കോട്ടയം ∙ പൗരാവകാശങ്ങൾക്കു ചുറ്റും കോടതികൾ കൊണ്ടൊരു വേലികെട്ടി കണ്ണിമ ചിമ്മാതെ കാവൽ നിൽക്കാൻ ഇനി ഡിജോ കാപ്പനില്ല. സാമൂഹിക പ്രവർത്തകനും രാഷ്ട്രീയ നിരീക്ഷകനും ഉപഭോക്തൃ വിദ്യാഭ്യാസ മേഖലയിലെ വിദഗ്ധനുമായ അദ്ദേഹത്തിന്റെ മരണം മേയ് ദിനത്തിലായിരുന്നു.‘ഇതൊക്കെ ആരു ചോദിക്കാനാ..?’ എന്ന് ജനം ചോദിച്ച വിഷയങ്ങളിലെല്ലാം ഡിജോ കാപ്പൻ ഇടപെട്ടു.
ജനാധിപത്യ പ്രക്രിയയിലും നിയമ നിർവഹണത്തിലും കോടതികൾക്കുള്ള പങ്കിനെ ആഴത്തിൽ വിശ്വസിച്ച അദ്ദേഹം പ്രശ്നപരിഹാരത്തിനായി കോടതികൾ കയറിയിറങ്ങി.
തിരഞ്ഞെടുപ്പിൽ സ്ഥാനാർഥികളെക്കുറിച്ച് എതിർവികാരമുണ്ടെങ്കിൽ അതു പ്രതിഫലിപ്പിക്കാൻ നെഗറ്റീവ് വോട്ടിന് അവസരം തേടി 2009ൽ ഹൈക്കോടതിയിലെത്തി. വൈദ്യുതി നിരക്ക് വർധന, കെഎസ്ആർടിസിയുടെ ദുരവസ്ഥ, ബ്രഹ്മപുരം മാലിന്യ പ്ലാന്റ് ഉയർത്തുന്ന ഭീഷണികൾ, കൊച്ചി നഗരത്തിലെ മാലിന്യനീക്കം, റോഡിലെ പരസ്യ ബോർഡും യോഗങ്ങളും, റെയിൽവേ നിരക്ക് വർധന, കണ്ണീർവാതകവും ലാത്തിച്ചാർജും പ്രയോഗിക്കുന്നതിലെ ചട്ടലംഘനങ്ങൾ തുടങ്ങി പൗരാവകാശം ഹനിക്കപ്പെടുന്ന വിഷയങ്ങളെല്ലാം അദ്ദേഹം കോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നു.
സുഹൃത്തായ ജയിസ് വടക്കനോടൊപ്പം ചേർന്ന് 1988ൽ തുടക്കമിട്ട സെന്റർ ഫോർ കൺസ്യൂമർ എജ്യുക്കേഷന്റെ സഹായത്തോടെയാണ് ഉപഭോക്തൃ– കർഷക അവകാശ സംരക്ഷണ പോരാട്ടങ്ങളിൽ ഡിജോ ഇടപെടലുകൾ ആരംഭിച്ചത്.
ബസിൽ ഏറ്റവും കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാനാകുന്ന ദൂരം 2.5 കിലോമീറ്ററിൽനിന്ന് 5 കിലോമീറ്ററായി വർധിപ്പിച്ചത് ഹിയറിങ്ങിൽ പങ്കെടുത്ത ഡിജോ കാപ്പന്റെ ഇടപെടലിലൂടെയാണെന്ന് റഗുലേറ്ററി കമ്മിഷന്റെ ഉത്തരവിലുണ്ട്.
വൈദ്യുതി നിരക്ക് വർധിപ്പിക്കാനുള്ള റഗുലേറ്ററി കമ്മിഷൻ മീറ്റിങ്ങുകളിൽ ഗാർഹിക ഉപയോക്താക്കളുടെ പ്രതിനിധിയായി പങ്കെടുത്ത അദ്ദേഹം വർധനയല്ല, വൈദ്യുതിച്ചോർച്ച തടയുകയാണു ചെയ്യേണ്ടതെന്ന് വാദിച്ചു.
ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിൽ നെഗറ്റീവ് വോട്ട് രേഖപ്പെടുത്താൻ പ്രത്യേക ബട്ടൺ ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഡിജോ നൽകിയ ഹർജി പരിഗണിച്ച ഹൈക്കോടതി, സുപ്രീം കോടതിയിലെ ഭരണഘടനാ ബെഞ്ചിൽ നടക്കുന്ന സമാന വിഷയത്തിലെ വാദത്തിൽ ഡിജോയ്ക്ക് കക്ഷിചേരാമെന്ന നിർദേശത്തോടെയാണ് തീർപ്പാക്കിയത്. പൊതുവഴികൾ യാത്രയ്ക്കായുള്ളതാണെന്നും യോഗത്തിനും പ്രകടനത്തിനും ഉള്ളതല്ലെന്നും നിരീക്ഷിച്ച് പൊതുവഴി യോഗ, പ്രകടന നിയമത്തിലെ വ്യവസ്ഥകൾ ഹൈക്കോടതി റദ്ദാക്കിയതിനു പിന്നിലും ഡിജോ കാപ്പന്റെ നിയമപോരാട്ടമായിരുന്നു.
രോഗം കണ്ടെത്തി ചികിത്സിക്കുകയാണു ചെയ്യേണ്ടത് അല്ലാതെ രോഗിയെ കൊല്ലുകയല്ല വേണ്ടതെന്ന് കെഎസ്ആർടിസി നേരിടുന്ന സാമ്പത്തിക ബുദ്ധിമുട്ടുകളിൽ വിഷയത്തിൽ അദ്ദേഹം പറയുമായിരുന്നു.
റോഡ് സുരക്ഷയ്ക്കു ഭീഷണിയായ ഹോർഡിങ്ങുകളും പരസ്യബോർഡുകളും നീക്കണമെന്ന പരാതിയുമായി കോടതിയിലെത്തിയ അദ്ദേഹം നൽകിയ മറ്റൊരു ഹർജിയിലാണ് മാധ്യമസ്വാതന്ത്ര്യം ഭരണഘടന ഉറപ്പു നൽകുന്ന മൗലികാവകാശത്തിന്റെ ഭാഗമാണെന്നു ഹൈക്കോടതി വ്യക്തമാക്കിയത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

