മൂവാറ്റുപുഴ ∙ അധികൃതരുടെ അനാസ്ഥയെത്തുടർന്ന് കൊച്ചി – ധനുഷ്കോടി ദേശീയപാതയിൽ മേക്കടമ്പ് പള്ളിത്താഴത്ത് 50 മീറ്ററോളം റോഡ് ടാറിങ് നടത്തിയില്ല. ഒന്നര വർഷമായി പൈപ്പ് പൊട്ടി വെള്ളം ഒഴുകുന്ന ഭാഗത്ത് അറ്റകുറ്റപ്പണി നടത്താതെ ടാറിങ് നടത്താനുള്ള നീക്കം നാട്ടുകാർ തടഞ്ഞതോടെയാണ് 50 മീറ്ററോളം ഭാഗം ഒഴിവാക്കി ടാറിങ് നടത്തിയത്.
ഇതോടെ തിരക്കേറിയ പാതയുടെ ഈ ഭാഗം വലിയ അപകടഭീഷണിയായി മാറി.
പള്ളിത്താഴത്ത് ദേശീയപാതയ്ക്ക് സമീപം പൈപ്പ് പൊട്ടി വെള്ളം കെട്ടിക്കിടക്കാൻ തുടങ്ങിയിട്ട് മാസങ്ങളേറെയായി. ജല അതോറിറ്റിയെ പലതവണ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ല.
ഇതിനിടെയാണ് കഴിഞ്ഞ ദിവസം ദേശീയപാത നവീകരണത്തിന്റെ ഭാഗമായി ഇവിടെ ടാറിങ് നടത്താൻ സംഘമെത്തിയത്. പൈപ്പിലെ ചോർച്ച പരിഹരിക്കാതെ ടാറിങ് നടത്തിയാൽ ദിവസങ്ങൾക്കകം റോഡ് വെട്ടിപ്പൊളിക്കേണ്ടി വരുമെന്ന് ചൂണ്ടിക്കാട്ടി നാട്ടുകാർ പ്രതിഷേധിച്ചു.
ഇതോടെ ഈ ഭാഗം ഒഴിവാക്കി ബാക്കി സ്ഥലങ്ങളിൽ ടാറിങ് പൂർത്തിയാക്കുകയായിരുന്നു.
നിലവിൽ 50 മീറ്ററോളം ഭാഗത്ത് ടാറിങ് നടത്താതെ ഉപേക്ഷിച്ചിരിക്കുകയാണ്. ബിഎംബിസി നിലവാരത്തിൽ മറ്റു ഭാഗങ്ങൾ ടാർ ചെയ്തപ്പോൾ, ഇത്രയും ഭാഗം കുഴികളായി കിടക്കുന്നത് രാത്രികാലങ്ങളിൽ വലിയ അപകടങ്ങൾക്ക് കാരണമാകും.
ടാറിങ് നടത്തിയ ഭാഗവും ചെയ്യാത്ത ഭാഗവും തമ്മിലുള്ള നിരപ്പു വ്യത്യാസം വാഹനയാത്രക്കാരെ, പ്രത്യേകിച്ച് ഇരുചക്ര വാഹനയാത്രക്കാരെ അപകടത്തിൽപ്പെടുത്താൻ സാധ്യതയുണ്ട്.
ഒഴിവാക്കിയ ഭാഗത്ത് എന്ന് ടാറിങ് നടത്തുമെന്ന കാര്യത്തിൽ ദേശീയപാത അതോറിറ്റിയോ കരാറുകാരോ ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല. ജല അതോറിറ്റി പൈപ്പ് നന്നാക്കാതെ ഇനി ടാറിങ് നടത്തില്ലെന്നാണ് അധികൃതരുടെ നിലപാട്.
എന്നാൽ അറ്റകുറ്റപ്പണി എന്ന് തുടങ്ങുമെന്ന കാര്യത്തിൽ ജല അതോറിറ്റിയും മൗനം തുടരുകയാണ്. വകുപ്പുകൾ തമ്മിലുള്ള ഏകോപനമില്ലായ്മ മൂലം വലയുന്നത് സാധാരണക്കാരായ യാത്രക്കാരാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

