തൃശൂർ ആസ്ഥാനമായ പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ കല്യാൺ ജ്വല്ലേഴ്സ് കഴിഞ്ഞ സാമ്പത്തിക വർഷത്തെ (2025-26) അവസാനപാദമായ ജനുവരി-മാർച്ചിൽ ലാഭത്തിലും വരുമാനത്തിലും സ്വന്തമാക്കിയത് വൻ വളർച്ച. സംയോജിത ലാഭം മുൻവർഷത്തെ സമാനപാദത്തിലെ 187.6 കോടി രൂപയിൽ നിന്ന് ഇരട്ടിയിലേറെയായി വർധിച്ച് 409.5 കോടി രൂപയിലെത്തിയെന്ന് സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് സമർപ്പിച്ച റിപ്പോർട്ടിൽ കമ്പനി വ്യക്തമാക്കി.
118 ശതമാനമാണ് ലാഭവളർച്ച.
പ്രവർത്തന വരുമാനം 6181.5 കോടി രൂപയിൽ നിന്ന് 66% മുന്നേറി 10,274.9 കോടി രൂപയായി. ഇന്ത്യയിലെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 68% ഉയർന്ന് 8994 കോടി രൂപയും ലാഭം 97% വർധിച്ച് 366 കോടി രൂപയുമാണ്.
രാജ്യാന്തര പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 807 കോടി രൂപയിൽ നിന്ന് 1157 കോടി രൂപയായി ഉയർന്നു; വളർച്ച 43%. ലാഭം 14 കോടി രൂപയിൽ നിന്ന് 105% വർധിച്ച് 29 കോടിയിലുമെത്തി.
കല്യാൺ ജ്വല്ലേഴ്സിന്റെ ലൈഫ്സ്റ്റൈൽ ജ്വല്ലറി പ്ലാറ്റ്ഫോമായ കാൻഡിയറും ശ്രദ്ധേയനേട്ടം കഴിഞ്ഞപാദത്തിൽ സ്വന്തമാക്കി.
131 കോടി രൂപയാണ് വരുമാനം. ലാഭം 3 കോടി രൂപ.
കഴിഞ്ഞപാദത്തിൽ ശക്തമായ വളർച്ച നേടാൻ കല്യാൺ ജ്വല്ലേഴ്സിന് സാധിച്ചെന്നും അക്ഷയതൃതീയ വിൽപനയിൽ മികച്ച വളർച്ചയുണ്ടായെന്നും എക്സിക്യൂട്ടീവ് ഡയറക്ടർ രമേശ് കല്യാണരാമൻ പറഞ്ഞു.
മികച്ച പ്രവർത്തനഫലത്തിന്റെ പശ്ചാത്തലത്തിൽ കമ്പനി ഓഹരിക്ക് 2.5 രൂപവീതം ലാഭവിഹിതം ശുപാർശ ചെയ്തിട്ടുണ്ട്. വാർഷിക പൊതുയോഗത്തിൽ ഓഹരി ഉടമകളുടെ അനുമതിക്ക് അനുസൃതമായാകും ലാഭവിഹിത വിതരണം.
മികച്ച മാർച്ചുപാദ ഫലം കമ്പനിയുടെ ഓഹരികളും ഇന്ന് ആഘോഷമാക്കി. നിഫ്റ്റിയിൽ 3.37% ഉയർന്ന് 425 രൂപയിലാണ് ഓഹരികൾ വ്യാപാരം അവസാനിപ്പിച്ചത്.
43,891.46 കോടി രൂപയാണ് കല്യാൺ ജ്വല്ലേഴ്സിന്റെ വിപണിമൂല്യം. കേരളം ആസ്ഥാനമായ ലിസ്റ്റഡ് കമ്പനികളിൽ ഏറ്റവും ഉയർന്ന വിപണിമൂല്യമുള്ള കമ്പനികളിലൊന്നാണ് കല്യാൺ ജ്വല്ലേഴ്സ്.
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി/ഐപിഒ/സ്വർണം മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്.
നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

