ചങ്ങനാശേരി ∙ ജനജീവിതത്തെ ഏറെനേരം മുൾമുനയിൽ നിർത്തി പാടശേഖരത്തിലെ തീപിടിത്തം. ചങ്ങനാശേരിയിൽ എസി റോഡിനു സമീപത്തെ കാവാലിക്കരി പാടശേഖരത്തിലുണ്ടായ 7 മണിക്കൂർ നീണ്ട
തീപിടിത്തമാണു നാടിനെ നിശ്ചലമാക്കിയത്. ആലപ്പുഴ– ചങ്ങനാശേരി (എസി) റോഡിൽ വിവിധ സമയങ്ങളിലായി 3 മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.
കനത്ത പുക പടർന്നതോടെ വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് അപകടമുണ്ടാകാതിരിക്കാൻ നാട്ടുകാർ വാഹനങ്ങൾ നിയന്ത്രിക്കുകയായിരുന്നു.
എസി റോഡിൽ ഒന്നാം പാലം മുതൽ പാറയ്ക്കൽ കലുങ്ക് വരെയുള്ള 2.3 കിലോമീറ്റർ ദൂരത്തിൽ എസി റോഡ് പലപ്പോഴായി പുകയിൽ മുങ്ങി. കനത്ത പുകയിൽ കുടുങ്ങിയ കെഎസ്ആർടിസി ബസിനുള്ളിൽ ശ്വാസതടസ്സമുണ്ടായ കുട്ടിയെ അഗ്നിരക്ഷാസേനാംഗങ്ങൾ പുറത്തേക്കിറക്കി രക്ഷപ്പെടുത്തി.
പൂവം, എസി റോഡ് ഭാഗത്തെ 18ലധികം വീടുകളുടെ സമീപത്തേക്ക് ആളിപ്പടർന്ന തീ അഗ്നിരക്ഷാസേനയുടെ പരിശ്രമഫലമായി അണച്ചു.
എസി റോഡ് കോളനി, എസി കോളനി, പൂവം, കാവാലിക്കരി ഭാഗത്തെ വീടുകളിലേക്കു കനത്ത പുക കയറിയതോടെ കിടപ്പു രോഗികളടക്കം വലഞ്ഞു. പള്ളിപ്പറമ്പ്, തെങ്ങനോടി തുടങ്ങിയ തുരുത്തുകളും കനത്ത പുകയിൽ ഒറ്റപ്പെട്ടു പോയി.
പുകച്ചുരുളിൽ വീടുകളിൽ അകപ്പെട്ട് പോയ കുടുംബാംഗങ്ങളെ ഏറെ ശ്രമകരമായാണ് പുറത്തെത്തിച്ചത്. കൈക്കുഞ്ഞുങ്ങളെയും കൊണ്ട് അമ്മമാർ മറ്റ് സ്ഥലങ്ങളിലേക്ക് അഭയം തേടി.
പുകയും പൊടിപടലങ്ങളും കൊണ്ട് 10 കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശത്താണു തീപിടിച്ചത്. ആർക്കും പരുക്കുകളുണ്ടായില്ല എന്നത് ആശ്വാസ വാർത്ത.
രക്ഷാപ്രവർത്തനത്തിലേർപ്പെട്ട അഗ്നിരക്ഷാസേനാംഗങ്ങൾക്കും നാട്ടുകാർക്കും കെഎസ്ഇബി ജീവനക്കാർക്കും പൊലീസിനും പുക ശ്വസിച്ചുള്ള ശാരീരിക ബുദ്ധിമുട്ടുകളുണ്ടായി.
വൈകിട്ട് 5 മണിയോടെ തീ നിയന്ത്രണവിധേയമാക്കി.
തീയിട്ടതാര് ?
കൊയ്ത്തു കഴിഞ്ഞ പാടശേഖരത്തിൽ വെള്ളം കയറ്റുന്നതിനു മുൻപേ തീയിടുന്നത് പൊതുവേ പതിവാണ്. എന്നാൽ കനത്ത വെയിലും ശക്തമായ കാറ്റുമുള്ള സാഹചര്യത്തിൽ തീയിടരുന്നതെന്ന് പലപ്പോഴും മുന്നറിയിപ്പ് നൽകിയിട്ടുള്ളതാണ്.
ഇന്നലെയുണ്ടായ തീപിടിത്തവും ആരെങ്കിലും തീയിട്ടതാകാനാണ് സാധ്യതയെന്ന് പൊലീസ് പറഞ്ഞു. അന്വേഷണം നടത്തും.
ആശങ്കയുടെ തീ
എസി റോഡിനു പടിഞ്ഞാറു വശത്തായി 440 ഏക്കറിലാണ് കാവാലിക്കരി പാടശേഖരം.
പായിപ്പാട് പഞ്ചായത്തിന്റെ ഒന്നാം വാർഡാണ്. കൊയ്ത്തു കഴിഞ്ഞ പാടശേഖരത്തിൽ കിടന്ന കച്ചിയിലാണ് തീ പടർന്നത്.
രാവിലെ 10നാണ് പാറയ്ക്കൽ കലുങ്ക് ഭാഗത്ത് നിന്നാണ് ആദ്യം പുക ഉയരുന്നത്. 12 മണിയോടെ പൂവം ഭാഗത്തേക്ക് തീ പടർന്നു.
കാവാലിക്കരിയോട് ചേർന്ന് കിടക്കുന്ന 25 ഏക്കർ വരുന്ന കൊച്ചുതൊള്ളായിരം പാടശേഖരത്തേയും തീ വിഴുങ്ങി.
വില്ലനായി കാറ്റ്; ഹീറോ ആയി മഴ
കനത്ത കാറ്റാണ് തീ അതിവേഗം പടരാൻ കാരണമായതെന്ന് അഗ്നിരക്ഷാസേന പറയുന്നു. തീ അണയ്ക്കാൻ ചതുപ്പിലേക്ക് ഇറങ്ങിയ ഉദ്യോഗസ്ഥരുടെ അടുക്കലേക്ക് അതിവേഗം തീ ആളിപ്പടർത്തിക്കൊണ്ട് കാറ്റെത്തി.
‘റ’ അക്ഷരം പോലെ വലയം ചെയ്ത തീയിൽനിന്നു സേനാംഗങ്ങൾ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. വൈകിട്ട് തീ നിയന്ത്രണ വിധേയമായതോടെ പിന്നാലെ ആകാശത്ത് മഴക്കാറെത്തി.
ഭേദപ്പെട്ട മഴയും ലഭിച്ചതോടെ ആശങ്കയ്ക്ക് അവസാനം.
തലനാരിഴയ്ക്ക് രക്ഷപ്പെട്ട് കെഎസ്ഇബി
തീയുടെ വക്കിൽനിന്നു ലക്ഷങ്ങളുടെ മുതലാണ് കെഎസ്ഇബി രക്ഷിച്ചെടുത്തത്.
കിടങ്ങറയിലെ പുതിയ 33 കെവി സബ് സ്റ്റേഷനിൽ നിന്നു ചങ്ങനാശേരിയിലേക്ക് ലൈൻ വലിക്കുന്നതിനുള്ള കവേഡ് കണ്ടക്ടർ കേബിളുകളുടെ റോളുകൾ എസി റോഡിനു സമീപത്താണ് സൂക്ഷിച്ചിരുന്നത്. കെഎസ്ഇബി ഉദ്യോഗസ്ഥർ തീയും പുകയും അവഗണിച്ച് റോളുകൾ തള്ളി സുരക്ഷിത സ്ഥാനത്തേക്ക് എത്തിച്ചു.
ഒന്നിച്ച് നാട്
തീ തടുക്കാനും ആളുകളെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റാനും നാടും ഒന്നിച്ചു.
എസി റോഡിൽ പുകയിൽ പെട്ട യാത്രക്കാരെ വഴി തിരിച്ചുവിടാനും ശ്വാസതടസമുണ്ടായവരെ പരിചരിക്കാനും എസി റോഡ്, പൂവം ഭാഗത്തെ നാട്ടുകാരുണ്ടായിരുന്നു.അഗ്നിരക്ഷാസേനാംഗങ്ങളോടൊപ്പം തീയണയ്ക്കാനും നാട്ടുകാർ ഒപ്പം കൂടിയത് കൊണ്ടാണ് വീടുകളിലേക്കു തീ പടരാതിരുന്നത്.
പായിപ്പാട് ഒന്നാം വാർഡംഗം ജെനിമോൾ, മുൻ അംഗവും പൊതുപ്രവർത്തകനുമായ ജി.ജയൻ എന്നിവർ രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകി.
തീയണച്ച് സൂപ്പർ ഹീറോസ്
ചങ്ങനാശേരി അഗ്നിരക്ഷാസേനയുടെ ഇടപെടൽ വൻദുരന്തം ഒഴിവാക്കി. കനത്ത തീയും പുകയും അവഗണിച്ചാണ് ഒന്നാം പാലത്തിനു സമീപത്തെയും എസി റോഡ് പുറമ്പോക്ക് ഭാഗത്തെ വീടുകളിലേക്ക് പടർന്ന തീ അഗ്നിരക്ഷാസേന അണച്ചത്.
ചെറ്റയ്ക്കാട്ട് ജയ്നമ്മ വർഗീസിന്റെ വീടിനു സമീപത്തേക്ക് തീ ആളിയത് ഏറെ ശ്രമകരമായാണ് അണച്ചത്. ചങ്ങനാശേരി അഗ്നിരക്ഷാസേനയുടെ 4 യൂണിറ്റ് വാഹനവും തിരുവല്ല, കോട്ടയം എന്നിവിടങ്ങളിൽ നിന്നു ഓരോ യൂണിറ്റും എത്തി.
6 യൂണിറ്റ് ഉണ്ടായിരുന്നെങ്കിലും 10 യൂണിറ്റ് വെള്ളമാണ് തീ അണയ്ക്കാൻ എടുത്തത്. ആകെ 58,000 ലീറ്റർ വെള്ളം പമ്പ് ചെയ്തു.
ചങ്ങനാശേരി സ്റ്റേഷൻ ഓഫിസർ അനൂപ് രവീന്ദ്രന്റെ നേതൃത്വത്തിൽ വി.എസ്.ഷിബു, അതുൽദേവ്, ഇ.ജെ.അജയ്കുമാർ, നിയാസ്, ഗിരീഷ്, കെ.ആർ,മനോജ്, സാലിഹ്, റഷീദ്, ബെന്നി, അഭിലാഷ് ശേഖർ, വിനോദ്, ഫ്രാൻസിസ്, രഞ്ജിത് എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥരായ മുഹമ്മദ് ഷാഫി അബ്ബാസിയുടെ നേതൃത്വത്തിൽ കോട്ടയം യൂണിറ്റും നന്ദു മനോജിന്റെ നേതൃത്വത്തിൽ തിരുവല്ല യൂണിറ്റും പങ്കെടുത്തു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

