ഇലന്തൂർ ∙ ഗ്രാമം പ്രാർഥനയോടെ കാത്തിരുന്നതിനു ഫലമുണ്ടായി, വാര്യാപുരം വേലൻപറമ്പിൽ ലക്ഷ്മിപ്രിയയുടെ (12) കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായി. ബെംഗളൂരുവിലെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ.
കരൾ ലഭിക്കുമെന്ന പ്രതീക്ഷയിൽ കഴിഞ്ഞ നാല് മാസമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം 20 വയസ്സ് പ്രായമുള്ള ഒരു കുട്ടിയുടെ കരൾ ലഭ്യമാവുകയും മാച്ച് ചെയ്യുകയും ചെയ്തതോടെ ശസ്ത്രക്രിയയ്ക്ക് വഴി തെളിയുകയായിരുന്നു. ഇന്നലെ രാവിലെ 6 മണിയോടെ ആരംഭിച്ച ശസ്ത്രക്രിയ 8 മണിക്കൂർ നീണ്ടു.
ലക്ഷ്മിപ്രിയ ആരോഗ്യവതിയാണെന്നു ഡോക്ടർമാർ അറിയിച്ചു.
ജന്മനാ കരൾ രോഗിയായ ലക്ഷ്മിപ്രിയ തിരുവനന്തപുരം മെഡിക്കൽ കോളജ്, ശ്രീചിത്ര മെഡിക്കൽ സയൻസ് എന്നീ ആശുപത്രികളിലായി കഴിഞ്ഞ 12 വർഷമായി ചികിത്സ നടത്തി വരികയായിരുന്നു. രോഗം മൂർഛിച്ചതോടെ കരൾ മാറ്റിവയ്ക്കൽ മാത്രമാണ് പ്രതിവിധിയെന്നു ഡോക്ടർമാർ നിർദേശിച്ചിരുന്നു.
പിതാവ് ദീപു വാര്യാപുരം ജംക്ഷനിൽ ഓട്ടോറിക്ഷ തൊഴിലാളിയാണ്.
മാതാവ് ആസ്മ രോഗിയും. ശസ്ത്രക്രിയയ്ക്കും തുടർ ചികിത്സയ്ക്കുമായി 50 ലക്ഷത്തിലധികം രൂപ ആവശ്യമായിരുന്നു .
ഈ വലിയ തുക കണ്ടെത്താൻ സാമ്പത്തിക ശേഷിയില്ലാതെ കുടുംബം വലഞ്ഞപ്പോൾ ഇലന്തൂർ ജനകീയ സമിതിയാണു സഹായഹസ്തം നീട്ടിയത്. സമിതിയുടെ നേതൃത്വത്തിൽ പൊതുജന പങ്കാളിത്തത്തോടെ ആരംഭിച്ച ധനശേഖരണം വഴി ശസ്ത്രക്രിയയ്ക്കുള്ള പണം കണ്ടെത്തി.
ലക്ഷ്മിപ്രിയ പഠിക്കുന്ന പത്തനംതിട്ട മാർത്തോമ്മാ ഹയർ സെക്കൻഡറി സ്കൂൾ 33 ലക്ഷം രൂപ സമാഹരിച്ചു.
ഓട്ടോറിക്ഷകളും സ്വകാര്യ ബസുകളും കാരുണ്യ യാത്രകൾ നടത്തി ധനശേഖരണത്തിൽ പങ്കാളിയായി.
പഞ്ചായത്ത് അംഗങ്ങൾ, വിവിധ രാഷ്ട്രീയ പാർട്ടികൾ, കുടുംബശ്രീകൾ, പൊതു പ്രവർത്തകർ എന്നിവരും കരുതൽ പ്രവർത്തനത്തിന്റെ ഭാഗമായി. ജനകീയ സമിതി പ്രസിഡന്റ് എം.ബി.സത്യൻ, ജനറൽ സെക്രട്ടറി സാം ചെമ്പകത്തിൽ, ട്രഷറർ പി.എം.ജോൺസൺ, കൺവീനർ സാം മാത്യു, വിത്സൺ ചിറക്കാല, സജി തെക്കുംകര തുടങ്ങിയവർ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

