വടകര ∙ രാഷ്ട്രീയ അക്രമക്കേസിലെ പ്രതിയായ യുഡിഎഫ് പ്രവർത്തകനെ അന്വേഷിച്ചു വീട്ടിലെത്തിയ പൊലീസ് അശ്ലീല പ്രയോഗം നടത്തിയതായി പരാതി. സ്ത്രീകൾ മാത്രമുള്ള വീട്ടിൽ രാത്രിയെത്തിയ പൊലീസിന്റെ തിരച്ചിൽ ചോദ്യം ചെയ്തതോടെയാണ് എസ്ഐയുടെ അസഭ്യ പ്രയോഗങ്ങളുണ്ടായത്.
പ്രതിയെ കണ്ടെത്താൻ ‘അലമാരയിലും അരിപ്പാത്രവും മാത്രമല്ല വേണ്ടിവന്നാൽ അടിപ്പാവാടയും’ തുറന്നു നോക്കുമെന്നായിരുന്നു പരാമർശം.
തിരുവള്ളൂരിൽ മുസ്ലിം ലീഗ് പ്രവർത്തകൻ കുണ്ടാട്ടിൽ സിദ്ദിഖിന്റെ വീട്ടിലായിരുന്നു പൊലീസ് അതിക്രമം. സിദ്ദിഖിന്റെ ഭാര്യ 20 ദിവസം മുൻപാണു പ്രസവിച്ചത്.
ഒരു വനിതാ എസ്ഐയും 20 പൊലീസുകാരുമാണു പരിശോധനയ്ക്കെത്തിയത്. അലമാരയും മറ്റും പരിശോധിച്ച ഇവർ വീടിന്റെ ഉൾഭാഗത്തിന്റെ വിഡിയോ ചിത്രീകരണവും നടത്തി.
ഇതിനിടെ സ്ത്രീകൾ മാത്രമുള്ള വീട്ടിൽ രാത്രി പൊലീസ് അതിക്രമിച്ചു കയറിയെന്നാരോപിച്ച് യുഡിഎഫ് പ്രവർത്തകരും പ്രതിഷേധവുമായെത്തി.
ഇതിനിടെയാണ് എസ്ഐയുടെ അസഭ്യ പ്രയോഗമുണ്ടായത്. ക്ഷുഭിതരായ യുഡിഎഫ് നേതാക്കൾ പൊലീസിനെതിരെ തിരിഞ്ഞതോടെ തിരച്ചിൽ മതിയാക്കി പൊലീസ് മടങ്ങുകയായിരുന്നു.
സ്ത്രീകൾ മാത്രമുള്ള വീട്ടിൽ വന്നു പറയാൻ പാടില്ലാത്ത വാക്കുകളാണ് എസ്ഐ പറഞ്ഞതെന്നു പ്രതിഷേധിക്കാനെത്തിയ യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി വി.പി.ദുൽഖിഫിൽ പറഞ്ഞു.
പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി എടുക്കാൻ ജില്ലാ പൊലീസ് മേധാവി തയാറാകണമെന്ന് ഡിസിസി പ്രസിഡന്റ് കെ.പ്രവീൺ കുമാർ ആവശ്യപ്പെട്ടു.
യുഡിഎഫിന്റെ പരാതി അന്വേഷിച്ച് വേണ്ട നടപടിയെടുക്കുമെന്ന് ജില്ലാ പൊലീസ് മേധാവി പി.കെ.ഫറാഷ് പറഞ്ഞു.
വിവാദ പ്രയോഗം നടത്തിയ പൊലീസ് ഉദ്യോഗസ്ഥൻ സംഭവത്തിൽ പ്രതികരിച്ചില്ല. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

