പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രമുഖ താരം ദുൽഖർ സൽമാൻ നായകനായ പുതിയ ബിഗ് ബഡ്ജറ്റ് ആക്ഷൻ ത്രില്ലർ ചിത്രം “ഐ ആം ഗെയിം” എന്ന സിനിമയുടെ ട്രെയിലർ റിലീസ് മാറ്റിവച്ചു. ഇന്ന് വൈകുന്നേരം റിലീസ് ചെയ്യാന നിശ്ചയിച്ചിരുന്ന ട്രെയിലറാണ് സാങ്കേതിക തകരാർ കാരണം അടിയന്തരമായി മാറ്റിവെക്കേണ്ടി വന്നത്.
റിലീസ് മാറ്റിവെച്ചതുമായി ബന്ധപ്പെട്ട് ഔദ്യോഗിക വിവരങ്ങൾ നിർമ്മാണ കമ്പനിയായ വേഫെയർ ഫിലിംസ് പങ്കുവെച്ചിട്ടുണ്ട്. ‘സാങ്കേതിക തകരാർ കാരണം ഇന്നത്തെ ‘ഐ ആം ഗെയിം ട്രെയിലർ റിലീസ് മാറ്റിവെച്ചു.
ഏറ്റവും മികച്ച രീതിയിൽ ഇത് അവതരിപ്പിക്കാൻ ഞങ്ങൾ കഠിനമായി പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. പുതിയ ഷെഡ്യൂൾ ഉടൻ തന്നെ അറിയിക്കും.
നിങ്ങളുടെ ക്ഷമയ്ക്കും പിന്തുണയ്ക്കും നന്ദി’, എന്നാണ് അണിയറപ്രവർത്തകർ ഔദ്യോഗികമായി അറിയിച്ചത്. വൈകാതെ തന്നെ പുതിയ റിലീസ് തീയതി സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകും.
സൂപ്പർഹിറ്റ് ചിത്രം ആർഡിഎക്സ് സംവിധാനം ചെയ്ത നഹാസ് ഹിദായ സംവിധാനം ചെയ്യുന്ന ഈ ചിത്രം 2026 ഓഗസ്റ്റ് 20 ന് ഓണം റിലീസായി ആഗോള തലത്തിൽ തിയേറ്ററുകളിലെത്തും. ദുൽഖർ സൽമാൻന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നായാണ് ഇത് ഒരുങ്ങുന്നത്.
ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്ദു എന്നിവർ ചേർന്നാണ്. കൂടാതെ സജീർ ബാബ, ആദർശ് സുകുമാരൻ, ഷബാസ് റഷീദ് എന്നിവരാണ് ചിത്രത്തിന് സംഭാഷണങ്ങൾ ഒരുക്കിയിരിക്കുന്നത്.
തെന്നിന്ത്യയിലാകെ നൂറിലധികം വിവിധ ലൊക്കേഷനുകളിലായാണ് ചിത്രീകരണം പൂർത്തിയായത്. ജേക്സ് ബിജോയ് സംഗീതം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ആഗോള മ്യൂസിക് അവകാശം സ്വന്തമാക്കിയിരിക്കുന്നത് സീ മ്യൂസിക് ആണ്.
പ്രശസ്തരായ അൻപറിവ് മാസ്റ്റേഴ്സ് ആണ് ചിത്രത്തിനായി സംഘട്ടന രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്. ദുൽഖർ സൽമാൻന്റെ നാപ്പതാം ചിത്രമായിയെത്തുന്ന ഈ വലിയ പ്രൊജക്റ്റിൽ വമ്പൻ താരനിരയാണ് അണിനിരക്കുന്നത്.
ചിത്രത്തിൽ ആന്റണി വർഗീസ്, തമിഴ് നടനും സംവിധായകനുമായ മിഷ്കിൻ, കായദു ലോഹർ, കതിർ, പാർത്ഥ് തിവാരി, പ്രമുഖ തമിഴ് നായികാ താരം സംയുക്ത വിശ്വനാഥൻ തുടങ്ങിയ പ്രമുഖർ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ അഞ്ച് ഭാഷകളിലായി പാൻ ഇന്ത്യൻ തലത്തിലാണ് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

