ഹൈദരാബാദ്: ഹൈദരാബാദിൽ 9,400 കോടി രൂപയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യവേ വേദിയിൽ കൗതുകകരമായ രാഷ്ട്രീയ നീക്കവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. തെലങ്കാന മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ എ.
രേവന്ത് റെഡ്ഡിയെ സാക്ഷിനിർത്തി, ‘നിങ്ങൾ ഞങ്ങളുടെ കൂടെ ചേരുന്നതാണ് നല്ലത്’ എന്ന് നർമ്മരൂപേണ പ്രധാനമന്ത്രി പറഞ്ഞത് സദസ്സിൽ ചിരി പടർത്തി. മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് ഗുജറാത്തിനെ പിന്തുണച്ചതുപോലെ തെലങ്കാനയെയും പിന്തുണയ്ക്കണമെന്ന രേവന്ത് റെഡ്ഡിയുടെ പ്രസംഗത്തിനുള്ള മറുപടിയായാണ് മോദിയുടെ ഈ പരാമർശം.
മുൻ യുപിഎ സർക്കാർ പത്ത് വർഷം കൊണ്ട് ഗുജറാത്തിന് നൽകിയതിനേക്കാൾ വലിയ തുക താൻ നൽകാൻ തയ്യാറാണെന്ന് മോദി വ്യക്തമാക്കി. എന്നാൽ അങ്ങനെ ചെയ്താൽ ഇപ്പോൾ കേന്ദ്രത്തിൽ നിന്ന് ലഭിക്കുന്ന തുകയുടെ പകുതി മാത്രമേ സംസ്ഥാനത്തിന് ലഭിക്കൂ എന്നും, അത് വികസന ലക്ഷ്യങ്ങളെ ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രാഷ്ട്രീയ പ്രസ്താവനകൾ നടത്തില്ലെന്ന് രേവന്ത് റെഡ്ഡി പറഞ്ഞതിനാൽ താനും രാഷ്ട്രീയം പറയുന്നില്ലെന്ന് വ്യക്തമാക്കിയ മോദി, കണക്കുകൾ നിരത്തിയാണ് മറുപടി നൽകിയത്. ആന്ധ്രാപ്രദേശിന്റെ റെയിൽവേ ബജറ്റ് 1,000 കോടി രൂപയായിരുന്ന സ്ഥാനത്ത് ഇപ്പോൾ തെലങ്കാനയ്ക്ക് മാത്രമായി 5,500 കോടിയിലധികം രൂപ ബജറ്റിൽ വകയിരുത്തുന്നുണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
രാജ്യം ഇന്ന് ‘റിഫോം എക്സ്പ്രസ്’ പാതയിലാണെന്നും അത്യാധുനിക അടിസ്ഥാന സൗകര്യങ്ങൾ ഇന്ത്യ തന്നെ നിർമ്മിക്കുകയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. അതേസമയം, പ്രധാനമന്ത്രിയുടെ മൂന്ന് ട്രില്യൺ ഡോളർ സാമ്പത്തിക ലക്ഷ്യത്തിലേക്ക് തെലങ്കാന 10 ശതമാനം സംഭാവന നൽകുമെന്ന് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി തന്റെ പ്രസംഗത്തിൽ ഉറപ്പുനൽകി.
ഗുജറാത്ത് മോഡൽ വികസനം പോലെ തെലങ്കാന മോഡൽ നടപ്പിലാക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നും അതിനായി പ്രധാനമന്ത്രിയുടെ വലിയ മനസ്സ് തെലങ്കാനയ്ക്കും ഉണ്ടാകണമെന്നും രേവന്ത് റെഡ്ഡി ആവശ്യപ്പെട്ടു. നയതന്ത്രപരമായും രാഷ്ട്രീയമായും ഏറെ പ്രാധാന്യമുള്ള ഈ വാക്പോര് തെലങ്കാനയിലെ രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

