കൊച്ചി ∙ നഗരപ്രദേശങ്ങളിൽ രണ്ടും ഗ്രാമങ്ങളിൽ അഞ്ചു കിലോമീറ്റർ പരിധിക്കുള്ളിലും ഒരു പോസ്റ്റ് ഓഫിസ് മതി എന്ന തപാൽ വകുപ്പിന്റെ നിർദേശത്തിന്റെ ഭാഗമായി കോൺവന്റ് റോഡിലെ കോളജ് പോസ്റ്റ് ഓഫിസ് അടച്ചുപൂട്ടുന്നു. എറണാകുളം നഗരത്തിൽ പബ്ലിക് ലൈബ്രറി കെട്ടിടത്തിൽ നാലു പതിറ്റാണ്ടായി പ്രവർത്തിച്ചുകൊണ്ടിരുന്ന കോളജ് പോസ്റ്റ് ഓഫിസ് 25 മുതൽ പ്രവർത്തനം നിർത്തും.
എറണാകുളം ഹെഡ്പോസ്റ്റ് ഓഫിസുമായി ലയിപ്പിക്കാനാണു തപാൽ വകുപ്പിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി ഇവിടെയുള്ള 12 ജീവനക്കാരോട് 25 മുതൽ ഹെഡ് പോസ്റ്റ് ഓഫിസിൽ ജോലിക്കു കയറണമെന്നും നിർദേശിച്ചിട്ടുണ്ട്.
എറണാകുളം പബ്ലിക് ലൈബ്രറി കെട്ടിടത്തിലെ താഴത്തെ നിലയിൽ വാടകയ്ക്കാണു പോസ്റ്റ് ഓഫിസ് പ്രവർത്തിക്കുന്നത്.
പോസ്റ്റ് ഓഫിസ് ഇല്ലാതാകുന്നതോടെ 682035 എന്ന എറണാകുളത്തെ പിൻകോഡും ഇല്ലാതാകും. ഇത് പലരുടെയും മേൽവിലാസത്തിൽ വ്യത്യാസം ഉണ്ടാക്കുമെന്നും ജീവനക്കാർ പറയുന്നു.
പ്രതിദിനം ഒട്ടേറെ പേയ്മെന്റ്, തപാൽ, കുറിയർ സേവനങ്ങൾ നടക്കുന്ന ഓഫിസിൽ ഒട്ടേറെ സേവിങ്സ് അക്കൗണ്ടുകളും ഉണ്ട്. കോളജ് തപാൽ ഓഫിസ് പൂട്ടുന്നതോടെ ഉപഭോക്താക്കൾ സേവനങ്ങൾക്കായി എറണാകുളം ഹെഡ് പോസ്റ്റ് ഓഫിസിനെ ആശ്രയിക്കേണ്ട
അവസ്ഥയാണ്. ഇതോടെ എറണാകുളം ഹെഡ് പോസ്റ്റ് ഓഫിസിലെ തിരക്കു വീണ്ടും കൂടുമെന്ന ആശങ്കയും ഉപഭോക്താക്കൾക്കുണ്ട്.
മാത്രമല്ല ഹെഡ് പോസ്റ്റ് ഓഫിസിൽ സേവനങ്ങൾ ഒന്നാം നിലയിലായതിനാൽ വയോജനങ്ങൾക്കും ഭിന്നശേഷിക്കാർക്കും ബുദ്ധിമുട്ടാകും.
ദൂരപരിധി വ്യവസ്ഥ മുൻനിർത്തി ജില്ലയിൽ ഇതുവരെ മൂന്നു പോസ്റ്റ് ഓഫിസുകൾ പൂട്ടിക്കഴിഞ്ഞു. തൃപ്പൂണിത്തുറ ഫോർട്ട് പോസ്റ്റ് ഓഫിസ്, ചൂരക്കാട് തെക്കുംഭാഗം ബ്രാഞ്ച്, കൊച്ചി പാലസ് പോസ്റ്റ് ഓഫിസുകളാണു പൂട്ടിയത്.
പോസ്റ്റ് ഓഫിസ് പൂട്ടാനുള്ള നീക്കത്തിനെതിരെ ജീവനക്കാരുടെ സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ലാഭകരമല്ലാത്ത ഓഫിസുകളുടെ പ്രവർത്തനം നിർത്താനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നും സേവനങ്ങൾ തടസ്സപ്പെടാനും ഭാവിയിൽ പുതിയ തൊഴിലവസരങ്ങൾ ഇല്ലാതാക്കാനും ഇടയാക്കുമെന്നാണ് ജീവനക്കാരുടെ സംഘടനകൾ ആരോപിക്കുന്നത്
തോട്ടയ്ക്കാട്ടുകര, ഉളിയന്നൂർ പോസ്റ്റ് ഓഫിസുകളുടെ പ്രവർത്തനം ഇന്ന് അവസാനിക്കും
ആലുവ ∙ നഗരസഭയിലെ തോട്ടയ്ക്കാട്ടുകര പോസ്റ്റ് ഓഫിസിന്റെ പ്രവർത്തനം ഇന്ന് അവസാനിക്കും.
ഇതിന്റെ കീഴിലുള്ള ഉളിയന്നൂർ പോസ്റ്റ് ഓഫിസിന്റെ പ്രവർത്തനവും നിലയ്ക്കും. രണ്ടിടത്തെയും തപാൽ നിക്ഷേപങ്ങൾ യുസി കോളജ് പോസ്റ്റ് ഓഫിസിലേക്കു മാറ്റും.
പതിറ്റാണ്ടുകളായി നിലവിലുള്ള 683108 പിൻ നമ്പർ ഇതോടെ ഇല്ലാതാകും. തോട്ടയ്ക്കാട്ടുകരയിലെ പോസ്റ്റ്മാൻ ഡെലിവറി സംവിധാനങ്ങൾ നേരത്തെ ആലുവ ഹെഡ് പോസ്റ്റ് ഓഫിസിലേക്കു മാറ്റിയിരുന്നു.
പോസ്റ്റ് ഓഫിസ് നിർത്തലാക്കാൻ പോകുന്നുവെന്ന സൂചന ലഭിച്ചപ്പോൾ റസിഡന്റ്സ് അസോസിയേഷനുകൾ ഇതിനെതിരെ ഒപ്പു ശേഖരണം നടത്തിയിരുന്നു. തോട്ടയ്ക്കാട്ടുകര നിവാസിയായ അന്നത്തെ നഗരസഭാധ്യക്ഷൻ എം.ഒ.
ജോണിന്റെ നേതൃത്വത്തിൽ പ്രതിഷേധവും സംഘടിപ്പിച്ചു. തുടർന്നു താൽക്കാലികമായി മരവിപ്പിച്ച തീരുമാനമാണ് ഇപ്പോൾ നടപ്പാക്കുന്നത്.
പോസ്റ്റ് ഓഫിസ് നിർത്തലാക്കുന്നതിന്റെ ഭാഗമായി സാധനസാമഗ്രികൾ ഇവിടെ നിന്നു നീക്കുന്നതു നാട്ടുകാർ തടഞ്ഞേക്കുമെന്നു പ്രചാരണം ഉണ്ടായിരുന്നതിനാൽ അതെല്ലാം ഒരു ദിവസം മുൻപേ മാറ്റി.
പെരിയാറിന്റെ ഇരു കരകളിലായാണ് നഗരസഭയിലെ വാർഡുകൾ സ്ഥിതി ചെയ്യുന്നത്. പുഴയുടെ വടക്കേ കരയിലെ വാർഡുകളിൽ താമസിക്കുന്നവരെയാണ് പോസ്റ്റ് ഓഫിസ് റദ്ദാക്കൽ കൂടുതൽ ബാധിക്കുക.
കടുങ്ങല്ലൂർ പഞ്ചായത്തിൽ പെട്ട ഉളിയന്നൂർ പോസ്റ്റ് ഓഫിസ് നിർത്തലാക്കുന്ന വിവരം തപാൽ അധികൃതർ പുറത്തു പറയുന്നില്ല.
തോട്ടയ്ക്കാട്ടുകരയുടെ കീഴിലാണ് ഉളിയന്നൂർ പോസ്റ്റ് ഓഫിസ് എന്നതിനാൽ അതിന്റെ പ്രവർത്തനം സ്വാഭാവികമായി നിലയ്ക്കുകയാണ് ചെയ്യുന്നത്.
പോസ്റ്റ് ഓഫിസുകൾ നിർത്തലാക്കുന്നതു പ്രദേശവാസികളുടെ താൽപര്യത്തിനു വിരുദ്ധമായ നടപടിയാണെന്ന് അൻവർ സാദത്ത് എംഎൽഎ, നഗരസഭാധ്യക്ഷ സൈജി ജോളി മൂത്തേടൻ, ഉപാധ്യക്ഷൻ ഫാസിൽ ഹുസൈൻ എന്നിവർ പറഞ്ഞു. ഇതുമൂലം ജനങ്ങൾക്കും ജീവനക്കാർക്കും ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ എംഎൽഎ, പോസ്റ്റ് മാസ്റ്റർ ജനറലിന്റെ ശ്രദ്ധയിൽ പെടുത്തുകയും തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

