മുളന്തുരുത്തി ∙ ഭൂമി സംരക്ഷിക്കണമെന്ന സന്ദേശവുമായി നാടെങ്ങും ഭൗമദിനം ആഘോഷിക്കുമ്പോഴും മേഖലയിൽ അനധികൃത മണ്ണെടുപ്പും പാടം നികത്തലും വ്യാപകമാകുന്നു. മുളന്തുരുത്തി, എടയ്ക്കാട്ടുവയൽ, ആമ്പല്ലൂർ പഞ്ചായത്തുകളിലാണു വ്യാപകമായി മണ്ണെടുപ്പും നിലംനികത്തലും നടക്കുന്നത്.
നിയമസഭ തിരഞ്ഞെടുപ്പ് മറയാക്കി ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണു മണ്ണുമാഫിയയുടെ പ്രവർത്തനമെന്നാണ് ആക്ഷേപം.
പുളിക്കമാലി, ആരക്കുന്നം, എടയ്ക്കാട്ടുവയൽ, കൈപ്പട്ടൂർ മേഖലയിലാണു രാത്രിയും പകലും തകൃതിയായി മണ്ണെടുപ്പ് നടക്കുന്നത്. മൈനിങ് ആൻഡ് ജിയോളജി വകുപ്പിന്റെ അനുമതിയോടെയാണു മണ്ണെടുപ്പ് നടക്കുന്നതെന്ന് അവകാശപ്പെടുമ്പോഴും പ്രദേശത്തെ ശുദ്ധജലക്ഷാമമോ പാരിസ്ഥിതിക പ്രശ്നങ്ങളോ അനുമതി നൽകുന്ന ഉദ്യോഗസ്ഥർ പരിഗണിക്കുന്നില്ലെന്നാണു പരാതി.
കർശന നിബന്ധനകളോടെയാണ് അനുമതി നൽകുന്നതെങ്കിലും ഇതു പാലിക്കപ്പെടുന്നുണ്ടോയെന്നു പരിശോധിക്കാൻ മണ്ണെടുപ്പ് നടക്കുന്ന സ്ഥലങ്ങളിൽ ആരും എത്താറില്ല. ടിപ്പറുകൾക്കുള്ള പാസുകളും വ്യാപകമായി ദുരുപയോഗം ചെയ്യുന്നുണ്ട്.
ഒരു ലോഡിനുള്ള പാസ് ഉപയോഗിച്ച് ഒരു ദിവസം മുഴുവൻ ടിപ്പറുകൾ മണ്ണുമായി പോകുന്നുണ്ട്.
ആമ്പല്ലൂർ പഞ്ചായത്തിലാണു വ്യാപകമായി നിലംനികത്തൽ നടക്കുന്നതെന്നാണു പരാതി. മുൻ ഭരണസമിതി കർശന നിലപാടെടുത്തതിനെ തുടർന്നു താരതമ്യേന മണ്ണെടുപ്പും പാടം നികത്തലും കുറഞ്ഞ പഞ്ചായത്തായിരുന്നു ആമ്പല്ലൂർ.
എന്നാൽ ഭരണം മാറിയതോടെ ആമ്പല്ലൂരും മണ്ണുമാഫിയ പിടിമുറുക്കിയിട്ടുണ്ട്. തീരദേശ റോഡിനോടു ചേർന്നുള്ള പാടങ്ങൾ നികത്താനും നീക്കം നടക്കുന്നുണ്ടെന്നാണ് ആരോപണം.
കിണർ വെള്ളം വറ്റുന്നു
കഴിഞ്ഞ 10 വർഷത്തിനിടെ ജില്ലയിൽ തന്നെ ഏറ്റവും കൂടുതൽ മലകൾ ഇടിച്ചുനിരത്തിയ മേഖലയാണ് മുളന്തുരുത്തി, എടയ്ക്കാട്ടുവയൽ പഞ്ചായത്തുകൾ.
അതുകൊണ്ടു തന്നെ ഓരോ വർഷം കഴിയുംതോറും ശുദ്ധജല ക്ഷാമവും മേഖലയിൽ രൂക്ഷമാണ്. വ്യാപകമായി മലകൾ നിരത്തിയതിനാൽ വേനൽ കനത്തതോടെ പ്രദേശത്തെ ജല സ്രോതസ്സുകളെല്ലാം വറ്റി.
കിണറുകളെല്ലാം വറ്റി വരണ്ട നിലയിലാണ്.
തീരാ ഉറവകൾ ഉണ്ടായിരുന്ന കിണറുകൾക്കു വരെ വരൾച്ച ബാധിച്ചു തുടങ്ങി. സ്ഥിതി രൂക്ഷമായതിനാൽ ഭൂഗർഭ ജലസ്രോതസ്സുകളെ ബാധിക്കുന്ന പ്രവർത്തനങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തണമെന്നാണ് ആവശ്യം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

