തുറവൂർ ∙ അരൂർ– തുറവൂർ ഉയരപ്പാത നിർമാണം പൂർത്തിയാകാൻ വൈകും. തുറവൂർ ജംക്ഷനിൽ നിന്നു തെക്കോട്ടുള്ള ഭാഗത്തെ നിർമാണം വൈകുന്നതാണു കാരണം.
നിലവിൽ ഉയരപ്പാതയുടെ 87% നിർമാണം പൂർത്തിയായിട്ടുണ്ട്. ഏപ്രിൽ അവസാന വാരത്തോടെ പാത പൂർത്തിയാക്കണമെന്നായിരുന്നു കരാർ വ്യവസ്ഥ.
എന്നാൽ ഡിസംബർ അവസാനത്തോടെ ഉയരപ്പാതയുടെ നിർമാണം പൂർത്തിയാക്കാമെന്ന് അരൂർ– തുറവൂർ ഉയരപ്പാത നിർമാണ കരാർ ഏറ്റെടുത്ത അശോക് ബിൽകോൺ കമ്പനി ദേശീയപാത അതോറിറ്റിക്കു റിപ്പോർട്ട് നൽകി.
തുറവൂർ മുതൽ തെക്കോട്ട് അടുത്ത റീച്ച് ആയതിനാൽ ഈ ഭാഗത്തെ 210 മീറ്റർ ഉയരപ്പാത നിർമിക്കാൻ കെസിസിക്കാണു കരാർ. തുടർന്ന് 280 മീറ്റർ നീളത്തിൽ മണ്ണിട്ട് ഉയർത്തി അപ്രോച്ച് റോഡും നിർമിക്കണം.
ഈ ഭാഗത്താണു പണികൾ തുടങ്ങാനുള്ളത്. അരൂർ മുതൽ തുറവൂർ വരെ റോഡിനു മധ്യത്തിലെ ഒറ്റത്തൂണുകളിലൂടെയാണ് ഉയരപ്പാത പോകുന്നത്.
എന്നാൽ തുറവൂരിനു തെക്കുഭാഗത്ത് റോഡിന് ഇരുവശത്തുമായി രണ്ടു തൂണുകളിലായാണു പാത നിർമിക്കുക.
തുറവൂർ ജംക്ഷനിൽ നിന്നു തെക്കോട്ടുള്ള ഭാഗവും ഒറ്റത്തൂണുകളിൽ നിർമിക്കാനായിരുന്നു ആദ്യ തീരുമാനം. എന്നാൽ പുതിയ രൂപരേഖ പ്രകാരം ഒറ്റത്തൂണിനു പകരം രണ്ടു തൂണിൽ പാത നിർമിക്കുന്ന രീതിയിലേക്കു മാറി.
ഇതോടെ ആകെ 12 തൂണുകൾ നിർമിക്കണം. മണ്ണ് പരിശോധന ഉൾപ്പെടെയുള്ള പ്രാഥമിക നടപടികൾ പൂർത്തിയായതിനു ശേഷമേ തൂണുകളുടെ നിർമാണം തുടങ്ങാനാകൂ.
ഇതു പണി വൈകാൻ ഇടയാക്കും. അശോക് ബിൽകോൺ കമ്പനിക്കു തൂണുകൾ നിർമിക്കുന്നതിനുള്ള നിർമാണ സാമഗ്രികൾ സ്ഥലത്തുണ്ട്.
എന്നാൽ കെസിസി നിർമാണ സാമഗ്രികൾ എത്തിച്ചു വേണം നിർമാണം ആരംഭിക്കാനെന്നതും പണിയെ ബാധിച്ചേക്കും.
തുറവൂരിൽ നിന്നു തെക്കോട്ടുള്ള പാതയിൽ 2 തൂണുകൾ നിർമിക്കുമ്പോൾ താഴ്ഭാഗത്തെ നാലുവരിപ്പാത രണ്ടുവരിയായി ചുരുങ്ങും. ഇതു ഗതാഗത തടസ്സമുണ്ടാക്കുന്നതിനാൽ ഒറ്റത്തൂണിൽ തന്നെ പാത നിർമിക്കണമെന്നാണു ജനങ്ങളുടെ ആവശ്യം.
തെക്കോട്ട് നീട്ടുന്നതോടെ അരൂർ–തുറവൂർ ഉയരപ്പാതയുടെ നീളം 12.75 കിലോമീറ്ററിൽ നിന്നു 13.31 കിലോമീറ്ററാകും. തുറവൂർ മുതൽ അരൂർ വരെ 354 തൂണുകളാണ് ഉയരപ്പാതയ്ക്കായി നിർമിച്ചത്.
പുതിയ രൂപരേഖ പ്രകാരം 366 തൂണുകളായി മാറും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

