കൊച്ചി ∙ മത്സ്യത്തിന്റെ ആഹാര ശൃംഖലയിൽപ്പെട്ട സമുദ്രത്തിലെ സൂക്ഷ്മ ആൽഗകളിൽ ചിലയിനങ്ങൾ ഉൽപാദിപ്പിക്കുന്ന വിഷാംശം മീനിൽ വിഷാംശത്തിനു കാരണമാകുന്നതായി സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയുടെ (സിഫ്ട്) പഠനം.
വിഴിഞ്ഞത്ത് ഹോട്ടലിൽ നിന്നു കടൽ വിഭവങ്ങൾ കഴിച്ചതിനെ തുടർന്ന് ഒരു കുടുംബത്തിലെ രണ്ടു പേർ മരിക്കാനിടയായ സാഹചര്യത്തിലാണു പഠനം നടത്തിയത്.
ഇത്തരം ആൽഗകളെ നേരിട്ട് അകത്താക്കുന്ന മത്സ്യത്തിലും ഇവയെ ഭക്ഷിക്കുന്ന വലിയ മത്സ്യങ്ങളിലും കല്ലുമ്മക്കായ, കക്ക തുടങ്ങി ഷെൽഫിഷുകളിലും വിഷാംശം എത്താം. മണത്തിലോ രുചിയിലോ മാറ്റം ഇല്ലാത്തതിനാൽ പാചകം ചെയ്യുമ്പോഴും കഴിക്കുമ്പോഴും തിരിച്ചറിയാൻ കഴിയില്ല.
മത്സ്യം കറി വച്ചാലും വറുത്താലും ഈ വിഷാംശം ഒഴിവാക്കാനാകാത്തതിനാൽ സംശയകരമായ മേഖലകളിലും സാഹചര്യങ്ങളിലും ഇടയ്ക്കിടെ പരിശോധന ആവശ്യമാണെന്നു റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
‘ആൽഗൽ ബ്ലൂം’ സംഭവിച്ച ശേഷമാണു സാധാരണ ഇത്തരം മലിനീകരണം ശ്രദ്ധിക്കപ്പെടുന്നത്. എന്നാൽ ചില സാഹചര്യങ്ങളിൽ ആൽഗകളുടെ സാന്ദ്രത കുറഞ്ഞിരിക്കുമ്പോഴും ടോക്സിസിറ്റി സംഭവിക്കാം.
മാത്രമല്ല, ഒരേ സ്ഥലത്തു നിന്നു പിടിച്ച മീനുകളിൽ പോലും വിഷാംശത്തിന്റെ തോത് വ്യത്യസ്തമാകാം.
പവിഴപ്പുറ്റ് മേഖലകളിൽ നിന്നുള്ള വലിയ മീനുകളിലും, ആൽഗൽ ബ്ലൂം സാധ്യതാ മേഖലകളിലെ മീനുകളിലും ഇടയ്ക്കിടെ പരിശോധന വേണം. ഷെൽ ഫിഷ് പോയ്സനിങ് ഒഴിവാക്കാൻ ചിപ്പി, കക്ക ഇനങ്ങളിലും കൃത്യമായ ഇടവേളകളിൽ പരിശോധന ഉചിതമാകും.
സിഫ്ടിലെ ക്വാളിറ്റി അഷ്വറൻസ് ആൻഡ് മാനേജ്മെന്റ് ഡിവിഷനാണു മത്സ്യത്തിന്റെ ഗുണനിലവാരവും സുരക്ഷയും സംബന്ധിച്ച ഗവേഷണ പഠനങ്ങൾ നടത്തിയത്.
മുൻകരുതലെടുക്കാം
മത്സ്യം എവിടെ നിന്നു വരുന്നു എന്നുറപ്പുള്ള വിൽപനക്കാരിൽ നിന്നു മാത്രം വാങ്ങുക. കടലിൽ ആൽഗകൾ പെരുകുന്ന സമയങ്ങളിൽ മീൻമുട്ട, കരൾ, വലിയ മത്സ്യങ്ങളുടെ തല, വാൽ ഭാഗങ്ങൾ ഒഴിവാക്കുന്നതാണു സുരക്ഷിതം.
കടൽ വിഭവങ്ങൾ കഴിച്ച ശേഷം വായയ്ക്കു ചുറ്റും തരിപ്പ്, തലകറക്കം, തളർച്ച, ഛർദി തുടങ്ങി ശാരീരിക ബുദ്ധിമുട്ടുകൾ തോന്നിയാൽ ഉടൻ വൈദ്യസഹായം തേടണം.
അലർജി ഉള്ളവർ ജാഗ്രത പുലർത്തണം. ചെമ്മീൻ, ഞണ്ട്, കക്ക, മത്സ്യം എന്നിവ കഴിക്കുമ്പോൾ ദേഹത്തു ചുവന്ന പാടുകളോ ചൊറിച്ചിലോ ശ്വസന, ദഹന സംബന്ധമായ ബുദ്ധിമുട്ടുകളോ അലർജിയുടെ ലക്ഷണമായി ഉണ്ടാകാം.
ഇങ്ങനെ വന്നാൽ ഉടൻ വൈദ്യസഹായം തേടണം. അലർജിക്കു കാരണമായ ആഹാരം വീണ്ടും കഴിക്കുന്നത് ഒഴിവാക്കണം.
ബയോമാഗ്നിഫിക്കേഷൻ
ചിലയിനം സൂക്ഷ്മ സസ്യങ്ങൾ ഉൽപാദിപ്പിക്കുന്ന വിഷാംശം ഭക്ഷ്യ ശൃംഖലയിലൂടെ ചെറുമീനുകൾ വഴി വൻമീനുകളിലേക്ക് എത്തുമ്പോൾ സാന്ദ്രതയേറുന്ന ‘ബയോമാഗ്നിഫിക്കേഷൻ’ പ്രക്രിയയാണു മത്സ്യത്തിൽ വിഷബാധയ്ക്കു കാരണം.
കടലിലെ താപനില വ്യതിയാനവും ആൽഗകളുടെ അമിതമായ വളർച്ചയും ഇത്തരം വിഷാംശം വർധിക്കാൻ കാരണമാകും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

