തിരുവനന്തപുരം സ്റ്റാച്യുവിലുള്ള കന്റോൺമെന്റ് പൊലീസ് കന്റീനിൽ നിന്ന് വിതരണം ചെയ്ത ഭക്ഷണത്തിൽ അട്ടയെ കണ്ടെത്തിയതിനെ തുടർന്ന് നടപടി. സംഭവത്തെത്തുടർന്ന് നഗരസഭ അധികൃതർ നടത്തിയ പരിശോധനയിൽ കന്റീൻ പൂട്ടാൻ ഉത്തരവിട്ടു.
ചൊവ്വാഴ്ച ഉച്ചയ്ക്ക് കന്റീനിൽ നിന്ന് പാർസലായി വാങ്ങിയ മീൻ ഫ്രൈയിലാണ് ചത്ത അട്ടയെ കണ്ടെത്തിയത്. പരാതിയെ തുടർന്ന് കോർപറേഷന്റെ പ്രത്യേക ആരോഗ്യ വിഭാഗം സംഘം കന്റീനിൽ നേരിട്ടെത്തി പരിശോധന നടത്തി.
കന്റീൻ അങ്ങേയറ്റം വൃത്തിഹീനമായ സാഹചര്യത്തിലാണ് പ്രവർത്തിക്കുന്നതെന്ന് പരിശോധനയിൽ ബോധ്യപ്പെട്ടു. ഇതേതുടർന്നാണ് കന്റീൻ അടച്ചുപൂട്ടാൻ അധികൃതർ നിർദ്ദേശം നൽകിയത്.
നേരത്തെയും ഈ കന്റീനെതിരെ പലതവണ പരാതികൾ ഉയർന്നിരുന്നു. എന്നാൽ, കന്റോൺമെന്റ് കൺട്രോൾ റൂമിലെ ഉദ്യോഗസ്ഥരുടെ പ്രധാന ഭക്ഷണ ആശ്രയമായതിനാൽ പലരും പരാതിപ്പെടാൻ മടിക്കുകയായിരുന്നു.
പുറത്തുനിന്നുള്ളവർക്ക് കരാർ നൽകിയാണ് കന്റീൻ പ്രവർത്തിപ്പിച്ചു വന്നിരുന്നത്. സംഭവത്തിൽ വിശദീകരണം നൽകാൻ കരാറുകാരനോട് കോർപറേഷൻ ഓഫീസിൽ ഹാജരാകാൻ നിർദ്ദേശിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

