തൃശൂർ ∙ ഇന്നലെ ഉച്ച കഴിഞ്ഞ് 3.20ന് ആയിരുന്നു നാടിനെ നടുക്കിയ പൊട്ടിത്തെറികളുടെ പരമ്പര. മുണ്ടത്തിക്കോട് കുട്ടംകുളം പാടത്തിനു നടുവിൽ തുരുത്തിനു സമാനമായ അഞ്ചേക്കർ പറമ്പിലായി 8 പുരകളിലായിട്ടായിരുന്നു വെടിക്കെട്ടു നിർമാണം.
തൃശൂർ പൂരത്തിന്റ സാംപിൾ വെടിക്കെട്ടിനും പ്രധാന വെടിക്കെട്ടിനും വേണ്ടി കുഴിമിന്നൽ, ഗുണ്ട്, ഡൈന, പലതരം അമിട്ടുകൾ, മാലപ്പടക്കം തുടങ്ങിയവ നിർമിച്ചു പല പുരകളിലായി സൂക്ഷിച്ചിരുന്നു.
അമിട്ടുകൾ സംഭരിച്ചിരുന്ന ഭാഗത്തുനിന്നാണ് ആദ്യ സ്ഫോടനങ്ങളുണ്ടായത്. മറ്റു പുരകളിലുണ്ടായിരുന്നവർ പുറത്തേക്കോടുന്നതിനിടെ എല്ലാ വെടിക്കോപ്പുകളിലേക്കും തീപടർന്നു.
3 ഉഗ്ര സ്ഫോടനങ്ങളിൽ വെടിക്കെട്ടുപുരകൾ 100 മീറ്ററിലേറെ ദൂരേക്കു ചിതറിത്തെറിച്ചു. പറമ്പിനു ചുറ്റുമുള്ള പാടത്തു 100 മീറ്റർ ചുറ്റളവിലേക്കുവരെ ശരീര ഭാഗങ്ങൾ തെറിച്ചുവീണു.
സമീപവാസികൾ ഓടിക്കൂടിയെങ്കിലും സ്ഫോടനങ്ങൾ തുടർന്നതോടെ അടുക്കാൻ കഴിഞ്ഞില്ല. പുറത്തേക്കു തെറിച്ചുവീണ ശരീരങ്ങൾ പൊലീസും അഗ്നിരക്ഷാസേനയുമെത്തി ആംബുലൻസുകളിൽ മെഡിക്കൽ കോളജിലേക്കു മാറ്റി.
എന്നാൽ, വെടിക്കെട്ടുപുര സ്ഥിതി ചെയ്യുന്ന പറമ്പിന്റെ പരിസരത്തേക്ക് അടുക്കാൻ കഴിയാത്തവിധം കുഴിമിന്നലും ഡൈനയും രണ്ടര മണിക്കൂറോളം തുടർച്ചയായി പൊട്ടി.
പാടത്തുകൂടി ഫയർ എൻജിനുകളെത്തിച്ചു ഘട്ടംഘട്ടമായി വെള്ളം ചീറ്റിച്ച് അപകടസാധ്യത കുറച്ചശേഷം 6 മണിയോടെയാണ് രക്ഷാപ്രവർത്തകർക്ക് ഉള്ളിൽ കടക്കാൻ കഴിഞ്ഞത്. ആറരയോടെ തീ നിയന്ത്രണവിധേയമാക്കി.
തീപ്പൊരി കനത്തചൂടു മൂലം? സൂചന പരുക്കേറ്റയാളുടെ മൊഴിയിൽ
തൃശൂർ ∙ തിരി വാരിക്കെട്ടുന്നതിനിടെ കനത്ത ചൂടു മൂലമുണ്ടായ തീപ്പൊരിയാകാം അപകടത്തിലേക്കു നയിച്ചതെന്നു സംശയിക്കുന്നു.
പരുക്കേറ്റവരിലൊരാൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ പൊലീസിനു നൽകിയ മൊഴിയിലാണ് ഈ സൂചനയുള്ളത്. അമിട്ട്, കുഴിമിന്നൽ, ഡൈന തുടങ്ങിയവയിൽ കരിമരുന്ന് കൊളുത്താൻ ഉപയോഗിക്കുന്ന തിരി വെടിക്കെട്ടുപുരയ്ക്കു സമീപം കൂട്ടത്തോടെ ഉണക്കാനിട്ടിരുന്നു.
രാസലായനിയിൽ മുക്കിയ ശേഷം പായയിലിട്ടാണ് ഇവ ഉണക്കിയെടുക്കുക. കടുത്ത വെയിലും ചൂടും കാരണം തിരി വേഗമുണങ്ങി.
3 മണിക്കു ശേഷം തിരി ഒന്നിച്ചു വാരിക്കെട്ടുന്നതിനിടെ പെട്ടെന്നു തീപ്പൊരിയുണ്ടായി ആളിക്കത്തി.
വാരിക്കെട്ടുന്നയാൾ ഉടൻ തിരി നിലത്തിട്ട് ഓടിയെങ്കിലും നിമിഷനേരത്തിനകം വെടിക്കെട്ടുപുരയിലേക്കു തീയാളി. നിലത്തു ചമ്രംപടിഞ്ഞിരുന്നു വെടിക്കോപ്പുകളിൽ കരിമരുന്നു നിറയ്ക്കുകയായിരുന്ന തൊഴിലാളികൾക്ക് എഴുന്നേറ്റോടാൻ സാവകാശം ലഭിച്ചില്ല.
ഒന്നാമത്തെ വെടിക്കെട്ടുപുര പൊട്ടിത്തെറിച്ചയുടൻ അടുത്തടുത്ത പുരകളിലും സ്ഫോടനങ്ങളുണ്ടായി. നിലത്തിരുന്നവരൊഴികെ മറ്റുള്ളവർ ഓടുന്നതിനിടെ സ്ഫോടനത്തിന്റെ ആഘാതത്തിൽ പല ഭാഗങ്ങളിലേക്കു തെറിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

