഞ്ഞു.
ചങ്ങാടത്തിലുള്ളവരെ നാട്ടുകാർ സാഹസികമായി രക്ഷിച്ചു. ഞായറാഴ്ച വൈകിട്ടാണു സംഭവം.
ചങ്ങാടത്തിൽ കയറ്റി കയറിൽ കെട്ടിവലിച്ചാണു പുഴയുടെ അക്കരെയുള്ള സ്വകാര്യ ദ്വീപിലേക്കു സന്ദർശകരെ എത്തിക്കുന്നത്. സാധാരണ 10 പേരെ വീതമാണു ചങ്ങാടത്തിൽ കയറ്റാറുള്ളതെന്നും ഞായറാഴ്ച സംഘത്തിലെ 14 പേരെയും ഒറ്റ ട്രിപ്പിൽ കയറാൻ നിർബന്ധിക്കുകയായിരുന്നുവെന്നും ചങ്ങാടത്തിലുണ്ടായിരുന്നവർ പറഞ്ഞു.
ലൈഫ് ജാക്കറ്റ് ഉൾപ്പെടെയുള്ള അടിയന്തര സുരക്ഷാ സംവിധാനങ്ങൾ ചങ്ങാടത്തിൽ ഉണ്ടായിരുന്നില്ല.
തളിപ്പറമ്പിൽനിന്നെത്തിയ വിവിധ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥസംഘവും കുട്ടികളടക്കമുള്ള കുടുംബാംഗങ്ങളുമാണു ചങ്ങാടത്തിലുണ്ടായിരുന്നത്. മറുകരയിലേക്കു വരുന്നതിനിടെയാണു ചങ്ങാടം മറിഞ്ഞത്.
വെള്ളത്തിൽ വീണവർ ചങ്ങാടത്തിനടിയിൽ പെട്ടുപോയി. നീലേശ്വത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ യാത്രാസംഘം പ്രാഥമിക ചികിത്സയ്ക്കുശേഷം രാത്രിയോടെ നാട്ടിലേക്കു തിരിച്ചു.
രക്ഷകരായത് കണിയാടയിലെ യുവാക്കൾ
ചങ്ങാടം മറിഞ്ഞു പുഴയിൽവീണ യാത്രാസംഘത്തിനു രക്ഷകരായതു കണിയാടയിലെ കെ.എം.നികേഷിന്റെ നേതൃത്വത്തിലുള്ള യുവാക്കളുടെ സംഘം.
വെള്ളത്തിൽ വീണവരിൽ ചിലർക്കു നീന്തലറിയാമായിരുന്നതു രക്ഷാപ്രവർത്തനത്തിന് സഹായകമായെന്ന് ഇവർ പറഞ്ഞു. പുഴയ്ക്കു സമീപത്തെ കുടുംബശ്രീ പ്രവർത്തകർ വിളിച്ചപ്പോഴാണു നികേഷും കൂട്ടുകാരും അപകടവിവരമറിഞ്ഞത്.
ഇതിനിടെ സ്ഥലത്തെത്തിയ നീലേശ്വരം എസ്ഐമാരായ കെ.അജിത, പി.സുഗുണൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ എൽ.ആർ.ദിലീഷ് കുമാർ, സുജിത്, സുമേഷ് ബഡൂർ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നാട്ടുകാരുടെ സഹായത്തോടെ രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. കെ.എം.നികേഷ്, വി.സജീഷ് ബാബു, കെ.സുജിത്ത്, പി.പി.രാഘവൻ, കെ.അരുൺ, വി.വിജയൻ, പി.പി.വിനോദ് എന്നിവരാണു കുട്ടികളടക്കമുള്ളവരെ സാഹസികമായി രക്ഷിച്ചത്.
പൊലീസ് കേസെടുത്തു
അപകടമുണ്ടാക്കുന്ന രീതിയിൽ കൂടുതൽപ്പേരെ ചങ്ങാടത്തിൽ കയറ്റിക്കൊണ്ടുപോയതിനു ചങ്ങാടം പ്രവർത്തിപ്പിച്ചയാൾക്കെതിരെയും റെഡ്മൂൺ ദ്വീപ് ഉടമയ്ക്കെതിരെയും നീലേശ്വരം പൊലീസ് കേസെടുത്തു.
ചെറിയ ഭക്ഷണശാല നടത്താനുള്ള ലൈസൻസ് മാത്രമേ സ്ഥാപനത്തിനു നൽകിയിട്ടുള്ളൂവെന്നും മറ്റു അനുമതികളൊന്നും നൽകിയിട്ടില്ലെന്നും കിനാനൂർ–കരിന്തളം പഞ്ചായത്ത് സെക്രട്ടറി പറഞ്ഞു. ഓൺലൈൻ വഴി ബുക്ക് ചെയ്താണ് ഇവിടെയെത്തിയത്.
പരിധിയിലധികം പേരെ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാതെ ചങ്ങാടത്തിൽ കയറ്റിയതാണ് അപകടകാരണം. ഇത്തരം സ്ഥലങ്ങളിൽ മതിയായ സുരക്ഷ ഒരുക്കിയിട്ടുണ്ടോയെന്ന് ഉത്തരവാദിത്തപ്പെട്ടവർ പരിശോധിക്കണം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

