പെട്രോളിലും എഥനോളിലും ഓടിക്കാൻ കഴിയുന്ന ‘ഫ്ളക്സ് ഫ്യുവൽ’ കാറുകളുടെ ചരക്കു സേവന നികുതി (ജിഎസ്ടി) കുറയ്ക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു. അടുത്ത ജിഎസ്ടി കൗൺസിൽ യോഗത്തിൽ ഇതുസംബന്ധിച്ചുള്ള ചർച്ചയുണ്ടാകുമെന്ന് റിപ്പോർട്ട്.
ഇറാൻ യുദ്ധത്തെ തുടർന്ന് ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതി ചെലവ് വർധിച്ചിരുന്നു. ഇതു കുറയ്ക്കുന്നതിന് ബദൽ മാർഗങ്ങൾ കണ്ടെത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി എഥനോൾ ഉപയോഗം വർധിപ്പിക്കാനും സർക്കാർ ആലോചിക്കുന്നുണ്ട്.
നിലവിൽ സാധാരണ കാറുകളേക്കാൾ കൂടുതലാണ് ‘ഫ്ളക്സ് ഫ്യുവൽ’ വാഹനങ്ങൾക്ക് നികുതി നൽകേണ്ടത്.
കോംപൻസേഷൻ സെസ് ഉൾപ്പെടെ ഇത്തരം വാഹനങ്ങൾക്ക് 18-40 ശതമാനം വരെയാണ് നികുതി. ഇത് 5 ശതമാനമായി കുറയ്ക്കണമെന്നാണ് ഈ മേഖലയിലെ കമ്പനികളുടെ ആവശ്യം.
നിർദേശം നടപ്പിലായാൽ ഇത്തരം വാഹനങ്ങളുടെ വില കുത്തനെ കുറയും. കൂടുതൽ പേർ ഇവ സ്വന്തമാക്കാൻ തയാറായി മുന്നോട്ടു വരുമെന്നുമാണ് കണക്കുകൂട്ടൽ. നീക്കം എഥനോൾ ഉൽപാദന മേഖലയ്ക്കും ഗുണം ചെയ്യും.
ഇത്തരം നിർദേശങ്ങൾ സർക്കാരിന് സമർപ്പിച്ചിട്ടുണ്ടെന്നും കൂടിയാലോചനകൾ നടക്കുന്നുണ്ടെന്നുമാണ് വാഹന മേഖലയിലുള്ളവർ പറയുന്നത്.
ഫ്ളക്സ് ഫ്യുവൽ വാഹനങ്ങളുടെ ജിഎസ്ടി 28 ശതമാനത്തിൽ നിന്ന് 12 ശതമാനമാക്കി കുറയ്ക്കണമെന്ന് നേരത്തെ കേന്ദ്രഗതാഗതമന്ത്രി നിതിൻ ഗഡ്കരി ജിഎസ്ടി കൗൺസിലിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ നികുതി അഞ്ച് ശതമാനമാക്കി കുറയ്ക്കണമെന്നാണ് വാഹന വ്യവസായികളുടെ നിലപാട്.
ഇന്ത്യയിൽ ജിഎസ്ടി നിരക്കിൽ മാറ്റം വരുത്താനുള്ള അധികാരം ജിഎസ്ടി കൗൺസിലിനാണ്.
നിലവിൽ അടുത്ത ജിഎസ്ടി കൗൺസിൽ യോഗം നിശ്ചയിച്ചിട്ടില്ല. വിവിധ സംസ്ഥാനങ്ങളിൽ നടക്കുന്ന തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ കൗൺസിൽ യോഗത്തിൽ തീരുമാനമാകുമെന്നാണ് വിവരം.
ആവശ്യം വരുന്നതിന്റെ 80 ശതമാനം ക്രൂഡ് ഓയിലും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ.
രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വിലയിലുണ്ടാകുന്ന മാറ്റങ്ങൾ ഇന്ത്യയുടെ ഇറക്കുമതി ചെലവിനെയും സാരമായി ബാധിക്കും. ക്രൂഡ് ഓയിലിന് ഒരു വർഷത്തെ കാലയളവിൽ ഒരു ഡോളർ വില വർധനയുണ്ടായാൽ ഇന്ത്യയുടെ ഇറക്കുമതി ചെലവ് 16,000 കോടി രൂപ കൂടുമെന്നാണ് കണക്ക്.
കഴിഞ്ഞ സാമ്പത്തിക വർഷം (2025-26) 10,950 കോടി ഡോളറാണ് ഇന്ത്യയ്ക്ക് ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യാൻ ചെലവായത്. എന്നാൽ ബദൽ ഇന്ധനമായി ഉപയോഗിക്കാൻ കഴിയുന്ന എഥനോൾ ഉൽപാദനം ഇന്ത്യയിൽ കൂടുതലുമാണ്.
പുതിയ കണക്ക് പ്രകാരം 1,000 കോടി ലിറ്റർ എഥനോളാണ് രാജ്യത്ത് അധികമായുള്ളത്. ഇത് വാഹനങ്ങളിലും പാചകത്തിനും ഉപയോഗിക്കാനാകുമോയെന്നും സർക്കാർ ആലോചിക്കുന്നുണ്ട്.
വരുമോ ഇ85 പെട്രോൾ
ഇറക്കുമതി ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി 85 ശതമാനം എഥനോളും 15 ശതമാനം പെട്രോളും കലർന്ന ഇന്ധനം കൊണ്ടുവരാനും കേന്ദ്രസർക്കാർ ആലോചിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.
2025 മുതൽ രാജ്യത്ത് വിൽക്കുന്ന പെട്രോളിൽ 20 ശതമാനം എഥനോളാണ് വിൽക്കുന്നത്. ഇതിലൂടെ ഇന്ധന ഇറക്കുമതിയിൽ കോടികൾ ലാഭിക്കാനായെന്നാണ് കേന്ദ്രത്തിന്റെ കണക്ക്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

