തി
രഞ്ഞെടുപ്പും വിഷുവും കഴിഞ്ഞതോടെ നാട്ടിലും വീട്ടിലും ‘വെക്കേഷൻ മോഡ്’ ഓൺ ആയിക്കഴിഞ്ഞു. അവധിക്കാലം തുടങ്ങിയതോടെ ഓരോ ദിവസവും ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്.
ഭാവിയിൽ ജില്ലയുടെ പ്രധാന വരുമാന മാർഗങ്ങളിൽ ഒന്നായി വിനോദസഞ്ചാരവും മാറുമെന്നത് ഉറപ്പാണ്. മലയാള മനോരമ മലബാറിൽ പ്രവർത്തനം തുടങ്ങിയിട്ട് 2026 ഡിസംബർ ഒന്നിന് 60 വർഷം തികയുകയാണ്.
60–ാം പിറന്നാളാഘോഷത്തിന്റെ ഭാഗമായി മലബാറിന്റെ വിനോദസഞ്ചാര മേഖലയിലെ വികസനത്തിന്റെ സാധ്യതകൾ തേടി മനോരമ ഒരു യാത്ര പോകുകയാണ്. ആദ്യയാത്ര ജില്ലയുടെ തെക്കേയറ്റത്തുള്ള കണ്ടൽക്കാടുകളും ജില്ലയുടെ വടക്കേയറ്റത്തുള്ള കുന്നിൻമുകളിൽ ഒളിഞ്ഞിരിക്കുന്ന ദൃശ്യവിസ്മയവും കണ്ടറിയാനാണ്.
അടുത്തറിയാം ഈ പുഴയോരം
പുഴയോരത്ത് പച്ചപ്പ് വിരിച്ചുനിൽക്കുന്ന കണ്ടൽക്കാടുകളാണ് കടലുണ്ടിയുടെ സൗന്ദര്യം.
പ്രകൃതി കനിഞ്ഞു നൽകിയ വശ്യചാരുത. കടലുണ്ടി–വള്ളിക്കുന്ന് കമ്യൂണിറ്റി റിസർവ് ഇക്കോ ടൂറിസം കേന്ദ്രത്തിൽ തോണി സർവീസും പുഴയോര സഞ്ചാരപാതയും ഒരുക്കിയിട്ടുണ്ടെങ്കിലും പ്രകൃതി സൗഹൃദ ടൂറിസം രംഗത്ത് ഇനിയും കടലുണ്ടി ഏറെ മുന്നേറാനുണ്ട്.
ജൈവവൈവിധ്യം കൊണ്ടു സമ്പന്നമാണ് കടലുണ്ടി കമ്യൂണിറ്റി റിസർവ് ഇക്കോ ടൂറിസം കേന്ദ്രം. പുഴയോരത്തെ ചെളിത്തിട്ടയിൽ കലപില കൂട്ടുന്ന ദേശാടനപ്പക്ഷികൾ, കണ്ടലുകൾക്കിടയിലൂടെ തോണിയാത്ര, കടലുണ്ടിക്കടവ് അഴിമുഖം, പുഴയാൽ ചുറ്റപ്പെട്ട
തുരുത്തുകൾ, ബ്രിട്ടിഷ് നിർമിത പഴയ റെയിൽവേ പാലം, ബീച്ച് എന്നിങ്ങനെ സഞ്ചാരികൾ കണ്ടിരിക്കേണ്ട കാഴ്ചകൾ വേറെയുമുണ്ട്.
കണ്ടറിയണം കണ്ടൽക്കാടുകൾ
കടലുണ്ടി, വള്ളിക്കുന്ന് പഞ്ചായത്തുകളിലായി 30 ഹെക്ടറിൽ വ്യാപിച്ചു കിടക്കുന്നതാണ് കണ്ടൽ വനമേഖല.
കണ്ടലുമായി ബന്ധമുള്ള വള്ളിമുല്ല, പൊന്നുംവള്ളി, പുഴമുഞ്ഞ, ചെള്ളിപ്പുല്ല് തുടങ്ങിയ ഉപജാതി സസ്യങ്ങളും തീരപ്രദേശങ്ങളിൽ തഴച്ചു വളരുന്നു.മണൽ അടിഞ്ഞ് ശ്വസനവേരുകൾ മൂടി കണ്ടലുകൾ നാശത്തിന്റെ വക്കിലാണ്. യഥാസമയം മണൽ നീക്കം ചെയ്താൽ മാത്രമേ കണ്ടൽച്ചെടികൾക്ക് നിലനിൽപുള്ളൂ.
കണ്ടൽക്കാടുകൾക്കു സമീപം ചെളിത്തിട്ട വ്യാപിച്ചത് തോണി യാത്രയ്ക്കു തടസ്സമാണ്.
കടലുണ്ടിയിലെ ടൂറിസം സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുന്നതിനുള്ള സമഗ്ര പദ്ധതി പഞ്ചായത്ത് തയാറാക്കി വരികയാണ്.
പ്രദേശവാസികളുടെ പങ്കാളിത്തത്തോടെ കടലുണ്ടിയെ മികച്ച ഗ്രാമീണ ടൂറിസം വില്ലേജാക്കി മാറ്റാനാണ് ലക്ഷ്യം. കമ്യൂണിറ്റി റിസർവ് ഇക്കോ ടൂറിസം കേന്ദ്രത്തിലെ പ്രകൃതി സഞ്ചാര പാതയുടെ രണ്ടാംഘട്ടം പൂർത്തിയാക്കും.
കണ്ടൽ മ്യൂസിയവും ടൂറിസം സർക്കീറ്റും സജ്ജമാക്കുന്നതിൽ വനം–ടൂറിസം വകുപ്പുകളുമായും മാനേജ്മെന്റ് കമ്മിറ്റിയുമായും ചർച്ച നടത്തണം. തദ്ദേശീയ ഭക്ഷണം, പാരമ്പര്യ കൈത്തൊഴിലുകൾ എന്നിവ ഉൾപ്പെടുത്തി വില്ലേജ് ലൈഫ് എക്സ്പീരിയൻസ് പാക്കേജുകൾ അവതരിപ്പിച്ചാൽ മികച്ച പ്രതികരണമായിരിക്കും.
കണ്ടൽക്കാടുകളിലേക്ക് വേലിയിറക്ക സമയത്ത് തോണി യാത്ര സാധ്യമാക്കാൻ ഡ്രജിങ് നടത്തി ആഴം കൂട്ടി സ്ഥിരം തോണി ചാനൽ നിർമിക്കുന്ന കാര്യം പരിഗണനയിലുണ്ട്. പുതുതായി നിർമിച്ച ബോർഡ് വോക്ക് വേ തുറന്നു നൽകുന്നതോടെ കണ്ടൽക്കാടുകളിലേക്ക് നടന്നു പോകാനാകും.
ഒ.ഭക്തവത്സലൻ, കടലുണ്ടി പഞ്ചായത്ത് പ്രസിഡന്റ്, ബേപ്പൂർ ടൂറിസം ഡെസ്റ്റിനേഷൻ മാനേജ്മെന്റ് കമ്മിറ്റി വൈസ് ചെയർമാൻ
ദേശാടനപ്പക്ഷികൾ ഇതിലേ…
കടലുണ്ടി–വള്ളിക്കുന്ന് കമ്യൂണിറ്റി റിസർവ് ഇക്കോ ടൂറിസം കേന്ദ്രത്തിന്റെ ഭാഗമായ കടലുണ്ടി പക്ഷിസങ്കേതത്തിൽ മധ്യേഷ്യയിൽ നിന്നും യൂറോപ്പിൽ നിന്നും 33 ഇനം ദേശാടനപക്ഷികളും 66 ഇനം തദ്ദേശീയ പക്ഷികളും വിരുന്നെത്താറുണ്ട്.
സെപ്റ്റംബർ–ഒക്ടോബർ മാസങ്ങളിൽ എത്തുന്ന സഞ്ചാരിപക്ഷികൾ പ്രജനനം കഴിഞ്ഞു മാർച്ച് അവസാനത്തോടെയാണു മടങ്ങുക. ദേശാടനപ്പക്ഷികളെ അടുത്തു കാണാൻ കടലുണ്ടിയിൽ തോണി യാത്ര സൗകര്യമുണ്ട്.
കിളികളുടെ തീറ്റപ്പാടമായ പനയംമാട് മണലും ചെളിയും അടിഞ്ഞുകൂടി പക്ഷികൾക്ക് തീറ്റ കിട്ടാത്ത സ്ഥിതിയുണ്ട്.
ആസ്വദിക്കാം അഴിമുഖം
കോഴിക്കോട്, മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന കടലുണ്ടിക്കടവ് അഴിമുഖം പ്രദേശ പ്രധാന ടൂറിസം കേന്ദ്രമായി വളരുകയാണ്. കടലും പുഴയും സംഗമിക്കുന്ന ഈ ഭാഗത്ത് കടലുണ്ടിപ്പാലത്തിനു താഴെയുള്ള പാറക്കൂട്ടം സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ്.
പടിഞ്ഞാറു ഭാഗത്ത് കടലും കിഴക്കു ഭാഗത്ത് കടലുണ്ടിപ്പുഴയും. കടലുണ്ടിക്കടവ് പാലത്തിൽ നിന്നു കടലുണ്ടിയിലെ 2 റെയിൽ പാലങ്ങളും ഒന്നിച്ചു കാണാം.
കണ്ടൽക്കാടുകൾക്ക് ഇടയിലൂടെ ട്രെയിനുകൾ കടന്നു പോകുന്നതു കാണാം.
153 ഹെക്ടറിൽ വ്യാപിച്ചു കിടക്കുന്നതാണ് കടലുണ്ടി കമ്യൂണിറ്റി റിസർവ് മേഖല. ഇവിടെ തഴച്ചു വളരുന്ന കണ്ടലുകൾ സഞ്ചാരികൾക്ക് കാണാനും ആസ്വദിക്കാനും കണ്ടൽ ടൂറിസം സർക്കീറ്റ് പദ്ധതി നടപ്പാക്കണം.
പക്ഷിസങ്കേതം അടുത്തുള്ളതിനാൽ നിലവിൽ കടലുണ്ടിയിൽ യന്ത്രവൽകൃത യാനങ്ങൾക്ക് അനുമതിയില്ല. ഇക്കോ ടൂറിസം കേന്ദ്രത്തിൽ സോളർ എൻജിനുകൾ ഘടിപ്പിക്കുന്ന ചെറിയ ബോട്ടുകൾ വേണം.
ബോട്ട് ജെട്ടി, ശുചിമുറി, ഇരിപ്പിടം, വിശ്രമകേന്ദ്രം, മുലയൂട്ടൽ കേന്ദ്രം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കണം. സഞ്ചാരികൾക്കായി കണ്ടൽ മ്യൂസിയം, ദേശാടനപ്പക്ഷികളുടെ ചിത്രങ്ങളും വിവരണങ്ങളും നൽകുന്ന ഗാലറി, ചിൽഡ്രൻസ് പാർക്ക് ഉൾപ്പെടെ സ്ഥാപിക്കണം.
പി.ശശിധരൻ, കമ്യൂണിറ്റി റിസർവ് തോണി തൊഴിലാളി
അടിസ്ഥാന സൗകര്യം ഒരുക്കണം
അഴിമുഖത്ത് സഞ്ചാരികൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഇതുവരെ ഒരുക്കിയിട്ടില്ല.
എന്നു കയറാനാകും ഗോസായിക്കുന്നിൽ?
മടപ്പള്ളിയിലെ ഗോസായിക്കുന്ന് ജില്ലയിലെ ടൂറിസം ഭൂപടത്തിൽ എന്നെങ്കിലും സ്ഥാനം പിടിക്കുമെന്ന കാത്തിരിപ്പിലാണു പ്രദേശവാസികൾ.
തന്റെ നോവലായ ‘സ്മാരകശിലകളി’ൽ ഗോസായിക്കുന്നിന് ഇടംനൽകിയിട്ടുണ്ട് പുനത്തിൽ കുഞ്ഞബ്ദുള്ള. സ്വകാര്യ വ്യക്തികളിൽനിന്ന് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റി ഈ സ്ഥലം ഏറ്റെടുത്തെങ്കിലും മികവാർന്ന വിനോദ സഞ്ചാര കേന്ദ്രമാക്കുന്നതു വൈകുകയാണ്.
ഇവിടേക്ക് നല്ലൊരു റോഡില്ലെന്നതാണ് പ്രധാന കാരണം.
സമുദ്ര നിരപ്പിൽ നിന്ന് 100 അടി ഉയരത്തിലുള്ള കുന്നിൽ സാമൂഹിക വിരുദ്ധ ശല്യം കൂടിയപ്പേൾ പ്രവേശന മാർഗം മുഴുവൻ അടച്ചിട്ടു. ഇതോടെ കുന്നിന്റെ സൗന്ദര്യം നുകരാൻ ദൂരസ്ഥലങ്ങളിൽ നിന്ന് എത്തുന്നവർക്ക് പോലും കാണാൻ പറ്റാത്ത സ്ഥിതിയായി.
കുന്നിൽ മുകളിൽ കടൽക്കാറ്റേൽക്കാനും ചിന്നിച്ചിതറുന്ന തിരമാല കാണാനും പ്രത്യേക ഭംഗിയാണ്. തട്ടുതട്ടായ കുന്ന് നടന്നുകയറാനും വിശ്രമിക്കാനും പണ്ടുകാലത്ത് ഏറെപ്പേർ എത്തിയിരുന്നു.
സാമൂഹിക വിരുദ്ധ ശല്യം രൂക്ഷമായതോടെ നാട്ടുകാർ ഇടപെട്ടു. തുടർന്ന് കുന്നിലേക്കുള്ള വഴി ഇരുമ്പ് വേലി കെട്ടി അടച്ചു.
ഒഞ്ചിയം – ചോറോട് പഞ്ചായത്തിനെ ബന്ധിപ്പിക്കുന്ന കല്ലാന്റ തോടിന് പാലം പണിയുകയാണ് പ്രധാന ആവശ്യം.
തീര ദേശ റോഡ് പദ്ധതിയിൽപ്പെടുത്തി പാലം വരുന്നത് മത്സ്യത്തൊഴിലാളികൾക്കും ഉപകാരമാകും. വേലിയേറ്റത്തിൽ തോട്ടിൽ വെള്ളം നിറയുമ്പോൾ ഇവർ തോട് നീന്തിക്കടന്നാണ് ചോമ്പാൽ ഹാർബറിലേക്ക് പോവുന്നത്.
ഒന്നരക്കോടി രൂപ ചെലവഴിക്കുന്ന കല്ലിന്റവിട– ഗോസായികുന്ന് റോഡ് പദ്ധതി പ്രധാനമന്ത്രി സഡക്ക് യോജന പദ്ധതിയിൽ അനുമതി കാത്തിരിക്കുകയാണ്. കേളു ബസാർ, കൈനാട്ടി എന്നിവിടങ്ങളിൽ നിന്ന് കുന്നിന്റെ താഴ്വരയിലെത്താം.
വീതി കുറഞ്ഞ ദുർഘട പാതയാണിത്.
2 വാഹനത്തിനു കടന്നു പോകാൻ കഴിയാത്തതു കൊണ്ട് ആരും ഇതു വഴി വരാറില്ല. (തുടരും) … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

