കൊച്ചി ∙ ഇതുപോലൊരു വിധി ഒരു പ്രോജക്ടിനും ഉണ്ടാവരുതേ; കൊച്ചിയുടെ മുഖഛായ മാറ്റുമായിരുന്ന വൈറ്റില മൊബിലിറ്റി ഹബ് പദ്ധതി ഒന്നാം ഘട്ടം പൂർത്തിയാക്കിയിട്ട് 16 വർഷം കഴിഞ്ഞു. ഇനി എങ്ങോട്ടു തിരിയണമെന്നു പോലും നിശ്ചയമില്ലാതെ പെരുവഴിയിൽ നിൽക്കുകയാണ് ഇക്കാലമത്രയും.
രണ്ടാംഘട്ട വികസനത്തിനു രണ്ടല്ല, 4 ഡിപിആർ തയാറാക്കി.
അതു സമർപ്പിച്ചപ്പോൾ നീതി ആയോഗ് നിർദേശിച്ചു, സ്വകാര്യ പങ്കാളിത്തം വേണം, കമ്പനിയാക്കണം. സൊസൈറ്റി പൊളിച്ചു കമ്പനിയാക്കാൻ 2022 ഫെബ്രുവരിയിൽ ഹബ് എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചു.
മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയുമാണു സൊസൈറ്റിയുടെ കാര്യക്കാർ. എന്നിട്ടും മേൽഗതിയില്ലാതെ, ആരോരുമില്ലാത്ത അനാഥനായി കിടക്കുന്നു മൊബിലിറ്റി ഹബ്.
ഇപ്പോഴും അവർ പറയുന്നു, ‘ ഇപ്പം ശരിയാക്കാം ’
വാടക പിരിക്കാൻ ഐഎഎസ് എംഡി
വൈറ്റില ജംക്ഷനിൽ കോടികൾ വിലമതിക്കുന്ന 26 ഏക്കർ സ്ഥലത്തിന്റെ ഉടമയായ ഹബ് സൊസൈറ്റിയുടെ ഇന്നത്തെ അവസ്ഥ പരിതാപകരം. സിറ്റി ബസ് ടെർമിനലിൽ കയറുന്ന ബസുകളിൽ നിന്നു ഫീസ് പിരിക്കാൻ മാത്രം രണ്ടു ജീവനക്കാർ.
ഇവർക്കു മുകളിൽ ഐഎഎസുകാരനായ എംഡി. മൊബിലിറ്റി ഹബ് സൊസൈറ്റിയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി ചേർന്നിട്ടു വർഷങ്ങളായി.
ഭാവിയെക്കുറിച്ചു കമ്മിറ്റിക്കേ തീരുമാനം എടുക്കാനാവൂ. ഹബ്ബിലെ പെട്രോൾ പമ്പ് വാടക കൊണ്ടു നിത്യ നിദാന ചെലവുകൾ നടത്തുന്നു; ഇന്ത്യയെ അതിശയിപ്പിക്കാൻ കൊച്ചി മുന്നോട്ടുവച്ച പ്രോജക്ടിന്റെ അവസ്ഥ!
ചോദിക്കാൻ ആരുമില്ല
റോഡ്, ജല, മെട്രോ ഗതാഗതമാർഗങ്ങൾ സമന്വയിപ്പിക്കാൻ കഴിയുന്ന ഏറ്റവും അനുയോജ്യമായ സ്ഥലമെന്ന നിലയിലാണു വൈറ്റില മൊബിലിറ്റി ഹബ് നിർമാണത്തിനു ലക്ഷ്യമിട്ടത്.
കേരഫെഡിന്റെയും കൃഷി വകുപ്പിന്റെയും ഉടമസ്ഥതയിലായിരുന്ന സ്ഥലം വിട്ടുകിട്ടാൻ വർഷങ്ങൾ നീണ്ട സമരങ്ങളും സമ്മർദങ്ങളും നടത്തി.
സ്ഥലം കിട്ടി, റെക്കോർഡ് സമയത്തിനുള്ളിൽ സിറ്റി ബസ് ടെർമിനൽ നിർമിച്ചു. പിന്നെ അനക്കമില്ലാതായി.
ഇതിനിടയിൽ 3 സർക്കാരുകൾ മാറിമാറി വന്നു. ആരും അനങ്ങിയില്ല.
ചോദിക്കാൻ ഉത്തരവാദിത്തമുള്ള ജനപ്രതിനിധികളും ചോദിച്ചില്ല. തൃക്കാക്കര മണ്ഡലത്തിലെ യുഡിഎഫിന്റെയും എൽഡിഎഫിന്റെയും പ്രകടന പത്രികയിൽ പോലും ഉൾപ്പെടാത്ത വിധം അത്ര ഗതികേടിലേക്ക് മൊബിലിറ്റി ഹബ് വികസനം വിസ്മൃതമായി.
സ്ഥലത്തിലാണ് കണ്ണ്
ഹബ്ബിന്റെ കൈവശമുള്ള സ്ഥലത്തിനു പലരും കണ്ണു വച്ചു തുടങ്ങി.
സ്ഥലത്തിന്റെ വാണിജ്യ പ്രാധാന്യമാണു കാരണം. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ പ്രാദേശിക വികസന പദ്ധതിയിൽ ഇവിടെ ടൂറിസം, വാണിജ്യ പദ്ധതികൾ നിർദേശിച്ചിരിക്കുന്നു.
ഗതാഗതം അവരുടെ മനസ്സിലും ഇല്ല. സൊസൈറ്റി ആയിരിക്കെത്തന്നെ ഫ്രഞ്ച് വികസന ബാങ്ക് (എഎഫ്ഡി ) ഹബ് രണ്ടാംഘട്ട
വികസനത്തിനു വായ്പ ഉറപ്പു നൽകിയതാണ്. അതു നഷ്ടപ്പെടുത്തി.
രണ്ടാം ഘട്ട വികസനത്തിനു സ്വകാര്യ പങ്കാളിത്തം നടപ്പാക്കണമോയെന്ന തർക്കത്തിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ല.
കമ്പനിയായി റജിസ്റ്റർ ചെയ്താൽ വിദേശ വായ്പ ഉൾപ്പെടെ സ്വീകരിക്കാനും സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കാനും കഴിയുമെന്നതിലാണ് ആ വഴി ചിന്തിച്ചത്.
രണ്ടാം ഘട്ടം 590 കോടി
ഏറ്റവും അവസാനമായി , കെഎംആർഎൽ തയാറാക്കിയ പ്രോജക്ട് റിപ്പോർട്ടിൽ മൊത്തം വിസ്തൃതിയുടെ 27% സ്ഥലത്തു മാത്രമാണു നിർമാണം. 22% റോഡ് ആയിരിക്കും.
50 % സ്ഥലത്തു മരങ്ങളും പച്ചപ്പുമായി തുറസായിടും. 50 സെന്റ് സ്ഥലം സിഎൻജി സ്റ്റേഷനു വേണ്ടി അദാനി– ഐഒസി സംയുക്ത കമ്പനിക്കു പാട്ടത്തിനു നൽകും.
590 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്നു. 1,500 കാറുകൾക്കും 2,500 ഇരുചക്ര വാഹനങ്ങൾക്കും 5 നിലകളിലായി പാർക്കിങ് സൗകര്യമൊരുക്കും.
സിറ്റി ബസുകൾ മുതൽ അന്തർ സംസ്ഥാന ബസുകൾ വരെ ഉൾക്കൊള്ളുന്നതാകും ബസ് ടെർമിനൽ. കൺവൻഷൻ സെന്റർ, കിയോസ്കുകൾ, പ്രീമിയം ഹോട്ടൽ, സോളർ പ്ലാന്റ്, മഴവെള്ള സംഭരണി, ഇലക്ട്രിക് വാഹനങ്ങൾക്കു ചാർജിങ് സ്റ്റേഷനുകൾ എന്നിവയും രണ്ടാംഘട്ട
വികസനത്തിലുണ്ട്. എന്തൊക്കെ എഴുതി വച്ചിട്ട് എന്തുകാര്യം, ചോദിക്കാനും പറയാനും ആളുവേണ്ടേ?.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

