ഉളുപ്പൂണി ∙ ഉളുപ്പൂണിയിലെ കൃഷിഭൂമിയിൽ നിർദിഷ്ട വനഭൂമിക്കായി വനംവകുപ്പ് നടത്തുന്ന സർവേ നാട്ടുകാർ തടഞ്ഞു.
വാഗമൺ വില്ലേജ് ബ്ലോക്ക് നമ്പർ 1ൽ സർവേ നമ്പർ 825, 831, 826, 932 പെട്ട സ്ഥലങ്ങളിലാണ് ഉദ്യോഗസ്ഥർ സർവേ നടപടികളുമായി എത്തിയത്.
ഇവിടെയുള്ള കൃഷിയിടങ്ങൾ വനംവകുപ്പ് അനധികൃതമായി ജണ്ടയിട്ട് കൈവശപ്പെടുത്തിയെന്നാണ് നാട്ടുകാർ പറയുന്നത്. ഹൈക്കോടതിയുടെ ഉത്തരവ് ലംഘിച്ചാണ് ഇപ്പോൾ സർവേ നടക്കുന്നതെന്നും പരാതിയുണ്ട്.
വനംവകുപ്പ് കൃഷിക്കാരുടെ സ്ഥലങ്ങൾ കയ്യേറി ഇക്കോ ടൂറിസത്തിന്റെ മറവിൽ ഇവിടെ ഓഫ് റോഡ് സവാരികൾ നടത്തുന്നതായും ഇത്തരത്തിൽ കൃഷിയിടങ്ങൾ നശിപ്പിച്ചതായും പ്രദേശത്ത് മണ്ണൊലിപ്പിന് സാധ്യതയുള്ളതായും പരാതിയുണ്ട്.
ടാക്സി ജീപ്പുകളിൽനിന്നും ഒരു ട്രിപ്പിന് 150 രൂപ ഈടാക്കിയാണ് ഇതുവഴി ഓഫ് റോഡ് സർവീസ് നടത്തുന്നത്. ഇതോടെ പ്രദേശത്തെ കൃഷിയിടങ്ങളിൽ മണ്ണിടിച്ചിൽ ഭീഷണിയിലാണ്.
കർഷകർ വനംവകുപ്പിന്റെ നടപടികൾക്കെതിരെ ഹൈക്കോടതിയിൽ പരാതി നൽകിയിരുന്നു.
കോടതിയിൽ വനംവകുപ്പിന് ഹാജരാക്കാൻ രേഖകളില്ലാത്ത അവസ്ഥയാണ്. ഈ രേഖകൾ കൃത്രിമമായി ഉണ്ടാക്കുന്നതിനാണ് വനംവകുപ്പ് ഇപ്പോൾ ധൃതിപിടിച്ച് സർവേ നടത്തുന്നതെന്ന് പ്രതിഷേധക്കാർ പറഞ്ഞു.
നാട്ടുകരാ തടഞ്ഞതോടെ പൊലീസ് സംരക്ഷണയിൽ സർവേ നടത്താൻ വനംവകുപ്പ് ശ്രമം തുടങ്ങി. ഇതിനെതിരെ കലക്ടർ അടക്കമുള്ളവരെ കണ്ട് പരാതി നൽകാനാണ് നാട്ടുകാരുടെ തീരുമാനം.
നടപടി നിർദിഷ്ട
റിസർവിന്റെ പേരിൽ
നിർദിഷ്ട റിസർവിന്റെ പേരു പറഞ്ഞാണ് വനംവകുപ്പ് നടപടികളുമായി മുന്നോട്ട് പോകുന്നത്.
2006ൽ വാഗമൺ റിസർവിന്റെ വിജ്ഞാപനമിറങ്ങി. ഇതിൽ ഇല്ലാത്ത സർവേ നമ്പറുകൾ ഉൾപ്പെടുത്തി 2025 ഫെബ്രുവരി 19ന് മുൻ വിജ്ഞാപനത്തിൽ ഭേദഗതി വരുത്തി.
ഹൈക്കോടതിയിൽ കേസ് നിലനിൽക്കുമ്പോഴായിരുന്നു വനംവകുപ്പിന്റെ നീക്കം. തുടർന്ന് പുതുതായി ഉൾപ്പെടുത്തിയ സർവേ നമ്പരുകളിൽ പട്ടയം നൽകുന്നതിന് മുൻപ് സംയുക്ത പരിശോധന വേണമെന്ന് ആവശ്യപ്പെട്ട് വണ്ടൻപതാൽ ഡപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസർ മനോജ് കെ.ചന്ദ്രൻ കഴിഞ്ഞ സെപ്റ്റംബറിൽ പീരുമേട് ലാൻഡ് അസൈൻമെന്റ് സ്പെഷൽ തഹസിൽദാർക്ക് കത്തു നൽകിയിരുന്നു.
ഇതോടെ മേഖലയിലെ നൂറുകണക്കിന് കർഷകരുടെ പട്ടയ നടപടികൾ ആശങ്കയിലായി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

