പുൽപള്ളി ∙ മഴയൊഴിഞ്ഞ കാർഷിക ഗ്രാമങ്ങളിലെ കർഷകർ പ്രാർഥനകളും വഴിപാടുകളുമായി കബനിതീരത്ത് ഒത്തുകൂടി. കൃഷിയെ നേഞ്ചോടുചേർത്ത വേടെ ഗൗഡ സമുദായമാണ് നല്ല കാലാവസ്ഥയ്ക്കും വിളവിനും വേണ്ടി കബനിക്കരയിൽ പരമ്പരാഗത രീതിയിലുള്ള പൂജകൾ നടത്തിയത്.
കർണാടകയിൽനിന്നു കുടിയേറിയ ഗൗഡ സമുദായം പരമ്പരാഗതമായി ഈ സമയത്ത് കബനിക്കരയിൽ പൂജകൾ നടത്തിയിരുന്നു. എന്നാൽ കുറെ വർഷങ്ങളായിട്ട് പൂജകൾ മുടങ്ങി.
കാലാവസ്ഥയുടെ തിരിച്ചടികളും അനർഥങ്ങളുമെല്ലാം വർധിച്ചപ്പോൾ അതിനു പ്രതിവിധിയായി മുടങ്ങിയ പൂജകൾ നടത്തണമെന്ന് സമുദായത്തിലെ മുതിർന്നവർ അഭിപ്രായപ്പെട്ടതിനെ തുടർന്നാണ് എല്ലാ കുടുംബങ്ങളും ചേർന്ന് പ്രത്യേക പൂജകൾ നടത്തിയത്.
ആരാധന മൂർത്തിയായ ശങ്കോലമ്മയ്ക്കും മാരിയമ്മയ്ക്കും വഴിപാടുകളും ഫലങ്ങളും സമർപ്പിച്ചായിരുന്നു പൂജ. ഒരാഴ്ചമുൻപ് കടുവ സങ്കേതത്തിലെ മാരിയമ്മൻ ക്ഷേത്രത്തിൽ ഉത്സവം നടത്തിയിരുന്നു.
കബനിയുടെ നടുവിലുള്ള കൂറ്റൻപാറക്കെട്ടാണ് ഇവർ ദേവസ്ഥാനമായി കരുതുന്നത്. അതിനടുത്തായിരുന്നു പൂജകൾ.
കൃഗന്നൂർ വേടെ ഗൗഡ സമുദായസംഘത്തിന്റെ നേതൃത്വത്തിൽ നടത്തിയ ചടങ്ങുകളിൽ സ്ത്രീകളും കുട്ടികളുമുൾപ്പെടെയുള്ള സമുദായാംഗങ്ങൾ പങ്കെടുത്തു. കൃഗന്നൂർ എങ്കിട്ടപ്പ ഗൗഡർ, ചുണ്ട
ചിന്നപ്പൻ, കെ.ഇ.രാജു, ജോയി ആക്കത്തടത്തിൽ, സ്വാമി കൃഗന്നൂർ, കെ.ഇ.സുന്ദരൻ, താഴയൂർ ചിന്നു, കെ.ഇ.ശിവരാജ്, കെ.പി.സുഭാഷ്, വെങ്കിടേഷ് എന്നിവർ നേതൃത്വം നൽകി. പൂജയ്ക്കുശേഷം പുഴക്കരയിൽ അന്നദാനവും നടത്തി.
മഴ കനിഞ്ഞില്ല; കരിഞ്ഞുണങ്ങി അതിർത്തി ഗ്രാമങ്ങൾ
പുൽപള്ളി ∙ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വേനൽമഴ കാര്യമായി പെയ്തിട്ടും കർണാടകാതിർത്തിയിലെ ഗ്രാമങ്ങളിൽ ചാറ്റൽമഴ പോലും പെയ്തില്ല.
മാർച്ച് അവസാനം മുതൽ ജില്ലയുടെ പല പ്രദേശങ്ങളിലും പലവട്ടം മഴ പെയ്യുകയും കർഷകർ വിവിധ കൃഷികളിൽ സജീവമാവുകയും ചെയ്തെങ്കിലും കബനിയുടെ കരയിലെ ഗ്രാമങ്ങളിലെ പുൽനാമ്പുകളടക്കം കരിഞ്ഞുണങ്ങിക്കിടക്കുന്നു. അടുത്തക്കാലത്തൊന്നും ഇത്തരമൊരു പ്രതിസന്ധിയുണ്ടായില്ലെന്നും കർഷകർ പറയുന്നു.
മുഖ്യമായും കിഴങ്ങുവിളകളുടെ നടീൽ മുടങ്ങിയതാണ് കർഷകരെ ആശങ്കപ്പെടുത്തുന്നത്. ജില്ലയിൽ കിഴങ്ങുവിളകൾ കൂടുതലായി കൃഷി ചെയ്യുന്ന പ്രദേശങ്ങളാണിത്.
അതിർത്തിയിലെ കൊളവള്ളി മുതൽ മരക്കടവ് വരെയുള്ള ഭാഗത്താണ് ഇത്തവണ ഒരു മഴപോലും ലഭിക്കാത്തത്.
പെരിക്കല്ലൂർ, ചേകാടി ഭാഗത്തും തീരെ മഴയില്ല. ചേന, കാച്ചിൽ, കപ്പ, ഇഞ്ചി, പച്ചക്കറികൾ എന്നീ വിളകളുടെ നടീൽ മുടങ്ങി.ഏപ്രിൽ പകുതിയോടെ കർഷകർ നടീലിനുള്ള ഒരുക്കങ്ങൾ നടത്തി.
കൂടുതൽ മഴ പെയ്താൽ നടീൽ തടസ്സപ്പെടുമെന്നതിനാൽ പലരും ചേനയും കാച്ചിലുമെല്ലാം നട്ടുവച്ചു. വെന്തുരുകുന്ന മണ്ണിലിരുന്ന് അവയും നശിക്കുന്നു.
പൊടിവിത നടത്തേണ്ട സ്ഥലമെല്ലാം വിണ്ടുകീറികിടക്കുന്നു.
ഇനി ഇക്കൊല്ലം നെൽവിത്ത് വിതയ്ക്കാനാവില്ല. ജില്ലയുടെ മറ്റിടങ്ങളിൽ നടീൽ കഴിഞ്ഞ് കളനീക്കലും വളപ്രയോഗവും കഴിഞ്ഞിട്ട് ആഴ്ചകളായി.
കിഴങ്ങ് വിളകൾ പുതുമഴയിൽ തന്നെ നട്ടാലേ ആദായമുണ്ടാകൂ.നടീലിനു കരുതിയ വിത്തുകൾ പറമ്പിലിരുന്ന് മുളച്ചുപൊന്തുന്നു.
കരയും വയലുമെല്ലാം ഒരേപോലെ വരണ്ടുണങ്ങി. വാഴയും കമുകും തെങ്ങുമെല്ലാം വാടിനിൽക്കുന്നു.
കമുകിലെ പുതിയ കുലകൾ കരിഞ്ഞു. ഇതിൽ വിരിഞ്ഞ അടയ്ക്കയും കൊഴിഞ്ഞു.
കബനിയിലെ വെള്ളം കുറഞ്ഞതിനാൽ ജലസേചനം മുടങ്ങി. സ്വകാര്യ വ്യക്തികളുടെ പമ്പിങ് സംവിധാനങ്ങളും പാഴായി.
കൃഷിയെ മാത്രം ആശ്രയിച്ചു കഴിയുന്ന കർഷകർ കടുത്ത പ്രതിസന്ധിയിലായി. വിളയിറക്കാനാവാത്തതിനാൽ ബാങ്ക് വായ്പകൾ തിരിച്ചടയ്ക്കാനോ, കുടുംബചെച്ചെലവുകൾ നിർവഹിക്കാനോ മാർഗമില്ലാതെ വലയുന്നത് ഒട്ടേറെപേരാണ്.
കബനിയുടെ തീരത്ത് 300 ഏക്കറോളം നെൽപാടമുണ്ട്. അതിൽ പകുതിയോളം പുഞ്ചക്കൃഷി ചെയ്തിരുന്നു.
ഇത്തവണ കുറഞ്ഞ സ്ഥലത്തുമാത്രമാണ് പുഞ്ചനട്ടത്. അതിനും വെള്ളമില്ല.
ആറുമാസം തുടർച്ചയായി മഴപെയ്ത പ്രദേശങ്ങളാണ് വേനൽ ആരംഭത്തിൽ തന്നെ വരണ്ടുണങ്ങിയത്.
കർണാടക കാലാവസ്ഥയുടെ കടന്നുകയറ്റമാണ് മഴക്കുറവിനു കാരണമായി പറയുന്നത്. മിക്കദിവസങ്ങളിലും ശക്തമായ മഴസൂചന നൽകി ഇടിമിന്നലും കാറ്റുമുണ്ടാകുന്നു.
എന്നാൽ പെയ്തിറങ്ങുന്നത് മറ്റിടങ്ങളിലും. കന്നുകാലി വളർത്തലും പ്രയാസത്തിലായി.
പച്ചപ്പുല്ല് തീരെ കിട്ടാനില്ല. കന്നുകാലികൾക്ക് കുടിക്കാനും അവയെ കുളിപ്പിക്കാനും ആവശ്യത്തിനു ജലമില്ല.
പലരും കബനിപ്പുഴയിൽ കൊണ്ടുപോയാണ് മിണ്ടാപ്രാണികളുടെ ദാഹമകറ്റുന്നത്. ആളുകൾ കുളിക്കാനും വസ്ത്രമലക്കാനും ആശ്രയിക്കുന്നതും പുഴയിൽ കെട്ടിക്കിടക്കുന്ന വെള്ളത്തെയാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

