കൽപറ്റ ∙ ‘ലോഡ് കണക്കിന് ചെളിയാണ് ഒറ്റമഴയിൽ ഒലിച്ചുവന്നത്, മിനിറ്റുകൾ കൊണ്ടു വീട്ടുപരിസരം ചെളിക്കൂമ്പാരമായി, വീടിനുള്ളിൽ വരെ ചെളിയെത്തി, വേനൽ മഴയിൽ ഇതാണ് സ്ഥിതിയെങ്കിൽ മഴക്കാലത്ത് എന്തായിരിക്കും അവസ്ഥ, ആലോചിക്കുമ്പോഴേ നെഞ്ചിടിക്കുകയാണ്– ടൗൺഷിപ് പദ്ധതി പ്രദേശത്തെ ആനേടത്ത് സുജാത ആശങ്കയോടെ പറയുന്നു. ചൊവ്വ വൈകിട്ടോടെ പെയ്ത വേനൽമഴയിൽ സുജാതയുടേത് അടക്കം പ്രദേശത്തെ 10ലധികം വീടുകളിലാണു ചെളിയും വെള്ളവും കയറിയത്.
കനത്ത മഴയിൽ ടൗൺഷിപ് പദ്ധതി പ്രദേശത്ത് കൂട്ടിയിട്ടിരുന്ന കൂറ്റൻ മൺകൂനകൾ ഒലിച്ചിറങ്ങി വീടുകളിലേക്ക് എത്തുകയായിരുന്നു. പരിസരമാകെ ചെളിയും വെള്ളവും നിറഞ്ഞതോടെ പുറത്തിറങ്ങാനാകാതെ വീട്ടുകാർ വീടുകൾക്കുള്ളിൽ കുടുങ്ങി.
മണ്ണ് ഒലിച്ചെത്തി സമീപത്തെ തോടുകളിലേക്കും വ്യാപിച്ചു.
ഇതോടെ തോടുകൾക്ക് സമീപത്തെ വീടുകളിലേക്ക് വെള്ളം കയറി. മഴ മാറിയതിനു ശേഷം വെള്ളവും ചെളിയും നീക്കം ചെയ്തതിനു ശേഷമാണ് പലർക്കും പുറത്തിറങ്ങാനായത്.
അശാസ്ത്രീയമായ നിർമാണങ്ങളാണ് ഈ അവസ്ഥയ്ക്ക് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. ആവശ്യമായ സുരക്ഷാ മതിലുകൾ നിർമിക്കാതെയാണു ടൗൺഷിപ് നിർമാണം തുടങ്ങിയത്.
തുടക്കത്തിൽ തന്നെ നിർമാണത്തിലെ അശാസ്ത്രീയത ചൂണ്ടിക്കാണിച്ചിരുന്നെന്ന് നാട്ടുകാർ പറയുന്നു.
ആവശ്യമായ സുരക്ഷ ഒരുക്കുമെന്നു അന്ന് ഉറപ്പുനൽകിയിരുന്നെങ്കിലും തുടർനടപടികളുണ്ടായില്ലെന്നും നാട്ടുകാർ ആരോപിച്ചു. നാട്ടുകാർ പ്രതിഷേധിച്ചതോടെ ഇന്നലെ രാവിലെയോടെ ഉൗരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപറേറ്റീവ് സൊസൈറ്റി അധികൃതർ സ്ഥലത്തെത്തി ചെളി നീക്കം ചെയ്തു.
കലക്ടർ ഡി.ആർ.മേഘശ്രീ സ്ഥലം സന്ദർശിച്ചു. ഉച്ചയോടെ കലക്ടറുടെ അധ്യക്ഷതയിൽ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടേയും അടിയന്തര യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി.
ടൗൺഷിപ്പിന് സമീപത്തെ പ്രദേശങ്ങളിൽ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള കർമ പദ്ധതികൾ യോഗം ചർച്ച ചെയ്തു. പലയിടങ്ങളിലും മണ്ണ് കൂട്ടിയിട്ടിരിക്കുന്നത് വെള്ളക്കെട്ട് ഭീഷണി ഉണ്ടാക്കുന്നതായി യോഗം വിലയിരുത്തി.
ടൗൺഷിപ്പിലെ ഓടകളും തോടുകളും അടിയന്തരമായി വൃത്തിയാക്കി വെള്ളം സുഗമമായി ഒഴുകാൻ സൗകര്യമൊരുക്കാൻ കലക്ടർ ഡി.ആർ.മേഘശ്രീ ബന്ധപ്പെട്ട
ഉദ്യേഗസ്ഥർക്ക് നിർദേശം നൽകി. വെള്ളക്കെട്ട് തടയുന്നതിനായി ശാസ്ത്രീയമായ ഓവുചാൽ സംവിധാനങ്ങൾ ഒരുക്കുന്നതിനെക്കുറിച്ച് എൻജിനീയർമാർ പ്രപ്പോസൽ തയാറാക്കും.
നഗരസഭ, കെഎസ്ഇബി, വിവിധ വകുപ്പുകൾ, യുഎൽസിസി എന്നിവർ ഏകോപിതമായി പ്രവർത്തിക്കും. നിലവിലുള്ള പ്രശ്നങ്ങൾക്ക് താൽക്കാലിക സംവിധാനം ഒരുക്കുന്നതിനൊപ്പം ശാശ്വതമായ പരിഹാരത്തിന് നിർദേശങ്ങൾ നൽകും.
യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ, കൽപറ്റ നഗരസഭാധ്യധ്യക്ഷൻ പി. വിശ്വനാഥൻ, ടൗൺഷിപ് ചീഫ് ഓപറേറ്റിങ് ഓഫിസർ ഡോ.ജെ.ഒ.അരുൺ, ഡിസാസ്റ്റർ മാനേജ്മെന്റ് ഡപ്യൂട്ടി കലക്ടർ എം.കെ.ഇന്ദു, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
എംഎൽഎ സന്ദർശിച്ചു
കൽപറ്റ ∙ ടൗൺഷിപ്പിൽ കനത്തമഴയെ തുടർന്ന് മണ്ണൊലിപ്പുണ്ടായ പ്രദേശങ്ങളിൽ നിയുക്ത എംഎൽഎ ടി.സിദ്ദീഖ് സന്ദർശനം നടത്തി.
ഇന്നലെ ഉച്ചയോടെ ടൗൺഷിപ്പിലെത്തിയ അദ്ദേഹം മണ്ണൊലിച്ചിറങ്ങിയ വീടും സമീപപ്രദേശങ്ങളും നേരിൽക്കണ്ടു. തുടർന്ന് അദ്ദേഹം കലക്ടർ ഡി.ആർ.മേഘശ്രീ, ടൗൺഷിപ് സ്പെഷൽ ഓഫിസർ, കിഫ്കോൺ ഉദ്യോഗസ്ഥർ, ഊരാളുങ്കൽ സൊസൈറ്റി അധികൃതർ എന്നിവരുമായി ആശയവിനിമയം നടത്തി.
പ്രശ്നത്തിന് അടിയന്തരമായി പരിഹാരം കാണണമെന്ന് അദ്ദേഹം ബന്ധപ്പെട്ട
അധികൃതർക്ക് നിർദേശം നൽകി. ടൗൺഷിപ്പിൽ മണ്ണ് അശാസ്ത്രീയമായി കൂട്ടിയിട്ടിട്ടുണ്ടെന്നും മണ്ണ് സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഏതൊക്കെ സ്ഥലത്ത്, എന്തൊക്കെ ചെയ്യണമെന്ന് പ്രത്യേകം ഷെഡ്യൂൾ ഉണ്ടാക്കി സമയബന്ധിതമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ, കൗൺസിലർമാരായ ഷമീർ ഒടുവിൽ, ഗിരീഷ് കൽപറ്റ എന്നിവരും ഒപ്പമുണ്ടായിരുന്നു.
വീടുകളുടെ താക്കോൽ കൈമാറ്റം പുരോഗമിക്കുന്നു
കൽപറ്റ ∙ മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി സംസ്ഥാന സർക്കാർ എൽസ്റ്റൺ എസ്റ്റേറ്റിൽ ഒരുക്കുന്ന ടൗൺഷിപ്പിലെ ഫെയ്സ്വൺ ഗുണഭോക്താക്കൾക്കുള്ള വീടുകളുടെ താക്കോൽ കൈമാറ്റം പുരോഗമിക്കുന്നു.
കഴിഞ്ഞ 5ന് സോൺ ഒന്നിലെ ക്ലസ്റ്റർ ‘ഡി’ യിലെ 15 വീടുകളുടെ താക്കോൽ കൂടി കൈമാറി. ഇതോടെ കഴിഞ്ഞ 5 വരെ താക്കോൽ കൈമാറിയ വീടുകളുടെ എണ്ണം 61 ആയി.
ഇന്നു മുതൽ കൂടുതൽ വീടുകളുടെ താക്കോലുകൾ കൈമാറും. ഗുണഭോക്താക്കളെയും ഒപ്പംകൂട്ടിയുള്ള അവസാനഘട്ട
പരിശോധന പൂർത്തിയാക്കിയ ശേഷമാണു താക്കോലുകൾ കൈമാറുന്നത്. പരിശോധനയ്ക്കിടെ ഗുണഭോക്താക്കൾ ചൂണ്ടിക്കാണിച്ച അപാകതകൾ അധികൃതർ പരിഹരിച്ചിരുന്നു.
നിലം ഒരുക്കുന്നതു മുതൽ ആരംഭിച്ച 58 ഗുണമേന്മ പരിശോധനകൾക്കു ശേഷമാണ് അവസാനഘട്ട പരിശോധനയിലേക്ക് കടന്നത്.
എന്നാൽ, ഇൗ വീടുകളിൽ ഗുണഭോക്താക്കൾ കയറിത്താമസം തുടങ്ങിയിട്ടില്ല.
178 വീടുകളുടെയും നിർമാണം പൂർത്തിയായ ശേഷം ഒരുമിച്ച് കയറിത്താമസം തുടങ്ങാമെന്ന തീരുമാനത്തിലാണു ഗുണഭോക്താക്കൾ. 178 വീടുകളിലും വെള്ളവും വൈദ്യുതിയുമെത്തിക്കുന്ന പ്രവൃത്തികൾ നേരത്തെ പൂർത്തീകരിച്ചിരുന്നു.
വീടുകളിലേക്കുള്ള മലിനജല സംസ്ക്കരണ സംവിധാനവും പൂർത്തിയായി. 10 ബയോ സുവിജ് ട്രീന്റ്മെന്റ് പ്ലാന്റുകളിൽ (എസ്ടിപി) ആദ്യഘട്ട
വീടുകൾക്ക് ആവശ്യമായ ആറെണ്ണമാണ് സജ്ജമായത്. സോൺ ഒന്നിലെ ക്ലസ്റ്റർ റോഡുകൾ ഉൾപ്പെടെ ടൗൺഷിപ്പിനുള്ളിലെ 11.72 കിലോമീറ്റർ റോഡിന്റെ പ്രവൃത്തിയും പുരോഗമിക്കുകയാണ്.
300ലധികം വീടുകളുടെ വാർപ് ഇതിനോടകം പൂർത്തിയായി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

