അഹമ്മദാബാദ്: ബോളിവുഡ് ഗായിക ജാസ്മിൻ സാൻഡ്ലാസിന്റെ ഏറ്റവും പുതിയ സ്റ്റേജ് ഷോയുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ വിമർശനങ്ങൾക്ക് വഴിയൊരുക്കുന്നു.
ആദിത്യ ധർ സംവിധാനം ചെയ്ത ‘ധുരന്ധർ’ എന്ന ചിത്രത്തിലെ ഗാനങ്ങളിലൂടെ തിളങ്ങിനിൽക്കുന്ന ജാസ്മിൻ, അഹമ്മദാബാദിൽ നടത്തിയ ലൈവ് കോൺസെർട്ടിനിടെ കാണിച്ച പ്രകടനങ്ങളാണ് ഒരു വിഭാഗം ആരാധകരെ ചൊടിപ്പിച്ചത്. വേദിയിൽ ഗാനമാലപിക്കുന്നതിനിടെ തന്റെ തലയിലേക്ക് വെള്ളമൊഴിച്ച ഗായികയുടെ പ്രകടനം അതിരുകടന്നുവെന്നാണ് സോഷ്യൽ മീഡിയയിലെ വിമർശനം.
ഏപ്രിൽ 19ന് നടന്ന പരിപാടിയിൽ തന്റെ ഹിറ്റ് ഗാനമായ ‘ശരാരത്’ പാടുന്നതിനിടെയായിരുന്നു നാടകീയ രംഗങ്ങൾ അരങ്ങേറിയത്. പ്രകടനം ആവേശമായതോടെ ജാസ്മിൻ മൈക്ക് താഴ്ത്തിവെക്കുകയും എന്നാൽ പാട്ട് പശ്ചാത്തലത്തിൽ കൃത്യമായി തുടരുകയും ചെയ്തു.
ഇത് ഗായിക വെറും ‘ലിപ് സിങ്കിംഗ്’ (ചുണ്ടനക്കം) മാത്രമാണ് നടത്തുന്നതെന്നും തത്സമയം പാടുന്നില്ലെന്നുമുള്ള ആരോപണത്തിന് ബലമേകി. ലൈവ് കോൺസെർട്ടിന് ടിക്കറ്റെടുത്ത് എത്തുന്നവരെ കബളിപ്പിക്കുകയാണെന്നും പാടുന്നതിനേക്കാൾ കൂടുതൽ അഭിനയിക്കാനാണ് ജാസ്മിൻ താല്പര്യപ്പെടുന്നതെന്നും സോഷ്യൽ മീഡിയയിൽ കമന്റുകൾ നിറയുകയാണ്.
ഗായികയുടെ വേഷവിധാനത്തെയും സ്റ്റേജിലെ പെരുമാറ്റത്തെയും പരിഹസിച്ച് നിരവധി ട്രോളുകളും പ്രചരിക്കുന്നുണ്ട്. “രണ്ട് പാട്ടുകൾ ഹിറ്റായതോടെ ഓവറാക്ടിംഗ് കൂടിപ്പോയി” എന്നും “വെള്ളം പോരാഞ്ഞാണോ പാടാത്തത്” എന്നും തുടങ്ങുന്ന പരിഹാസങ്ങളാണ് ഇൻസ്റ്റാഗ്രാമിലും എക്സിലും (ട്വിറ്റർ) വരുന്നത്.
എന്നാൽ ജാസ്മിന്റെ സ്റ്റേജ് എനർജിയെയും പ്രകടനത്തെയും പിന്തുണച്ചും ഒരു വിഭാഗം ആരാധകർ രംഗത്തെത്തിയിട്ടുണ്ട്. സൽമാൻ ഖാൻ ചിത്രം ‘കിക്ക്’ എന്ന സിനിമയിലെ ‘യാർ നാ മിലേ’ എന്ന ഗാനത്തിലൂടെയാണ് ജാസ്മിൻ ബോളിവുഡിൽ ശ്രദ്ധേയയായത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

