കൊച്ചി ∙കൊച്ചിക്കാരായ അവയവദാതാവും സ്വീകർത്താവും അവയവദാനത്തിനായി നൽകിയ രേഖകൾ അറ്റസ്റ്റ് ചെയ്തു നൽകുന്നതു കണ്ണൂരും കാസർകോടുമുള്ള നോട്ടറികൾ. കൊച്ചി രവിപുരത്തെ ‘മെഡിക്കൽ ലാബ്’ നൽകിയ റിപ്പോർട്ടിനെപ്പറ്റി സംശയം ചോദിക്കാൻ റിപ്പോർട്ടിലുള്ള നമ്പറിലേക്കു വിളിച്ച ജില്ലാതല ഓതറൈസേഷൻ കമ്മിറ്റി അംഗത്തിനു കിട്ടിയത് ‘ഇതു ലാബ് അല്ല, പ്രിന്റിങ് പ്രസ്’ ആണെന്ന മറുപടി.
അവയവദാനത്തിനായി സമർപ്പിക്കപ്പെടുന്ന രേഖകളിൽ മിക്കതിലും സർട്ടിഫിക്കറ്റ് നൽകുന്നയാളുടെ സീൽ മാത്രം. നിർബന്ധമായി വേണ്ട
സ്ഥാപനത്തിന്റെ റൗണ്ട് സീൽ അപ്രത്യക്ഷം. പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയ വിവരങ്ങളാണിവ.
ഏതാനും വർഷങ്ങളായി സംസ്ഥാനത്തു നടക്കുന്ന അവയവദാനങ്ങളിൽ നല്ലൊരു പങ്ക് വ്യാജ സർട്ടിഫിക്കറ്റുകളുടെ സഹായത്തോടെയെന്ന സംശയം വ്യാപകം.
അവയവദാനം നടത്തുന്നവർ സ്വീകർത്താവിന്റെ അടുത്ത ബന്ധുവാണെന്നു തെളിയിക്കാൻ സമർപ്പിക്കേണ്ട ‘അൽട്രൂയിസം സർട്ടിഫിക്കറ്റുകൾ’, പൊലീസ് ഡിവൈഎസ്പി നൽകേണ്ട
പൊലീസ് ഇൻവെസ്റ്റിഗേഷൻ റിപ്പോർട്ട് ഉൾപ്പെടെയുള്ളവയുടെ ആധികാരികത സംബന്ധിച്ച സംശയങ്ങൾ സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളജുകളിലെ ജില്ലാതല ഓതറൈസേഷൻ കമ്മിറ്റികൾ പലതവണ പൊലീസിനെ അറിയിച്ചിരുന്നു. അവയവക്കൈമാറ്റത്തിനുള്ള സർട്ടിഫിക്കറ്റുകളും രേഖകളും പരിശോധിക്കുമ്പോൾ ഏറെ വൈരുധ്യങ്ങൾ കണ്ടെത്തിയതോടെയായിരുന്നു ഇത്.
സമിതികളിലെ അംഗങ്ങൾ പങ്കുവച്ച വിവരങ്ങളുടെകൂടി അടിസ്ഥാനത്തിലാണ് ഏതാനും മാസങ്ങൾക്കു മുൻപു പൊലീസ് ഊർജിത അന്വേഷണം ആരംഭിച്ചത്. സംസ്ഥാനത്തെ മെഡിക്കൽ കോളജുകളിലെ ജില്ലാതല സമിതി അംഗങ്ങളെ പലരെയും നേരിൽക്കണ്ട് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിരുന്നു.
അടുത്ത ബന്ധുക്കൾ അല്ലാത്തവരിൽ നിന്ന് അവയവം സ്വീകരിക്കുന്നതിനുള്ള നിയമക്കുരുക്കുകളും നൂലാമാലകളുമാണു വ്യാജ രേഖകൾ നിർമിക്കുന്ന മാഫിയകൾ തഴച്ചുവളരാനുള്ള കാരണമെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു.
പ്രതിയെ വലയിലാക്കിയത് വീടുവളഞ്ഞ്
കൊച്ചി ∙ വ്യാജരേഖകൾ ചമച്ച് അവയവക്കച്ചവടം നടത്തിയ കേസിലെ മുഖ്യ സൂത്രധാരൻ കാസർകോട് സ്വദേശി നജീബിനെ സംസ്ഥാനം വിട്ടതു മുതൽ വിടാതെ പിന്തുടരുകയായിരുന്നു പ്രത്യേക അന്വേഷണ സംഘം. സംസ്ഥാനാന്തര ബന്ധങ്ങളുള്ള തട്ടിപ്പു സംഘത്തിലെ പ്രമുഖൻ ആയതിനാൽ പ്രതി കേരളംവിടുമെന്നു പൊലീസിന് ഉറപ്പായിരുന്നു.
എന്നാൽ, പ്രതി മൊബൈൽഫോൺ ഓഫാക്കി മുങ്ങിയതോടെ കണ്ടെത്തൽ ദുഷ്കരമായി.
എങ്കിലും പ്രതിയുടെ ഫോൺ കോൾ വിവരങ്ങൾ (സിഡിആർ) പൊലീസ് പരിശോധിച്ചു. ഇതിൽ ഡൽഹിയിലെ ചില ഹോട്ടലുകളിലേക്കു വിളിച്ചതായി കണ്ടെത്തിയതോടെ പൊലീസും ഡൽഹിയിലെത്തി.
പ്രതിയെ കണ്ടെത്താൻ ഡൽഹി പൊലീസിന്റെ സഹായവും തേടി. എന്നാൽ, ഹോട്ടൽ കണ്ടെത്തി പൊലീസ് സ്ഥലത്തെത്തിയപ്പോഴേക്കും പ്രതി ഇവിടെനിന്നു കടന്നു.
ഗാസിയാബാദിലെ ഒരു നമ്പറിലേക്കു പ്രതി പലതവണ വിളിച്ചതായി ഫോൺ രേഖകളിൽ കണ്ടെത്തിയതോടെ പൊലീസും ഇവിടേക്കു നീങ്ങി.
രാത്രി വൈകി നജീബിന്റെ ഗാസിയാബാദിലെ ബന്ധുവീടു കണ്ടെത്തിയ പൊലീസ് ഇന്നലെ പുലർച്ചെ വീടുവളയുകയായിരുന്നു. പൊലീസ് എത്തുമ്പോൾ ഉറക്കത്തിലായിരുന്നു പ്രതി.
തുടർന്നു ഡൽഹിയിലെ മജിസ്ട്രേട്ടിനു മുൻപിൽ ഹാജരാക്കി ട്രാൻസിറ്റ് വാറന്റ് വാങ്ങിയാണു കൊച്ചിയിലെത്തിച്ചത്.
നജീബിനെ വിശദമായി ചോദ്യം ചെയ്യുന്നതോടെ റാക്കറ്റിനു പിന്നിലെ വമ്പന്മാരെപ്പറ്റി വിവരം ലഭിക്കുമെന്ന പ്രതീക്ഷയിലാണു പ്രത്യേക അന്വേഷണസംഘം.
അന്വേഷണം ആശുപത്രികളിലേക്കും ഉന്നതരിലേക്കും
കിഴക്കമ്പലം ∙ അവയവക്കച്ചവടക്കേസിൽ അറസ്റ്റിലായ നജീബ്, വ്യാജരേഖകൾ ചമയ്ക്കുന്ന ശൃംഖലയിലെ കണ്ണി മാത്രമാണെന്നു പൊലീസ്. റാക്കറ്റിനു പിന്നിൽ വൻ സ്രാവുകളുണ്ടെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം മുന്നോട്ടുപോകുന്നത്.
പ്രതിക്കു മറ്റു സംസ്ഥാനങ്ങളിലും രാജ്യത്തിനു പുറത്തും ബന്ധങ്ങളുണ്ടെന്നു കണ്ടെത്തിയ സാഹചര്യത്തിൽ, റൂറൽ പൊലീസും സിറ്റി പൊലീസും പ്രതിയെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യംചെയ്യും. അമ്പലമേട് പൊലീസ് പ്രതിയുടെ പക്കൽനിന്നു കണ്ടെടുത്ത ഡയറിയിൽ നിർണായക വിവരങ്ങളുണ്ട്.
ഡയറിയിൽ പരാമർശിച്ചിട്ടുള്ള വ്യക്തികളെക്കുറിച്ചും അവർക്ക് ഈ മാഫിയയുമായുള്ള ബന്ധത്തെക്കുറിച്ചും ഊർജിത അന്വേഷണത്തിന് ഒരുങ്ങുകയാണു പ്രത്യേക അന്വേഷണസംഘം.
പ്രതിയുടെ പെരിങ്ങാലയിലുള്ള വീട്ടിൽനിന്നു ജില്ലയിലെ ആശുപത്രികളിലെ രോഗികളുടെ രേഖകൾ കണ്ടെടുത്തത് അന്വേഷണത്തിൽ നിർണായക വഴിത്തിരിവായിട്ടുണ്ട്. ഏതാനും വർഷമായി ഈ ആശുപത്രികൾ കേന്ദ്രീകരിച്ചു നടന്ന അവയവക്കൈമാറ്റ ശസ്ത്രക്രിയകളെപ്പറ്റി ആഴത്തിൽ അന്വേഷണമുണ്ടാകും.
അന്വേഷണം ഉന്നതരിലേക്കു നീങ്ങുന്ന സാഹചര്യത്തിൽ പ്രത്യേക അന്വേഷണസംഘങ്ങളെ നിയോഗിച്ചു. ആലുവ റൂറൽ എസ്പിയുടെയും തൃക്കാക്കര എസിപിയുടെയും നേതൃത്വത്തിലുള്ള പ്രത്യേക സംഘങ്ങളാണു കേസ് അന്വേഷിക്കുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

