വേലൂർ∙ തറവാട്ടു കുടുംബ ക്ഷേത്രത്തിലെ കളം പാട്ട് ഉത്സവത്തിൽ പങ്കെടുക്കുന്നതിനായി പ്രേമ ഉച്ചയോടെ വേലൂരിലെത്തിയപ്പോഴേക്കും അതുവരെ ജോലി ചെയ്തിരുന്ന മുണ്ടത്തിക്കോട്ടെ വെടിക്കട്ടുപുര സ്ഫോടനത്തിൽ കത്തിയമർന്നിരുന്നു. അപകടം പ്രേമയുടെ അടുത്തെത്തി വഴിമാറുന്നത് ഇത് മൂന്നാംതവണയാണ്.
ആദ്യ രണ്ട് അപകടങ്ങളിൽ ഭർതൃസഹോദരനെയും ഭർത്താവിനെയും നഷ്ടമായി; അവസാനത്തേതിൽ സുഹൃത്തുക്കളെയും. വേലൂർ മണിമലർക്കാവ് ക്ഷേത്രത്തിനടുത്ത് നെല്ലിക്കൽ വീട്ടിൽ പ്രേമ മുണ്ടത്തിക്കോട്ടെ വെടിക്കെട്ടുപുരയിൽ പടക്കക്കെട്ടു ജോലിയാണ് മറ്റു സ്ത്രീകൾക്കൊപ്പം ചെയ്തിരുന്നത്.
വെടിക്കെട്ടു ജോലികൾ ചെയ്യുന്ന കുടുംബത്തിലേക്കാണ് 53 വർഷം മുൻപ് പ്രേമ വിവാഹം കഴിഞ്ഞെത്തിയത്.പ്രേമയും ആ ജോലികൾ പഠിച്ചു.
സീസണുകളിൽ ഭർത്താവിനെ പടക്കനിർമാണശാലയിൽ സഹായിക്കും. അല്ലാത്തപ്പോൾ നസീസണല്ലാത്തപ്പോൾ നാട്ടു പണിക്കു പോകും. 1996 വേലൂർ മണിമലർക്കാവ് ക്ഷേത്രത്തിനു സമീപത്തെ വെടിക്കെട്ട് നിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ മരിച്ച ആറുപേരിൽ ഒരാൾ ഭർത്താവിന്റെ അനുജൻ തങ്കപ്പനായിരുന്നു.
ജോലി തീർന്ന് പ്രേമ വീട്ടിലേക്കു പോയതിനു പുറകെയാണ് സ്ഫോടനമുണ്ടായത്.
2003 ൽ ഇതേ സ്ഥലത്തെ പടക്കനിർമാണ ശാലയിലുണ്ടായ സ്ഫോടനത്തിൽ 4 പേർ സംഭവ സ്ഥലത്തും പ്രേമയുടെ ഭർത്താവ് വേലായുധൻ ഒരാഴ്ച കഴിഞ്ഞ് ആശുപത്രിയിലും മരിച്ചു. പണി കുറവായതിനാൽ അന്നത്തെ ദുരന്ത ദിനത്തിൽ പ്രേമ പടക്കനിർമാണശാലയിൽ പണിക്കെത്തിയിരുന്നില്ല. ഭർത്താവിന്റെ മരണശേഷം രണ്ടു കുട്ടികളുമടങ്ങുന്ന കുടുംബം പുലർത്താൻ പ്രേമ വീണ്ടും പടക്കശാലയിൽ പണിക്കുപോയി തുടങ്ങി.
ചൊവ്വാഴ്ചയിലെ ദുരന്തത്തോടെ താൻ ഇൗ തൊഴിൽ അവസാനിപ്പിക്കുകയാണെന്നും ഈ 74 വയസ്സുകാരി പറയുന്നു.
അവിശ്വസനീയമാം വിധം രക്ഷപ്പെട്ട് കിടപ്പുരോഗി
മുണ്ടത്തിക്കോട് ∙ വെടിക്കെട്ട് അപകടത്തിൽ വീടിന്റെ ജനൽ ചില്ലുകൾ മുറിയിലേക്ക് തകർന്ന് വീണെങ്കിലും പക്ഷാഘാതം മൂലം 4 വർഷമായി കിടപ്പിലായ കാർത്യായനി (75) പരുക്കേൽക്കാതെ രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് ബന്ധുക്കൾ. വീട്ടിൽ ഒറ്റയ്ക്ക് കഴിയുകയാണ് കാർത്യായനി.
തൊട്ടടുത്ത് താമസിക്കുന്ന സഹോദരി രാധയാണ് സഹായത്തിന് എത്താറുള്ളത്. അപകടം നടക്കുന്ന സമയത്ത് വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല.
പൊട്ടിത്തെറിയുടെ ശബ്ദം കേട്ടപ്പോൾ ഭയന്ന കാർത്യായനി ഏറെ ബുദ്ധിമുട്ടി മുറിയുടെ പുറത്തെത്തി. നിമിഷങ്ങൾക്കകം ജനൽചില്ലുകൾ ഇവർ കിടക്കുന്നതിന് സമീപം പതിക്കുകയായിരുന്നു.
ശബ്ദവും പുകയും ഉണ്ടാക്കിയ പേടി വിട്ടുമാറാത്ത അവസ്ഥയിലാണ് അവരിപ്പോൾ. ഇവരുടെ വീടിന്റെ ചുമരുകൾക്കും കേടുപാട് പറ്റിയിട്ടുണ്ട്.
സർക്കാർ സഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് നിരാലംബയായ കാർത്യായനി കഴിയുന്നത്.
തലനാരിഴ വ്യത്യാസത്തിൽ ജീവിതത്തിലേക്ക് നടന്നുകയറി വേലായുധൻ
മുണ്ടത്തിക്കോട്∙ആദ്യ ശബ്ദം കേട്ട ഉടനെ മുന്നും പിന്നും നോക്കാതെ വേലായുധൻ മരണമുഖത്ത് നിന്ന് ഓടിക്കയറിയത് ജീവിതത്തിലേക്ക്.
തിരി ഉണ്ടാക്കുന്ന ജോലിയിലായിരുന്നു വെട്ടിക്കാട്ടിൽ വേലായുധനടക്കമുള്ള ആറ് പേർ. ഇതിൽ അഞ്ച് പേരും സ്ത്രീ തൊഴിലാളികളായിരുന്നു.
ഡൈന ഉണ്ടാക്കുന്ന ഷെഡിൽ നിന്നാണ് ആദ്യ ശബ്ദം മുഴങ്ങിയതെന്ന് വേലായുധൻ പറയുന്നു. പിന്നീട് ഒന്നും നോക്കിയില്ല.
ഒപ്പമുണ്ടായിരുന്ന സ്ത്രീകളടക്കം എല്ലാവരും എണീറ്റോടി.
അതിൽ പരുക്കുകൾ ഇല്ലാതെ വേലായുധൻ രക്ഷപ്പെട്ടു. കുട്ടംകുളം പള്ളിയിലെ പെരുന്നാളിന് അവധിയെടുക്കേണ്ടതായിരുന്നു വേലായുധൻ.
ജോലി ചെയ്തു കൊണ്ടിരിക്കുമ്പോഴും പെരുന്നാളിന് വരാൻ ആവശ്യപ്പെട്ട് സുഹൃത്തുക്കൾ ഫോണിൽ വിളിച്ചിരുന്നതായി വേലായുധൻ പറഞ്ഞു. അപകട
സ്ഥലത്ത് ഫോൺ ഉപേക്ഷിച്ചാണ് ഇദ്ദേഹം രക്ഷപ്പെട്ടത്.ഫോണിൽ വേലായുധനെ കിട്ടാതായതോടെ വീട്ടുകാർക്കും നാട്ടുകാർക്കും ആശങ്കയായി. വേലായുധനെ കാണാനില്ലെന്ന് നാടാകെ പരന്നു.
എന്നാൽ മണിക്കൂറുകൾക്ക് ശേഷം വേലായുധൻ തിരിച്ചെത്തിയതോടെ ആശങ്കയ്ക്ക് വിരാമമായി.
ഒരു വ്യാഴവട്ടം മുൻപും ഇതേ അനുഭവം
മുണ്ടത്തിക്കോട്∙ 12 വർഷം മുൻപ് ഇതേ സ്ഥലത്ത് അപകടം നടന്നത് ഓർത്തെടുക്കുകയാണ് വേലായുധൻ. ഇപ്പോൾ അപകടത്തിൽപ്പെട്ട് അത്യാസന്ന നിലയിൽ കഴിയുന്ന സതീഷിന്റെ അച്ഛൻ മണിയാണ് അന്നത്തെ കരാറുകാരൻ.
രാത്രി 9 മണിയോടെ അമിട്ടിൽ നിറയ്ക്കുന്ന ഗുളികയ്ക്കാണ് അന്ന് തീപിടിച്ചത്. ജോലിക്കാരെല്ലാം വീട്ടിൽ പോയതിനാൽ ആർക്കും അപായം ഉണ്ടായില്ല.
തൃശൂർ പൂരത്തിനും തിരുവില്വാമല പറക്കോട്ടുകാവ് ക്ഷേത്രത്തിലേക്കും വെടിക്കെട്ടിനുള്ള സാമഗ്രികളാണ് നിർമിച്ചിരുന്നത്. എന്നാൽ തീപിടിത്തം ഉണ്ടായതോടെ ഇവയെല്ലാം കത്തിനശിച്ചതായി വേലായുധൻ ഓർക്കുന്നു.
നടുക്കുന്ന ഓർമകൾ വിട്ടുമാറാതെ ശാരദ
പുന്നയൂർക്കുളം ∙ വെടിക്കെട്ട് അപകടം കുന്നത്തൂർ കാഴുങ്ങൽ ശാരദയ്ക്ക് എന്നും നടക്കുന്ന ഓർമയാണ്.
2011 ഡിസംബർ 28ന് തൃശൂർ അത്താണിയിലെ പടക്കശാല തീപിടിച്ച് ഉണ്ടായ ദുരന്തത്തിലാണ് ഭർത്താവ് വാസുവിനെ ശാരദയ്ക്ക് നഷ്ടമായത്. അന്നത്തെ അപകടത്തിൽ 6 പേരാണ് മരിച്ചത്.
സംഭവത്തിനു തലേന്നാണ് നാട്ടുകാർക്ക് പ്രിയപ്പെട്ടവനായ വാസൂട്ടി വീട്ടിൽ വന്ന് പണി സ്ഥലത്തേക്ക് മടങ്ങിയത്. അപകട
വാർത്ത ടിവിയിൽ വന്നപ്പോഴൊന്നും വീട്ടുകാർ അറിഞ്ഞില്ല തങ്ങളുടെ വാസു ആണ് അപകടത്തിൽ മരിച്ചതെന്ന്. കാരണം പണി സ്ഥലത്ത് വാസു അറിയപ്പെട്ടിരുന്നത് വാസു പിള്ള എന്നായിരുന്നു.
മരിച്ചവരുടെ പട്ടികയിൽ വാസുവും വാസൂട്ടിയും ഇല്ലാതിരുന്നപ്പോൾ വീട്ടുകാരും നാട്ടുകാരും സമാധാനിച്ചു. പക്ഷേ, മരണം വാസുവിനെ കൊണ്ടുപോയിരുന്നു.വാസുവിന്റെ മരണത്തോടെ തകർന്നത് ഭാര്യ ശാരദയാണ്.
പറക്കമുറ്റാത്ത 4 മക്കളുമായുടെ ജീവിതം വെല്ലുവിളിയായിരുന്നു. കഷ്ടപ്പെട്ട് പണിയെടുത്ത് 3 പെൺമക്കളുടെയും വിവാഹം നടത്തി.
മകൻ വിഷ്ണു ടൈൽ ജോലി ചെയ്യുന്നു. അച്ഛന്റെ പണിയിയോടാണ് മകനു താൽപര്യം ഉണ്ടായിരുന്നതെങ്കിലും ഭർത്താവിന്റെ ദുരന്തം കണ്ട
ശാരദ മകനെ കരിമരുന്ന് പണിക്ക് വിട്ടില്ല.
അവധി തുണച്ചു, ദുരന്തം വഴിമാറി
മുണ്ടത്തിക്കോട്∙ പെരുന്നാളിന് അവധിയെടുത്തതിനാൽ മൂന്ന് കുരുന്നുകൾ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു. കുട്ടംകുളം 174–ാം നമ്പർ അങ്കണവാടിയിലെ കുരുന്നുകളായ ഇവാനിയ, നഫ്ക സഫീന, സൈറ സെൽജോ എന്നിവർ അങ്കണവാടിയിൽ നിന്നു വീടുകളിലേക്കു പോകേണ്ടിയിരുന്നത് വെടിക്കെട്ട് അപകടം നടന്ന ഷെഡിന് സമീപത്തുകൂടിയാണ്.
അങ്കണവാടി വിട്ട് കുട്ടികൾ രക്ഷിതാക്കളുമായി നടന്നുപോകുന്ന അതേ സമയത്താണ് പാടത്ത് പൊട്ടിത്തെറി ഉണ്ടായത്. കുട്ടംകുളം സെന്റ് ജോൺ ഇവാൻജലിസ്റ്റ് പള്ളിയിലെ പെരുന്നാൾ ആയിരുന്നതിനാൽ മൂവരും അവധി എടുക്കുകയായിരുന്നു.
നെഞ്ചുപൊട്ടി രാജീവ്
വെടിക്കെട്ട് ദുരന്തമുണ്ടായതിനു പിന്നാലെ മണികണ്ഠനെ തേടി സഹോദരൻ രാജീവും സുഹൃത്തുക്കളും മുണ്ടത്തിക്കോട് കുട്ടംകുളത്ത് എത്തിയിരുന്നു.
അനുജൻ ഉള്ളിലുണ്ടെന്നും വെടിക്കെട്ട് പുരകളുടെ സ്ഥലങ്ങൾ അറിയാമെന്നും രാജീവ് പൊലീസുകാരോട് പറഞ്ഞു. എന്നാൽ തുടർ സ്ഫോടനങ്ങളുണ്ടായതിനാൽ പൊലീസ് ആരെയും വെടിക്കെട്ട് നിർമാണ സ്ഥലത്തേക്ക് കടത്തിവിട്ടിരുന്നില്ല.
പിന്നീട് സ്ഫോടനങ്ങൾ ശമിച്ചതിനു ശേഷമാണ് അഗ്നിരക്ഷാ സേനാംഗങ്ങൾക്കൊപ്പം രാജീവിനെ കടത്തിവിട്ടത്. രാത്രി തിരച്ചിലവസാനിച്ചതോടെ രാജീവും മടങ്ങി.
തുടർന്ന് ഇന്നലെ രാവിലെ ഭൗതികദേഹം തിരിച്ചറിയുകയായിരുന്നു. പൊതുദർശനത്തിനായി കോട്ടപ്പുറത്തെത്തിച്ചപ്പോൾ നെഞ്ചുപൊട്ടി നിന്ന രാജീവും തീരാ നോവായി.
പ്രിയ കൂടപ്പിറപ്പിനെ യാത്രയാക്കാൻ അവസാനം വരെയും രാജീവ് ഒപ്പമുണ്ടായിരുന്നു.
തൃശൂർ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് ഇന്നലെ ഉച്ചയ്ക്കു പന്ത്രണ്ടോടെയാണ് മണികണ്ഠന്റെ ഭൗതികദേഹം കാമത്ത് ലെയ്നിലെ വീടിനു മുന്നിലെത്തിച്ചത്. ദുരന്തമുണ്ടായ ചൊവ്വ നടത്തിയ തിരച്ചിലിൽ നിന്നു ലഭിച്ച ശരീരാവശിഷ്ടങ്ങളിൽ നിന്ന് കമ്മൽ ധരിച്ച കാതും തോൾഭാഗവും കണ്ടാണ് രാവിലെ ബന്ധുക്കൾ മണിയെ തിരിച്ചറിഞ്ഞത്.
ആംബുലൻസിൽ ചുവപ്പ് പട്ടു ധരിപ്പിച്ച ഭൗതിക ദേഹത്തിനരികിൽ മണിയുടെ ഫോട്ടോയുണ്ടായിരുന്നു. അവസാനമായി കാണാനെത്തിയ സുഹൃത്തുക്കളടക്കം പലരും നെടുവീർപ്പോടെ അന്ത്യോപചാരമർപ്പിച്ചു.
ഇതിനു സാക്ഷിയായി കരഞ്ഞു തളർന്ന കുടുംബാംഗങ്ങൾ ആംബുലൻസിനു സമീപത്തും. സംസ്കാരത്തിനായി കൊണ്ടുപോകാൻ തയാറെടുത്തതോടെ ഉറ്റവരുടെ കൂട്ടക്കരച്ചിലായി.
‘‘എന്റെ പൊന്നു മോനേ…എന്റെ വീട്ടിലേക്ക് നീ ഇടയ്ക്കിടയ്ക്കു വരുമല്ലോടാ… എന്റെ കുട്ടാ..’’ എന്ന് ഈ കൂട്ടത്തിൽ നിന്നു നിലവിളിയുയർന്നു. ഇതോടെ എല്ലാവരും പരസ്പരം വാരിപ്പുണർന്ന് കൂട്ടത്തോടെ കരച്ചിലായി.
ഇതു കണ്ടു നിന്നവർക്കും നൊമ്പരമായി. തുടർന്ന് സംസ്കാരത്തിനായി പാറമേക്കാവ് ശാന്തിഘട്ടിലേക്കു കൊണ്ടുപോയി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

