കോഴിക്കോട്∙ ലക്ഷദ്വീപുമായുള്ള കോഴിക്കോടിന്റെ ബന്ധത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. പണ്ടു കാലം മുതൽ ദ്വീപ് നിവാസികൾ ഏതു കാര്യത്തിനും ആശ്രയിച്ചിരുന്നത് ഈ നഗരത്തെയാണ്.
കോഴിക്കോട് നിന്നു ദ്വീപിലേക്കുള്ള കപ്പൽ സർവീസ് നിലച്ചതോടെ ദ്വീപും കോഴിക്കോടുമായുള്ള ബന്ധമറ്റു. ഈ ബന്ധത്തിന്റെ നിറമുള്ള ഓർമകളുമായാണ് ലക്ഷദ്വീപ് ദമ്പതികളായ മുഹമ്മദ് നൂറും നസീറയും ദ്വീപിൽ നിന്നുള്ള കാഴ്ചകളുടെ ചിത്രപ്രദർശനം കോഴിക്കോട്ട് സംഘടിപ്പിക്കുന്നത്.
കോഴിക്കോട്ടെ യൂണിവേഴ്സൽ ആർട്സിൽ നിന്നു തൊണ്ണൂറുകളുടെ അവസാനത്തിൽ ചിത്രകല അഭ്യസിച്ചവരാണ് ഈ ദമ്പതികൾ.
ദ്വീപിലെ ആഴക്കടൽ കാഴ്ചകളാണ് ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ ആരംഭിച്ച ചിത്രപ്രദർശനത്തിന് വ്യത്യസ്തതയേകുന്നത്. ലക്ഷദ്വീപിലെ കടലിൽ ഈ ദമ്പതികൾ ഊളിയിട്ടറിങ്ങിയപ്പോൾ കണ്ട
ആഴക്കടൽ വർണ വിസ്മയങ്ങളുടെ കാഴ്ചകളാണ് ചിത്രങ്ങളിൽ. ലക്ഷദ്വീപിലെ ഔദ്യോഗിക മത്സ്യമായ ബട്ടർഫ്ലൈ ഫിഷ്, ജെല്ലി ഫിഷ്, തിരണ്ടി, സ്രാവ്, ഡോൾഫിൻ, മോൺസ്റ്റർ ഫിഷ്, ചെമ്മീൻ, നീരാളി, ഹാമർ ഹെഡ്, കടൽ കുതിര, പവിഴപുറ്റ് എന്നിവയെല്ലാം ഇവരുടെ വരയിൽ തെളിയുന്നു.
കപ്പലിലുള്ളവർ കടലിൽ ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ആഴക്കടലിൽ നിന്നു ശേഖരിക്കുന്ന സ്കൂബ ഡൈവേഴ്സിന്റെ ചിത്രവും പ്രദർശനത്തിലുണ്ട്.
പ്രദർശനം 30 വരെയുണ്ട്. ‘ഏക് ദുനിയ ലഹരോം കെ നീച്ചേ’ എന്നു പേരിട്ട
പ്രദർശനത്തിൽ അക്രിലിക്കിൽ വരച്ച 50 ചിത്രങ്ങളാണുള്ളത്. ഇന്ത്യ റിസർവ് ബറ്റാലിയനിലെ ഹെഡ് കോൺസ്റ്റബിളാണ് ആന്ത്രോത്ത് ദ്വീപ് സ്വദേശിയായ മുഹമ്മദ് നൂർ.
ഭാര്യ നസീറ ലക്ഷദ്വീപ് ആർട്ട് അക്കാദമിയിലെ ഗ്ലാസ് പെയിന്റിങ് ഇൻസ്ട്രക്ടറാണ്.
പ്രദർശനം കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലെ ഡയറക്ടറേറ്റ് ഓഫ് ഓഡിയോ വിഷ്വൽ പബ്ലിസിറ്റി മുൻ ചീഫ് എക്സിബിഷൻ ഓഫിസർ എൻ.കെ.പി മുത്തുക്കോയ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. ചിത്രകാരൻ മദനൻ അധ്യക്ഷത വഹിച്ചു.
സിറാജ് കോയ, ശശി മോങ്ങം, പി.പി.ഹംസ, ഡോ. മുല്ലക്കോയ, ഡോ.
കബീർ, കെ.പി.മുത്തുക്കോയ, ഷാജി കുന്നമംഗലം, അഫ്സൽ വെള്ളിപറമ്പ് തുടങ്ങിയവർ പ്രസംഗിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

