സമാധാന ശ്രമങ്ങൾ നടക്കുമ്പോഴും ഇറാനും യുഎസും നടത്തുന്ന പരസ്പരവിരുദ്ധമായ പ്രസ്താവനകളിൽ ലോകം ആശങ്കയിൽ. ഇറാനുമായി സമാധാന കരാറിലെത്താനുള്ള സാധ്യതയുണ്ടെന്നാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവന.
കഴിഞ്ഞ 24 മണിക്കൂറിനിടെ ഇറാനുമായി നടന്ന ചർച്ചകളിൽ വലിയ പുരോഗതിയുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. വൈറ്റ് ഹൗസ് സമർപ്പിച്ച സമാധാന പ്ലാനിൽ ഇറാന്റെ നിലപാട് കാത്തിരിക്കുകയാണ് യുഎസ്.
അടുത്ത 48 മണിക്കൂറിനുള്ളിൽ ഇറാൻ നിലപാട് വ്യക്തമാക്കുമെന്നാണ് പ്രതീക്ഷ. ഇതിനു ശേഷമായിരിക്കും തുടർ നടപടികളിലേക്ക് കടക്കുന്നത്.
14 ഇനങ്ങളുള്ള ഒറ്റപ്പേജ് സമാധാന നിർദേശമാണ് യുഎസ് ഇറാനു മുന്നിൽ സമർപ്പിച്ചിരിക്കുന്നത്. ഇതിൽ ആണവ വിഷയങ്ങളിൽ അടക്കം ചില പരിഹരിക്കപ്പെടാത്ത ചില വിഷയങ്ങളുണ്ടെന്ന് ഇറാൻ നിലപാടെടുത്തതായി റിപ്പോർട്ടുകളുണ്ട്.
ഇന്നലെ കുതിച്ച ഓഹരി വിപണി ഇതിനിടയിൽ ഇന്നും നേട്ടമുണ്ടാക്കുമെന്നാണ് വിലയിരുത്തൽ. ക്രൂഡ് ഓയിൽ വില വീണ്ടും കയറുന്നു.
സ്വർണം വലിയ കുതിപ്പിൽ.
യുഎസ് – ഇറാൻ സംഘർഷത്തിന് പരിഹാരം അരികിലെത്തിയെന്ന റിപ്പോർട്ടുകൾ വന്നതോടെ ഇന്നലെ ഓഹരി വിപണി മികച്ച മുന്നേറ്റം നടത്തിയിരുന്നു. സെൻസെക്സ്, നിഫ്റ്റി സൂചികകൾ ഇന്നലെ 1.2% കയറി.
സമാധാന ചർച്ചകൾ പുരോഗമിക്കുന്നത് ക്രൂഡ്ഓയിൽ വില കുറച്ചിരുന്നു. ഇതോടെ വിപണി വലിയ മുന്നേറ്റം നടത്തുകയായിരുന്നു.
∙സെൻസെക്സിൽ 940.73 പോയിന്റും നിഫ്റ്റിയിൽ 298 പോയിന്റുമാണ് ഇന്നലത്തെ നേട്ടം.
ക്ലോസിങിൽ സെൻസെക്സ് 77,958.52ലും നിഫ്റ്റി 24,330.95ലും എത്തി. നിക്ഷേപകരുടെ ആസ്തി മൂല്യത്തിൽ ഇന്നലെ 6 ലക്ഷം കോടി രൂപയുടെ വർധനയുണ്ടായി.
∙കുതിച്ച് വ്യോമയാനം
ക്രൂഡ്വില ഇടിവിനെത്തുടർന്ന് ഏവിയേഷൻ ഓഹരികളിൽ വൻ മുന്നേറ്റമുണ്ടായി.
ഇൻഡിഗോയുടെ മാതൃകമ്പനിയായ ഇന്റർഗ്ലോബ് ഏവിയേഷൻ ഓഹരി ഇന്നലെ 6.6% ഉയർന്നു. സ്പൈസ്ജെറ്റ് ഓഹരിവില 5 ശതമാനവും മുന്നേറി.
വ്യോമയാന മേഖലയ്ക്ക് അടക്കം കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ക്രെഡിറ്റ് ഗാരന്റി പദ്ധതിയും ഏവിയേഷൻ മേഖലയിലേക്ക് കൂടുതൽ നിക്ഷേപകരെ ആകർഷിച്ചു.
∙ട്രെന്റ്, ഏഷ്യൻ പെയിന്റ്സ്, എച്ച്ഡിഎഫ്സി ബാങ്ക്, എസ്ബിഐ, എറ്റേണൽ തുടങ്ങിയ ഓഹരികളിലും വലിയ മുന്നേറ്റമുണ്ടായി. സ്മോൾക്യാപ്, മിഡ്ക്യാപ് ഓഹരികളിലും ഇന്നലെ വലിയ തോതിൽ മുന്നേറ്റം നടന്നു.
ബിഎസ്ഇ സ്മോൾക്യാപ് സൂചിക ഇന്നലെ 2.25 ശതമാനവും മിഡ്ക്യാപ് സൂചിക 2.10 ശതമാനവും നേട്ടമുണ്ടാക്കി. ബാങ്കിങ്, ഫിനാൻഷ്യൽസ്, റിയൽറ്റി മേഖലകളാണ് ഇന്നലെ മിന്നും പ്രകടനം നടത്തിയത്.
∙കരുത്തോടെ രൂപ
എണ്ണവില ഇടിഞ്ഞതോടെ അമേരിക്കൻ ഡോളറിനെതിരെ കരുത്താർജിച്ച് ഇന്ത്യൻ രൂപ.
ഇന്നലെ 69 പൈസ നേട്ടത്തോടെ രൂപയുടെ മൂല്യം ഡോളറിനെതിരെ 94.49 ആയി ഉയർന്നു. ചൊവ്വാഴ്ച വ്യാപാരത്തിനിടെ 95.44 എന്ന ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് രൂപയുടെ മൂല്യം വ്യാപാരത്തിനിടെ ഇടിഞ്ഞിരുന്നു.
എണ്ണവില കുറഞ്ഞതോടെ ഇറക്കുമതിച്ചെലവു കുറയുമെന്നുള്ള പ്രതീക്ഷയിലാണ് രൂപ ശക്തിപ്പെട്ടത്. റെക്കോർഡ് ഇടിവിലേക്കു പോയ രൂപയെ രക്ഷിക്കാനുള്ള ശ്രമങ്ങൾ റിസർവ് ബാങ്കിന്റെ ഭാഗത്തുനിന്നുണ്ടായതും ഓഹരി വിപണിയിലെ മുന്നേറ്റവും ഡോളർ സൂചിക ഇടിഞ്ഞതും രൂപയെ സഹായിച്ചു.
∙വിൽപന തുടർന്ന് വിദേശികൾ
ഇന്ത്യൻ ഓഹരി വിപണിയിൽ നിന്ന് വിദേശനിക്ഷേപകരുടെ പിൻവാങ്ങൽ ഇന്നലെയും തുടർന്നു.
ഇന്നലെ വിദേശികൾ 4,882 കോടി രൂപയുടെ അറ്റവിൽപനക്കാരായി. പ്രാദേശിക നിക്ഷേപകർ 5,934 കോടി രൂപയുടെ അറ്റ വാങ്ങലും നടത്തിയെന്ന് എൻഎസ്ഇ കണക്ക്.
∙ഇന്നലെ യുഎസ്, യൂറോപ്യൻ, ഏഷ്യൻ വിപണികളെല്ലാം മികച്ച നേട്ടത്തോടെയാണ് അവസാനിച്ചത്.
യുഎസിലെ എസ് ആൻഡ് പി 1.46 ശതമാനവും നാസ്ഡാക് 2.02 ശതമാനവും നേട്ടത്തിലായി. ഇരു സൂചികകളും റെക്കോർഡ് ഉയരത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഡോ സൂചിക 1.24 ശതമാനവും നേട്ടത്തിലായി.
∙ജാഗ്രതയോടെ നീങ്ങാൻ വിപണി
ഇന്ത്യൻ വിപണിയുടെ ഗതി മനസിലാക്കാൻ സഹായിക്കുന്ന ഗിഫ്റ്റ് നിഫ്റ്റിയിലെ വ്യാപാരം ഇന്നലെ മികച്ച നേട്ടത്തിലായിരുന്നു. ഇന്ന് നേരിയ നഷ്ടത്തിലേക്ക് മാറി.
നിലവിലെ സാഹചര്യങ്ങളിൽ ജാഗ്രതയോടെ നീങ്ങാനാണ് ഇന്ത്യൻ വിപണി ഒരുങ്ങുന്നതെന്നാണ് സൂചന. എങ്കിലും നേട്ടത്തോടെയാകും വിപണിയിൽ വ്യാപാരം ആരംഭിക്കുന്നതെന്നും വിദഗ്ധർ പറയുന്നു.
വീണ്ടും ഇറാൻ യുഎസ് സംഘർഷമുണ്ടായേക്കുമെന്ന സൂചനകളെ തുടർന്നാണിത്.
∙ജപ്പാനിൽ റെക്കോർഡ്
അതേസമയം, ഇന്ന് ഏഷ്യൻ വിപണികൾ മികച്ച മുന്നേറ്റത്തിലാണ്. ജപ്പാനിലെ നിക്കെയ് സൂചിക അഞ്ച് ശതമാനത്തോളം കുതിച്ച് റെക്കോർഡ് നിലയായ 62,000 പിന്നിട്ടു.
അഞ്ച് ശതമാനത്തിന് മുകളിലാണ് സൂചികയുടെ മുന്നേറ്റം. എന്നാൽ ദക്ഷിണ കൊറിയൻ കോസ്പി സൂചിക നഷ്ടത്തിലായ ശേഷം പിന്നീട് പച്ചയിലേക്ക് തിരികെയെത്തി.
ഷാൻഹായ് സൂചിക 0.19 ശതമാനവും ഹോങ്കോങ് സൂചിക 1.54 ശതമാനവും നേട്ടത്തിലാണ്.
∙ക്രൂഡ് ഓയിൽ
ഇറാൻ സമാധാന കരാറിൽ നിക്ഷേപകർ സംശയം പ്രകടിപ്പിച്ചതോടെ ക്രൂഡ് ഓയിൽ വില വീണ്ടും മുന്നേറാനുള്ള ഒരുക്കത്തിൽ. ഈ മാസം ആദ്യം ബാരലിന് 125 ഡോളറിനു മുകളിലായിരുന്ന ബ്രെന്റ് ക്രൂഡോയിൽ വില ഇന്നലെ 100 ഡോളർ നിലവാരത്തിലെത്തിയിരുന്നു.
10 ശതമാനത്തോളം ഇടിഞ്ഞ് വില വ്യാപാരത്തിനിടെ 98.33 ഡോളർവരെ എത്തി. എന്നാൽ ഇന്ന് ഏഷ്യൻ വ്യാപാരത്തിനിടെ ക്രൂഡ് ഓയിൽ വില നേരിയ കയറ്റത്തിലാണ്.
ബ്രെന്റ് ക്രൂഡ് ബാരലിന് 101 ഡോളറിലും ഡബ്ല്യുടിഐ 95 ഡോളറിലും എത്തി. എന്നാൽ യുഎഇയുടെ മർബൻ ക്രൂഡ് ബാരലിന് 98 ഡോളറിലേക്ക് ഇടിഞ്ഞു.
∙സ്വർണം കുതിപ്പിൽ
സ്വർണവിലയിൽ വീണ്ടും കുതിപ്പ്.രാജ്യാന്തര വിപണിയിൽ സ്വർണവില ട്രോയ് ഔൺസിന് (31.1ഗ്രാം) 125 ഡോളർ വർധിച്ച് ഇന്നലെ 4680 ഡോളർ നിരക്കിലെത്തി.
ഇന്ന് 3 ശതമാനത്തോളം വർധിച്ച് 4,703 ഡോളറെന്ന നിലയിലാണ്. ക്രൂഡ് ഓയിൽ വിലയും യുഎസ് ഡോളർ വിനിമയ നിരക്കും താഴ്ന്നതോടെ സ്വർണവില ഉയരുകയായിരുന്നു.കേരളത്തിൽ ഇന്നലെ ഗ്രാമിന് 270 രൂപ വർധിച്ച് 13945 രൂപയും പവന് 2160 രൂപ ഉയർന്ന് 1,11,560 രൂപയുമായി.
ഇന്നും വില വർധിക്കും.
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി/ഐപിഒ/സ്വർണം മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്.
നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

