കുമ്പനാട് ∙ ജംക്ഷനിലെ ഓട്ടോ ബ്രദേഴ്സിന് ഒരു ബിഗ് സല്യൂട്ട്. 5 വർഷമായി പൊതുമരാമത്ത് വകുപ്പ് ചെയ്യാതിരുന്ന ജോലി അവർ സ്വന്തം ചെലവിൽ ചെയ്തു.
കുമ്പനാട് – ആറാട്ടുപുഴ റോഡുവശത്തു 100 മീറ്ററോളം കോൺക്രീറ്റ് ചെയ്തതോടെ കുഴിയായി കിടന്ന സ്ഥലം ഇപ്പോൾ റോഡ് നിരപ്പായി. ഇതോടെ ഓട്ടോസ്റ്റാൻഡ് മാത്രമല്ല സുരക്ഷിതമായത്.
റോഡിൽ കയറ്റി ഓട്ടോകൾ ഇടുന്നതു മൂലമുണ്ടായ ഗതാഗതക്കുരുക്കിനും പരിഹാരമായി.
കുമ്പനാട് – ആറാട്ടുപുഴ റോഡ് 5 വർഷം മുൻപാണ് ഉന്നത നിലവാരത്തിൽ നിർമിച്ചത്. പണി പൂർത്തിയാക്കിയെങ്കിലും ജംക്ഷൻ മുതൽ പവർഹൗസ് വരെയുള്ള റോഡിന്റെ പടിഞ്ഞാറുഭാഗം കുഴിയായി കിടക്കുകയായിരുന്നു.
ഒരടിയോളം താഴ്ചയിൽ കിടക്കുന്നത് അപകടകരമാണെന്നും റോഡുവശം മണ്ണിട്ടു നിരപ്പാക്കണമെന്നുമുള്ള ആവശ്യം ഓട്ടോ ബ്രദേഴ്സ് ഉൾപ്പെടെ ഒട്ടേറെ തവണ നൽകിയെങ്കിലും ഒരു പരിഹാരവുമുണ്ടായില്ലെന്നു പഞ്ചായത്തംഗം തോമസ് ജേക്കബ് പറഞ്ഞു. റോഡുവശത്തിന് ഇവിടെ 5 അടിയോളം വീതിയുണ്ട്.
ഇതോടെ മറ്റുവഴിയില്ലാതെ ഓട്ടോറിക്ഷകൾ റോഡിൽ കയറ്റി ഇടേണ്ടി വന്നു. ഇതു പലപ്പോഴും ഗതാഗത തടസ്സത്തിനു കാരണമാകുകയും ചെയ്തു.
എല്ലാ പരിമിതികളും മാറ്റിവച്ച് ഓട്ടോ ബ്രദേഴ്സ് ഒന്നിച്ച് റോഡുവശം കോൺക്രീറ്റ് ചെയ്യാൻ തീരുമാനിച്ചു.
കഴിഞ്ഞ ആഴ്ച 50 മീറ്ററോളം ദൂരം കോൺക്രീറ്റ് ചെയ്തു. ഇന്നലെ ബാക്കി 50 മീറ്ററോളം കൂടി കോൺക്രീറ്റ് ചെയ്തു.
നേരത്തേ കെട്ടിട നിർമാണ തൊഴിലിനു പോയിരുന്ന 2 ഓട്ടോ ഡ്രൈവർമാർ സിമന്റു കുഴയ്ക്കാനും മേസ്തിരിപ്പണിക്കും തയാറായി.
കുമ്പനാട്ടെ ഏക ഓട്ടോസ്റ്റാൻഡാണിത്. ടികെ റോഡുവശത്ത് ടൗണിൽ വീതി കുറവായതു കാരണം ഓട്ടോകൾ പാർക്കു ചെയ്യുന്നതിനു സ്ഥലമില്ല.
മാത്രമല്ല ഓട്ടോസ്റ്റാൻഡ് ടികെ റോഡിൽ വന്നാൽ അതു സ്ഥിരമായ ഗതാഗത കുരുക്കിനു കാരണമാകും. ഇതോടെയാണ് ഓട്ടോക്കാർ സ്വയം കുമ്പനാട് – ആറാട്ടുപുഴ റോഡുവശം തിരഞ്ഞെടുത്തത്.
50 ഓളം ഓട്ടോറിക്ഷകളാണ് ഇവിടെയുള്ളത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

