നെടുമങ്ങാട് ∙ നിർമാണം നടക്കുന്ന വഴയില–പഴകുറ്റി നാലുവരിപ്പാതയിൽ വഴയില മുതൽ കരകുളം പാലം വരെ നാളെ (ഏപ്രിൽ 23) മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഇവിടെ റോഡിനു കുറുകെ ശുദ്ധജലപൈപ്പുകൾ കടന്നു പോകുന്ന മൂന്നിടങ്ങളിൽ പൈലിങ് നടത്തി കോൺക്രീറ്റ് കവചം ഒരുക്കുന്നതിനായാണു ഗതാഗത നിയന്ത്രണം.
ഈ ജോലികൾ പൂർത്തിയാകും വരെ വഴയില–കരകുളം പാലം റൂട്ടിൽ കെഎസ്ആർടിസി ബസുകൾ ഉൾപ്പെടെ വലിയ വാഹനങ്ങളുടെ ഗതാഗതം പൂർണമായി നിരോധിക്കും. എന്നാൽ പൈലിങ് നടക്കുന്ന ഭാഗത്ത് 3 മീറ്റർ വീതിയിൽ വഴി അനുവദിച്ച് ആംബുലൻസുകൾ അടക്കം ചെറിയ വാഹനങ്ങൾ കടത്തിവിടും.
തിരുവനന്തപുരത്തു നിന്ന് നെടുമങ്ങാട് ഭാഗത്തേക്കുള്ള കെഎസ്ആർടിസി ബസുകളും വലിയ വാഹനങ്ങളും വഴയിലയിൽ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് പള്ളിമുക്ക്, കല്ലയം വഴി നെടുമങ്ങാട് എത്തുന്ന വിധം ക്രമീകരിക്കും.
തിരുവനന്തപുരത്തേക്കുള്ള വലിയ വാഹനങ്ങൾ എട്ടാം കല്ല് കെൽട്രോൺ ജംക്ഷനിൽ നിന്ന് തിരിഞ്ഞ് കാച്ചാണി–മുക്കോല വഴി വഴയിലയിൽ എത്തുന്ന ഇപ്പോഴത്തെ രീതി തന്നെ തുടരും. പൈലിങ് കഴിഞ്ഞ് കോൺക്രീറ്റ് ചെയ്യുമ്പോൾ ഗതാഗതം പൂർണമായി നിയന്ത്രിച്ചേക്കാം.
ആ സമയത്തും വാഹനങ്ങൾ കടത്തി വിടാൻ ശ്രമിക്കുമെന്ന് പൊതുമരാമത്ത് അധികൃതർ പറഞ്ഞു. ആറാംകല്ലിലും കരകുളം പഞ്ചായത്ത് ഓഫിസിന് സമീപവും ജോലികൾ പൂർത്തിയായ ശേഷമാകും ഏണിക്കരയിൽ ജോലികൾ തുടങ്ങുക.പൈലിങ്–കോൺക്രീറ്റ് ജോലികൾ മൂന്നാഴ്ചയ്ക്കുള്ളിൽ പൂർത്തിയാകുമെന്നു മന്ത്രി ജി.ആർ.അനിൽ പറഞ്ഞു.
വഴയില–പഴകുറ്റി നാലുവരിപ്പാതയിൽ മേൽപ്പാലത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട് എട്ടാംകല്ല് മുതൽ കരകുളം പാലം വരെ 2 വർഷത്തോളമായി ഗതാഗതം നിരോധിച്ചിരിക്കുകയാണ്. സംസ്ഥാന പാതയിലെ ദീർഘകാലമായുള്ള ഗതാഗത നിരോധനം ജനങ്ങളെ ബുദ്ധിമുട്ടിക്കുമ്പോഴും പാലം നിർമാണം ഇഴയുകയാണെന്ന പരാതി ശക്തമാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

