കോട്ടയം ∙ ആദ്യം ചെറിയ കൂട്ടം. പിന്നെ അതു വലുതായി.
സിഎംഎസ് കോളജിലെയും ബസേലിയസിലെയും വിദ്യാർഥി സംഘടനാ പ്രവർത്തകരുടെ വൈകുന്നേരങ്ങളിലെ സൗഹൃദസദസ്സായി കോട്ടയം കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപത്തെ കോഫി ഹൗസ് മാറി. 1970കളുടെ രണ്ടാംപാതിയിലായിരുന്നു അത്.
ആ കൂട്ടായ്മയിലെ പ്രധാന കണ്ണിയായിരുന്നു ഡിജോ കാപ്പൻ.
വിദ്യാർഥി–യുവജന നേതാവായിരുന്ന സി.കെ.ജീവനായിരുന്നു കൂട്ടായ്മയുടെ കേന്ദ്രബിന്ദു. ജീവൻ 1998ൽ അന്തരിച്ചു.
ജീവന്റെ ഓർമയ്ക്കായി രൂപംകൊണ്ട ട്രസ്റ്റിന്റെ പേരിലായി പിന്നീടുള്ള ഒത്തുചേരൽ.
വൈകുന്നേരം തുടങ്ങുന്ന ആ കൂട്ടം വളർന്ന് രാത്രി കോഫി ഹൗസ് അടയ്ക്കുമ്പോൾ നാൽപതിലേറെ ആളുകൾ വരെയുണ്ടാകുമായിരുന്നു.
കെ.സുരേഷ് കുറുപ്പ്, ആന്റോ ആന്റണി, ജോസഫ് വാഴയ്ക്കൻ, ജോസഫ് എം.പുതുശ്ശേരി, മോൻസ് ജോസഫ്, ടോമി കല്ലാനി, വി.ബി.ബിനു, ജോർജ് സെബാസ്റ്റ്യൻ, പി.കെ.ഹരികുമാർ, പി.എ.സലിം, ഉഴവൂർ വിജയൻ, ചലച്ചിത്ര പ്രതിഭകളായ വേണു, രാജീവ് വിജയരാഘവൻ, എം.പി.സുകുമാരൻ നായർ, സുരേഷ് നമ്പൂതിരി, എഴുത്തുകാരൻ എസ്.ഗോപാലകൃഷ്ണൻ, കുര്യൻ തോമസ് (വാല്മീകി), തോമസ് സഖറിയാസ്, സിബി മോനിപ്പള്ളി, ആർട്ടിസ്റ്റ് ജീവാ സുകുമാരൻ, എം.ജെ.ശിവദാസ് പേരുകൾ ഇങ്ങനെ നീളും.
സി.കെ.ജീവന്റെ പേരിലുള്ള ട്രസ്റ്റ് പിന്നീട് കോട്ടയത്തിന്റെ സാംസ്കാരിക മുഖമായി മാറി. ആ കൂട്ടായ്മയിൽ നിന്ന് സിസ്റ്റർ അൽഫോൻസ ഓഫ് ഭരണങ്ങാനം എന്ന പേരിലൊരു ഡോക്യുമെന്ററിയുണ്ടായി.
ഡിജോ കാപ്പനായിരുന്ന നിർമാണച്ചുമതല. രാജീവ് വിജയരാഘവൻ സംവിധാനം ചെയ്തു.
ക്യാമറ വേണുവും എഡിറ്റിങ് ബീനാ പോളും.
രാകേന്ദു എന്ന പേരിൽ ഒരു സാംസ്കാരിക പരിപാടിയും ട്രസ്റ്റിന്റെ പേരിൽ നടത്തിയിരുന്നു. 2000ൽ ബസേലിയസ് കോളജിൽ നടന്ന രാകേന്ദുവിന്റെ നേതൃത്വം ഡിജോ കാപ്പനായിരുന്നുവെന്ന് എംജി സർവകലാശാലാ റിട്ട.പബ്ലിക്കേഷൻ ഡയറക്ടറായ കുര്യൻ തോമസ് ഓർമിക്കുന്നു.
മുഖ്യാതിഥിയായ മമ്മൂട്ടിയെ കൊച്ചിയിൽ നിന്നു കൂട്ടിക്കൊണ്ടുവരാൻ ഡിജോ കാപ്പൻ സ്വയം കാറോടിച്ചു പോയി.
തിരിച്ചു വന്നപ്പോൾ ഡ്രൈവർ സീറ്റിൽ സാക്ഷാൽ മമ്മൂട്ടി! ഡിജോയെപ്പോലെ ഞാനും ബെസ്റ്റ് ഡ്രൈവറാണെന്നാണ് അന്നു മമ്മൂട്ടി പറഞ്ഞത്.
മാണി സി.കാപ്പൻ എംഎൽഎ എഴുതുന്നു
എന്നും തുണയായ സഹോദരനും സുഹൃത്തും എനിക്കു സഹോദരനും സുഹൃത്തും ആയിരുന്നു ഡിജോ.
ഞങ്ങൾ തമ്മിൽ അകലമില്ലായിരുന്നു. അതിനുള്ള കാരണം അദ്ദേഹത്തിന്റെ മഹത്വം മാത്രമാണ്.
തിരഞ്ഞെടുപ്പുകളിൽ ഞാൻ തുടർച്ചയായി പരാജയപ്പെട്ടപ്പോഴെല്ലാം എന്നെ ആശ്വസിപ്പിച്ച് ബലപ്പെടുത്തിയത് നന്ദിയോടെ ഓർമിക്കുന്നു.
പിന്നീട് ഉപതിരഞ്ഞെടുപ്പിൽ ജയിച്ചിട്ടും എന്നെ രാഷ്ട്രീയമായി ഇല്ലാതാക്കാനുള്ള ശ്രമം ഉണ്ടായപ്പോൾ കരുത്തും കരുതലുമായി. ഈ തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ സജീവ സാന്നിധ്യമില്ലാതിരുന്നത് വലിയ കുറവാണെന്നും എനിക്കറിയാം.
ഏതു കാര്യവും വിശ്വസിച്ച് ഏൽപിക്കാൻ കഴിയുമായിരുന്നു.
കാര്യങ്ങൾ കൃത്യമായി പഠിക്കാനും വരുംവരായ്കകൾ മുൻകൂട്ടിക്കണ്ട് പ്രതിരോധിക്കാനും സമർഥമായി നടപ്പാക്കാനുമുള്ള അസാമാന്യ ബുദ്ധിവൈഭവും കർമശേഷിയുമുണ്ടായിരുന്നു. പ്രിയപ്പെട്ട
ഡിജോ, വേദനയോടെ വിട. നിന്റെ നിത്യശാന്തിക്കായി പ്രാർഥിക്കുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

